അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 4
സെന്റ് ബെനഡിക്ട് (1526-1589)

നീഗ്രോവംശജനായിരുന്ന സെന്റ് ബെനഡിക്ട് കുഞ്ഞുനാള്‍ മുതല്‍ തന്നെ വലിയ ദൈവവിശ്വാസിയായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി അതിതീവ്രമായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി സേവനം ചെയ്യുകയുമായിരുന്നു ബെനഡിക്ടിന്റെ പ്രധാന ജോലി. എല്ലാ ദിവസവും മണിക്കൂറുകളോളം മുട്ടുകുത്തി നിന്നു ബെനഡിക്ട് പ്രാര്‍ഥിക്കുമായിരുന്നു. ബെനഡിക്ടിന്റെ ഈ ശീലം മൂലം അദ്ദേഹത്തിന് ധാരാളം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍, ബെനഡിക്ടിന്റെ സമപ്രായക്കാരായ സുഹൃത്തുക്കളുടെ പരിഹാസം വകവയ്ക്കാതെ അദ്ദേഹം പ്രാര്‍ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ''മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കെതിരായി പലതരത്തിലുള്ള അപവാദങ്ങള്‍ പരത്തുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്‍മാരാകുന്നു. അപ്പോള്‍ നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും. '' (മത്തായി 5: 11,12) യേശുവിന്റെ ഈ വാക്കുകളായിരുന്നു ബെനഡിക്ടിന്റെ ശക്തി. യേശുവിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നു തീരുമാനിച്ച ബെനഡിക്ട് സന്യാസജീവിതം ആരംഭിച്ചു. ബെനഡിക്ടിനെ കാണാനും അനുഗ്രങ്ങള്‍ യാചിക്കുവാനുമായി നിരവധി പേര്‍ വന്നുകൊണ്ടേയിരുന്നു. ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം ബെനഡിക്ട് വഴിയായി പ്രവര്‍ത്തിച്ചു. ബെനഡിക്ടിന്റെ മരണശേഷം അദ്ദേഹത്തി്‌ന്റെ ശവകുടീരത്തില്‍ നിന്നും ധാരാളം അദ്ഭുതങ്ങളുണ്ടായി. ബെനഡിക്ടിന്റെ മരണശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ കല്ലറ തുറന്നു. പക്ഷേ, അപ്പോഴും മൃതദേഹം അഴുകിയിരുന്നില്ല.
Curtsy : Manuel George @ Malayala Manorama