അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 9
ക്ലെയോഫോസിന്റെ ഭാര്യയായ വി. മറിയം

യേശുവിന്റെ കുരിശുമരണത്തിനും പുനരുദ്ധാനത്തിനും സാക്ഷ്യം വഹിച്ച വിശുദ്ധയാണ് വി. മറിയം. യേശുവിന്റെ മാതൃസഹോദരി യെന്നാണ് ബൈബിളില്‍ മറിയത്തെ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ മരണത്തിനു സാക്ഷികളായ മൂന്നു 'മറിയ'മാരെ പറ്റി ബൈബിളില്‍ പറയുന്നുണ്ട്. 1. കന്യകാമറിയം. 2. മഗ്ദലേന മറിയം. 3. ക്ലെയോഫോസിന്റെ ഭാര്യയും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയുമായ മറിയം. യാക്കോബിന്റെ അമ്മയും ക്ലെയോഫോസിന്റെ ഭാര്യയുമായ മറിയത്തിന്റെ ഓര്‍മദിവസമാണ് ഏപ്രില്‍ ഒന്‍പതിന് ആചരിക്കുന്നത്. ബൈബിളില്‍ യേശുവിന്റെ കുരിശുമരണം വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്ലെയോഫോസിന്റെ ഭാര്യയായ മറിയത്തെ പറ്റി പറയുന്നുണ്ട്. ''ഈശോയുടെ കുരിശിന്റെ സമീപം അവിടുത്തെ അമ്മയും മാതൃസഹോദരിയും ക്ലെയോഫോസിന്റെ ഭാര്യയായ മറിയവും മഗ്ദലനാമറിയവും നിന്നിരുന്നു. '' (യോഹന്നാന്‍ 19:25) ''ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കുറെ സ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു (മര്‍ക്കോസ് 15:40) ''ഗലീലിയോ മുതല്‍ ഈശോയെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടെറെ ഭക്തസ്ത്രീകള്‍ ഇവയെല്ലാം നോക്കിക്കൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലേന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീ പുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.'' (മത്തായി 27:55, 56) മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം ഒന്നാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. ''ശാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ശാലോമിയും അവിടുത്തെ മൃതശരീരം പൂശേണ്ടതിനു സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. പിന്നീട് യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ഇവര്‍ എത്തിയപ്പോള്‍ കല്ലറ തുറന്നുകിടന്നതായും അതില്‍ യേശുവിന്റെ ശരീരം ഇല്ലായിരുന്നതായും കാണപ്പെട്ടു.'' ഈശോമിശിഹായുടെ ഉയര്‍പ്പിന് ആദ്യ സാക്ഷികളായവരില്‍ ഈ മറിയവും ഉണ്ടായിരുന്നുവെന്ന് ഈ വാക്യത്തില്‍ നിന്നു മനസിലാക്കാം. യേശുവിന്റെ അമ്മയായ കന്യാമറിയവുമായി ഈ മറിയത്തിനുള്ള ബന്ധത്തെ പറ്റി പല തര്‍ക്കങ്ങളും പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശുവിന്റെ മാതൃസഹോദരിയാണ് ക്ലെയോഫോസിന്റെ അമ്മയായ മറിയമെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നു. യൗസേപ്പ് പിതാവിന്റെ സഹോദരനായിരുന്നു ക്ലെയോഫോസ് എന്നു ചില രേഖകളില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ എന്നര്‍ഥത്തിലാവും കന്യകാമറിയത്തിന്റെ സഹോദരി എന്നു മറിയത്തെ വിശേഷിപ്പിക്കുന്നതെന്നു കരുതണം. യേശുവിന്റെ മരണശേഷം മറിയം സ്‌പെയിനിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി പോകുകയും ഒട്ടെറെ പേരെ യേശുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്തു. സ്‌പെയിനില്‍ വച്ചു തന്നെ മറിയം മരിച്ചു. യേശുവിനെയും തന്റെ മക്കളായ യൗസേപ്പ്, യാക്കോബ് തുടങ്ങിയവരെയും മടിയില്‍ വച്ചിരിക്കുന്ന വി. മറിയത്തിന്റെ ചിത്രം വളരെ പ്രശസ്തമാണ്.
Curtsy : Manuel George @ Malayala Manorama