അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 10
രക്തസാക്ഷിയായ വി. ലോറന്‍സ് ( മൂന്നാം നൂറ്റാണ്ട്)

റോം എന്ന മഹാനഗരത്തെ യേശുവിന്റെ പാതയിലേക്ക് വഴിതിരിച്ചു വിട്ട വിശുദ്ധനാണ് മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച വി. ലോറന്‍സ്. ആദിമസഭയുടെ നാളുകളില്‍ ക്രൈസ്തവര്‍ അനുഭവി ച്ചിരുന്ന പീഡനങ്ങളും ക്ലേശങ്ങളും മനസിലാക്കാന്‍ ഈ വിശുദ്ധന്റെ ജീവിതം മനസിലാക്കിയാല്‍ മതി. റോമിലെ ആര്‍ച്ച് ഡീക്കന്‍ പട്ടം വഹിച്ചിരുന്ന യുവാവായിരുന്നു ലോറന്‍സ്. സിക്‌സ്റ്റസ് ദ്വിതീയനാ യിരുന്നു ആ സമയത്ത് മാര്‍പാപ്പ. സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതടക്കമുള്ള ചുമതല കള്‍ മാര്‍പാപ്പ ലോറന്‍സിനായിരുന്നു നല്‍കിയിരുന്നത്. എ.ഡി. 257 ല്‍ റോമിലെ ചക്രവര്‍ത്തി യായിരുന്ന വലേരിയന്റെ ഉത്തരവ് അനുസരിച്ചു മാര്‍പാപ്പ തടവിലാക്കപ്പെട്ടു. മാര്‍പാപ്പയെയും മറ്റു ആറു പേരെയും കൊലക്കളത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ലോറന്‍സ് പിന്നാലെ കരഞ്ഞുകൊണ്ടെത്തി. ''ഇത്രയും നാള്‍ താങ്കള്‍ അര്‍പ്പിച്ച എല്ലാ ബലികളിലും ഞാനും പങ്കുചേര്‍ന്നു. ഇപ്പോള്‍ മഹനീയമായ അന്തിമബലി ഏറ്റുവാങ്ങാന്‍ എന്നെ കൊണ്ടു പോകാത്ത തെന്ത്?'' മാര്‍പാപ്പ അവനെ ആശ്വസിപ്പിച്ചു. നാലു ദിവസങ്ങള്‍ക്കുള്ളില്‍ രക്തസാക്ഷിയാകാന്‍ ലോറന്‍സിനും അവസരം കിട്ടുമെന്ന് അദ്ദേഹം പ്രവചിച്ചു. ഈ ചുരുങ്ങിയ സമയം കൊണ്ട് പല കാര്യങ്ങളും ചെയ്യാനുണ്ടെന്ന് ലോറന്‍സ് തീരുമാനിച്ചു. റോമന്‍ ഭരണാധികാരികള്‍ പിടിച്ചെടുക്കു ന്നതിനു മുന്‍പ് സഭയുടെ എല്ലാ സ്വത്തുക്കളും പാവപ്പെട്ടവര്‍ക്ക് അദ്ദേഹം വിതരണം ചെയ്തു. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോള്‍ സഭയുടെ എല്ലാ സ്വത്തുക്കളുമായി കീഴടങ്ങാന്‍ ലോറന്‍സിനോട് റോമന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടു. ലോറന്‍സ് അവരുടെ മുന്നിലേക്ക് കടന്നു ചെന്നു. പിന്നാലെ, നിരാലംബരും രോഗികളും അന്ധരുമായ ഒരു പറ്റം ജനങ്ങളും. സമൂഹത്തിലെ വിശക്കുന്നവരും വേദനിക്കുന്നവരുമായ അവരെ ചൂണ്ടിക്കാട്ടി ലോറന്‍സ് പറഞ്ഞു: ''ഇതാ, ഇവരാണ് ക്രൈസ്തവ സഭയുടെ സ്വത്ത്.'' ക്ഷുഭിതനായ ന്യായാധിപന്‍ ലോറന്‍സിനെ വധിക്കാന്‍ ഉത്തരവിട്ടു. ഒരു ഇരുമ്പുപലകയില്‍ ലോറന്‍സിനെ കിടത്തിയിട്ട് കീഴെ തീ കൊടുത്തു. ചട്ടിയിലിട്ടു വറുത്തെടുക്കുന്നതു പോലെ ക്രൂരമായ രീതിയില്‍ ലോറന്‍സ് വധിക്കപ്പെട്ടു. എന്നാല്‍, നിശബ്ദനായി പ്രാര്‍ഥനയോടെ തന്റെ മരണത്തെ അദ്ദേഹം സ്വീകരിച്ചു. ലോറന്‍സിന്റെ മരണം റോം മുഴുവന്‍ ചര്‍ച്ചാവിഷയമായി. നിരവധിപേര്‍ ഈ സംഭവത്തെത്തുടര്‍ന്ന് യേശുവിന്റെ വഴിയിലേക്ക് വന്നു. അവര്‍ക്കെല്ലാം മാതൃകയായത് ലോറന്‍സിന്റെ ജീവിതമായിരുന്നു. ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ സമൂഹത്തിന് ലോറന്‍സിന്റെ സംഭാവന എത്ര വലുതായിരുന്നുവെന്ന് ഓര്‍ക്കാന്‍ കഴിയണം.
Curtsy : Manuel George @ Malayala Manorama