അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 6
പീയറീന മോറോസിനി (1931-1957)

'അക്രമവും ചതിയും നിറഞ്ഞ ആധുനിക ലോകത്തിലെ വിശുദ്ധിയുടെ അടയാളമാണ് പീയറീന മോറോസിനി' എന്നാണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ വിശുദ്ധയെ വിശേഷിപ്പിച്ചത്. 1957ല്‍ ഇറ്റലിയില്‍ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട ഈ ഇരുപത്തിയാറുകാരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു പോപ്പ് ഈ വിശേഷണം അവര്‍ക്കു കൊടുത്തത്. ഇറ്റലിയിലെ ബെര്‍ഗാമോ രൂപതയിലുള്ള ഒരു കുടുംബത്തിലെ ദരിദ്രരായ മാതാപിതാക്കളുടെ എട്ടു മക്കളില്‍ ഒരുവളായി 1931 ലാണ് പീയറീന ജനിച്ചത്. കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനു വേണ്ടി പതിനഞ്ചാം വയസില്‍ ഒരു നെയ്ത്തുശാലയില്‍ അവള്‍ ജോലിക്കു പോയിത്തുടങ്ങി. ചെറുപ്രായം മുതലെ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു അവര്‍. വില പിടിച്ച വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നെങ്കിലും അതിനെക്കാളൊക്കെ വിലപിടിച്ചതായി അവള്‍ കണ്ടത് തന്റെ കന്യകാത്വമായിരുന്നു. ഒരു കന്യകയായി എന്നും ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. എട്ടു മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടി കുടുംബഭാരം പകുതി ഏറ്റെടുത്തതിനാല്‍ മഠത്തില്‍ ചേര്‍ന്നു കന്യകാസ്ത്രീയാകാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും മതാധ്യാപികയായും സാമൂഹിക പ്രവര്‍ത്തകയായും അവള്‍ പ്രവര്‍ത്തിച്ചു. ജോലിയുടെ ഇടവേളകളില്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പീയറിന സമയം കണ്ടെത്തി. പീയറീനയ്ക്കു 26 വയസു പ്രായമുള്ളപ്പോള്‍ ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വീട്ടിലെത്തിയപ്പോള്‍ കാമഭ്രാന്തനായ ഒരു മനുഷ്യന്‍ അവളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. അവള്‍ വഴങ്ങിയില്ലഫ. പലവിധ പ്രലോഭനങ്ങള്‍ കൊണ്ട് അയാള്‍ അവളെ വശീകരിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാനഭംഗപ്പെടുത്തിയ ശേഷം അവളെ കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഒരു തരത്തില്‍ പിയറീനയുടെ ജീവിതം. മരിയയെ പോലെ കാമഭ്രാന്തനായ മനുഷ്യനാല്‍ പിയറീനയും കൊല്ലപ്പെട്ടു. പിയറീനയുടെ വിശുദ്ധമായ ജീവിതത്തെ ഏവരും അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഇറ്റലി കണ്ട ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങായിരുന്നു അവളുടേത്. തന്റെ ചാരിത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയറീനയെ മാനംഭംഗത്തിനിരയാകുന്നവരുടെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.
Curtsy : Manuel George @ Malayala Manorama