അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 20
വി. ഡൊമിനിക് (1000-1073)

സ്‌പെയിനിലെ നവേറയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ഡൊമിനിക് ജനിച്ചത്. ബാല്യകാലം വേദനകളുടെയും കഷ്ടപ്പാടു കളുടെയുമായിരുന്നു. എന്നും ആടുകളെ മേയ്ക്കാനായി മല മുകളിലേക്ക് പോകും. അവിടെ ഏകാന്തതയില്‍ ആടുകളെയും നോക്കി ഇരിക്കുമ്പോള്‍ ഡൊമിനിക് സംസാരിച്ചിരുന്നത് ദൈവവു മായായിരുന്നു. ആടുകള്‍ തീറ്റതേടി അലയുമ്പോള്‍ എവിടെയെങ്കിലു മിരുന്നു പ്രാര്‍ഥിക്കുകയാവും ഡൊമിനിക് ചെയ്യുക. ആ പ്രാര്‍ഥന കളിലൂടെ അവന്റെ വേദനകള്‍ക്ക് ആശ്വാസം ലഭിച്ചു. തന്റെ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കണമെന്ന തീരുമാനം ഡൊമിനിക് എടുക്കുകയും വൈകാതെ ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേരുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ള പട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ മഠാധിപതിയായി. നവേരയിലെ രാജാവായിരുന്ന ഗാര്‍സിയ മൂന്നാമന്‍ ആശ്രമത്തിന്റെ കുറെ സ്ഥലം വിട്ടുകൊടു ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു ഡൊമിനിക് നിരസിച്ചതോടെ രാജാവു പ്രതികാരനടപടികള്‍ തുടങ്ങി. ഡൊമിനിക്കിനെയും ആശ്രമത്തിലെ മറ്റു രണ്ടു സന്യാസിമാരെയും സൈനികര്‍ പിടിച്ചുകെട്ടി. പിന്നീട് ഇവരെ നാടുകടത്തി. ഓള്‍ഡ് കാസ്റ്റിലിലെ രാജാവായ ഫെര്‍ഡിനാന്‍ഡ് ഡൊമിനിക്കിനു അഭയം കൊടുത്തു. സീലോ സിലെ ആശ്രമത്തിന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. ഇവിടെ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം വരുത്തി. വൈകാതെ, വളരെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായി ആ സ്ഥലം മാറി. ഡൊമിനിക്കിന്റെ പ്രാര്‍ഥനകള്‍ നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുത്തു. നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിം ഭരണാധികാരികള്‍ അടിമകളാക്കി വച്ചിരുന്ന നിരവധി ക്രൈസ്തവരെ മോചിപ്പിക്കുവാനും ഡൊമിനിക്കിനു കഴിഞ്ഞു. സ്‌പെയിനിലെ ഏറ്റവും ജനപ്രിയനായ വിശുദ്ധനായാണ് ഡൊമിനിക് അറിയപ്പെടുന്നത്. ഇപ്പോഴും നിരവധിയായ അനുഗ്രഹങ്ങള്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥതയിലൂടെ വിശ്വാസികള്‍ക്ക് കിട്ടികൊണ്ടിരിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും മധ്യസ്ഥനായി വി. ഡൊമിനിക് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഒരു കുഞ്ഞിനുവേണ്ടി കരഞ്ഞു പ്രാര്‍ഥിച്ച അസയിലെ ജോവാന്‍ എന്ന സ്ത്രീക്ക് ജനിച്ച ബാലനാണ് പിന്നീട് ഡൊമിനിക്കന്‍ സഭയുടെ സ്ഥാപകനായി മാറിയത്. വി. ഡൊമിനിക് (ഓഗസ്റ്റ് എട്ടിലെ വിശുദ്ധന്‍) എന്ന് ഈ വിശുദ്ധനും അറിയപ്പെടുന്നു.
Curtsy : Manuel George @ Malayala Manorama