അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 17
വി. ഒളിംപ്യസ് (368-410)

കോണ്‍സ്റ്റാന്റിനോപ്പിളിലെ അതിസമ്പന്നമായ കുടുംബത്തിലാണ് ഒളിംപ്യസ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായതിനാല്‍ ബന്ധുവായ പ്രോകോപിയസിന്റെ സംരക്ഷണ യിലാണ് അവള്‍ വളര്‍ന്നത്. വിശുദ്ധയായ ആംബിലേഷ്യസിന്റെ സഹോദരിയായ തിയോഡീഷ്യയായിരുന്നു അവളുടെ വളര്‍ത്തമ്മ. ഭക്തയായ തിയോജീഷ്യ ഒളിംപ്യസിന്റെ വിശ്വാസജീവിതത്തെ ശക്തമായി പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിവാഹപ്രായമെത്തുന്നതിനു മുന്‍പു തന്നെ ചക്രവര്‍ത്തിയുടെ ഖജാന്‍ജിയായ നെബ്രീദിയൂസ് എന്ന യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ ദാമ്പത്യജീവിതത്തിനു 20 ദിവസത്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു ള്ളു. വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം നെബ്രീദിയൂസ് മരിച്ചു. സുന്ദരിയായിരുന്നതിനാല്‍ നിരവധി വിവാഹ ആലോചനകള്‍ അവള്‍ക്കു വന്നുകൊണ്ടേയിരുന്നു. ചക്രവര്‍ത്തി തന്നെ അവള്‍ക്കുവേണ്ടി വിവാഹാലോചന കൊണ്ടുവന്നു. എന്നാല്‍, എല്ലാ വിവാഹമോഹികളെയും അവള്‍ തള്ളിക്കളഞ്ഞു. തന്റെ ജീവിതം പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവാന്‍ അവള്‍ തീരുമാനിച്ചിരുന്നു. കഠിനമായ ജീവിതരീതികള്‍ അവള്‍ സ്വീകരിച്ചു. ഉപവാസവും പ്രാര്‍ഥനയും അവള്‍ക്ക് എല്ലാറ്റിനും കരുത്തേകി. എളിമയും ശാന്തതയും സഹജീവികളോടുള്ള കരുണയും ഒളിംപ്യസിന്റെ എടുത്തുപറയേണ്ട സ്വഭാവസവിശേഷതകളാണ്. തന്റെ പേരിലുള്ള സകല സ്വത്തുക്കളും അവള്‍ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തു. പാവപ്പെ ട്ടവര്‍ക്കായി ഒരു വലിയ ആശുപത്രിയും അനാഥാലയവും ഒളിംപ്യസ് പണിതു. വിശുദ്ധനായ ജോണ്‍ ക്രിസോസ്റ്റമായിരുന്നു (സെപ്റ്റംബര്‍ 13ലെ വിശുദ്ധന്‍) ഒളിംപ്യസിന്റെ ആധ്യാത്മിക ഉപദേഷ്ടാവും സുഹൃത്തും. വി. ജോണിന്റെ കര്‍ശനമായ ഭാഷയിലുള്ള വിമര്‍ശനവും അഴിമതി ക്കെതിരെയുള്ള പോരാട്ടവും പ്രഭുക്കന്‍മാരുടെയും ചില പുരോഹിതന്‍മാരുടെയും ഉറക്കം കെടു ത്തിയിരുന്നു. അവരുടെ ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം നാടുകടത്തപ്പെട്ടു. ക്രിസോസ്റ്റ ത്തിന്റെ എതിരാളിയായിരുന്ന അര്‍സാസിയൂസ് മെത്രാന്‍ ഒളിംപ്യസിനെയും ദ്രോഹിച്ചു. അവളുടെ ആശ്രമത്തിനു വലിയൊരു തുക പിഴയിട്ടു. ഒളിംപ്യസ് സ്ഥാപിച്ച മഠത്തിലെ സന്യാസിനികളെ അവിടെനിന്ന് ഇറക്കിവിടുക പോലും ചെയ്തു. 42-ാം വയസില്‍ ഒളിംപ്യസ് മരിച്ചു.
Curtsy : Manuel George @ Malayala Manorama