അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 12
ചിലിയിലെ വി. തെരേസ (1900-1920)

ലോകത്തിനു മുന്നില്‍ തന്റേതായ വ്യക്തിമുദ്ര പതിപിക്കാന്‍ ഏറെ വര്‍ഷമൊന്നും ജീവിച്ചിരിക്കേണ്ടതില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് വി. തെരേസയുടെ ജീവിതകഥ. ചിലിയിലെ ഒറു ചെറിയ ഗ്രാമത്തില്‍ 1900ലാണ് തെരേസ ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം ഫ്രാന്‍സിലെ കൊച്ചുത്രേസ്യപുണ്യവതിയുടെ ആത്മകഥ വായിക്കാന്‍ തെരേസയ്ക്കിട വന്നു. ആ വിശുദ്ധയുടെ ജീവിതകഥ അവളുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. കൊച്ചുത്രേസ്യപുണ്യവതിയെ പോലെ തന്റെ ജീവിതവും യേശുവിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് അവള്‍ തീരുമാനിച്ചു. 19-ാം വയസില്‍ തെരേസ കര്‍മലീത്ത സഭയില്‍ കന്യാസ്ത്രീയായി. പ്രാര്‍ഥനയും ത്യാഗവുമായിരുന്നു തെരേസയുടെ മാര്‍ഗം. ''എന്റെ ആരംഭവും എന്റെ അവസാനവും ഈശോയാണ്. ഞാന്‍ അങ്ങയുടേതാണ്''- മരിക്കും മുന്‍പ് തന്റെ ഡയറിയില്‍ തെരേസ എഴുതി. കത്തുകളെഴുതിയാണ് കൂടുതല്‍ സമയവും തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. ഒട്ടെറെ ആളുകളെ കത്തുകളിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇരുപതാം വയസില്‍ തെരേസയെ ടൈഫോയ്ഡ് ബാധിച്ചു. വലിയ ആഴ്ചയിലെ ഒരു ദിവസം അവര്‍ മരിച്ചു. ചിലിയിലെ ആദ്യത്തെ വിശുദ്ധയാണ് വി. തെരേസ. ഇരുപതാം വയസില്‍ ടൈഫോയ്ഡ് ബാധിച്ചു മരിച്ച തെരേസയുടെ ശവകുടീരം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് ഒരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്. തെരേസയുടെ മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിച്ച ആയിരക്കണക്കിനാളുകള്‍ ഇപ്പോഴുമുണ്ട്.
Curtsy : Manuel George @ Malayala Manorama