അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 26
വി. അഡ്രിയാന്‍ (മൂന്നാം നൂറ്റാണ്ട്)

ക്രൈസ്തവനാകാതെ തന്നെ വിശുദ്ധപട്ടം ലഭിച്ച അഡ്രിയാന്‍ നികോമെഡിയായില്‍ ചക്രവര്‍ത്തിയുടെ വിചാരണകോടതിയിലെ അംഗരക്ഷകനായിരുന്നു. അക്രൈസ്തവ മതത്തില്‍ വിശ്വസിച്ചിരുന്ന അഡ്രിയാന്‍ യേശുവിനെ കുറിച്ച് ഒരിക്കല്‍ പോലും കേട്ടിരുന്നില്ല. ക്രൈസ്തവ മത അതിന്റെ ആരംഭഘട്ടത്തിലായിരുന്നു. ക്രിസ്തു വിന്റെ അനുയായികളാണ് എന്നറിഞ്ഞാല്‍ മരണശിക്ഷ കിട്ടുന്ന കാലം. ക്രിസ്ത്യാനികളെ ചക്രവര്‍ത്തി കൂട്ടത്തോടെ മരണശിക്ഷ യ്ക്കു വിധിക്കുമായിരുന്നു. എങ്കിലും രഹസ്യമായി ഒത്തുചേര്‍ന്ന് ക്രൈസ്തവര്‍ പ്രാര്‍ഥിക്കുകയും വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തുപോന്നു. കോടതിയില്‍ അംഗരക്ഷകനായി ജോലി ആരംഭിച്ചതോടെ അഡ്രിയാന്‍ യേശുവിന്റെ നാമം കേട്ടുതുടങ്ങി. അവിടെ വിചാരണയ്ക്ക് കൊണ്ടുവന്നിരുന്ന ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ശക്തി അഡ്രിയാന് അദ്ഭുതകമായി തോന്നി. യേശുവിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞാല്‍ മരണശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. എന്നാ ല്‍ച്ച ക്രിസ്തുവിന്റെ അനുയായികളാരും അതിനു തയാറായില്ല. ക്രൂരമായ പീഡനങ്ങളെ അവര്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. യേശുവിനെ തള്ളിപ്പറയുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് സന്തോഷത്തോടെ മരണം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ അഡ്രിയാന്‍ കണ്ടു. എന്തോ ഒരു ശക്തി തന്നിലേക്ക് പ്രവഹിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. 'ഇതാ ഞാനും യേശുവെന്ന ആ ദിവ്യപുരുഷന്റെ വിശ്വാസിയായി രിക്കുന്നു.'' കോടതി മുറി ഒരു നിമിഷം നിശ്ശബ്ദമായി. ഉടന്‍ തന്നെ അഡ്രിയാനെ പടയാളികള്‍ വളഞ്ഞു. ക്രൂരമായ മര്‍ദനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം തടവിലാക്കപ്പെട്ടു. അഡ്രിയാന്റെ ഭാര്യ നടാലിയ വേഷം മാറി തടവറയില്‍ എത്തുമായിരുന്നുവെന്നും അഡ്രിയാനെയും മറ്റു ക്രൈസ്തവ തടവുകാരെയും ശുശ്രൂഷിക്കുമായിരുന്നുവെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. എ.ഡി. 304 സെപ്റ്റംബര്‍ എട്ടാം തീയതി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. പടയാളികള്‍ അഡ്രിയാന്റെ മൃതദേഹം മറ്റുള്ള വയ്‌ക്കൊപ്പം കൂട്ടിയിട്ടു കത്തിച്ചു. നടാലിയ ദൂരെ നിന്ന് ഇത് കാണുന്നുണ്ടായിരുന്നു. പടയാളികള്‍ തിരികെ പോയപ്പോള്‍ ഒരു വലിയ കാറ്റടിക്കുകയും തീയണയുകയും ചെയ്തു. നടാലിയ ഓടി ചെന്നപ്പോള്‍ അഡ്രിയാന്റെ കൈ അഗ്നിക്കിരയായില്ലെന്നു കണ്ട് അത് അടര്‍ത്തിയെടുത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ കൊണ്ടു പോയി യഥാവിധം സംസ്‌കരിച്ചു.
Curtsy : Manuel George @ Malayala Manorama