അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 22
വി. ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി (1850-1917)

'മുള്ളുകളില്‍ കൂടി നടക്കുക; നിങ്ങള്‍ നടക്കുന്നത് മറ്റാരെയും അറിയിക്കാതിരിക്കുക.' ഇങ്ങനെ ഉപദേശിക്കുമായിരുന്നു ഈ വിശുദ്ധ- ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി. തന്റെ വാക്കുകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി അവര്‍ മറ്റുള്ളവര്‍ക്കു മാതൃകയാവു കയും ചെയ്തു. ഇറ്റലിലെ ലൊമ്പാര്‍ഡിയിലുള്ള ഒരു കര്‍ഷക കുടുംബത്തില്‍ പതിമൂന്നു മക്കളില്‍ ഒരുവളായാണ് കബ്രിനി ജനിച്ചത്. മണ്ണില്‍ വിയര്‍പ്പൊഴുക്കിയ അപ്പം ഭക്ഷിച്ചിരുന്ന മാതാപിതാക്കളായിരുന്നു അവളുടെത്. തങ്ങളുടെ പ്രയത്‌നങ്ങള്‍ക്കു പ്രതിഫലം നല്‍കേണ്ടത് ദൈവമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഇവര്‍ക്ക്. എന്നും ദേവാലയത്തിലെത്തി വി. കുര്‍ബാന സ്വീകരിക്കും. എന്തൊക്കെ തടസങ്ങളു ണ്ടെങ്കിലും കുടുംബപ്രാര്‍ഥനകള്‍ മുടക്കിയിരുന്നില്ല അവര്‍. മാതാപിതാക്കള്‍ തെളിച്ച ദൈവസ്‌നേഹത്തിന്റെ വഴികളിലൂടെയാണ് കബ്രിനി വളര്‍ന്നുവന്നത്. കോണ്‍വന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപികയാകുക എന്നതായിരുന്നു കബ്രനിയു ടെ മോഹം. അതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണു ഒരു കന്യാസ്ത്രീയാകണ മെന്ന് അവള്‍ തീരുമാനിക്കുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചെന്നുവെങ്കിലും രോഗങ്ങളും മോശം ആരോഗ്യസ്ഥിതിയും മൂലം അവളെ അവിടെ പ്രവേശിപ്പിച്ചില്ല. പുരോഹിതന്റെ നിര്‍ദേശപ്രകാരം ഒരു അനാഥാലയത്തിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1877 ല്‍ വ്രതവാഗ്ദാനം നടത്തിയതോടെ പരിപൂര്‍ണമായി അനാഥര്‍ക്കുവേണ്ടി അവള്‍ ജീവിതം മാറ്റിവച്ചു. അനാഥാലയം പൂട്ടിയപ്പോള്‍ മിഷനറീസ് ഓഫ് സേക്രട്ട് ഹാര്‍ട്ട് എന്ന സന്യാസ സഭയ്ക്കു കബ്രിനി തുടക്കം കുറിച്ചു. ദരിദ്രരരും അനാഥരുമായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്‌കൂളുകളും നിരവധി ആശുപത്രികളും സഭയുടെ കീഴില്‍ തുടങ്ങി. ചൈനയില്‍ മിഷനറി പ്രവര്‍ത്തനത്തിനു പോകണമെന്ന് കബ്രിനി ആഗ്രഹിച്ചിരുന്നു. എന്നാല്‍, പോപ് അവളെ പ്രേഷിത ജോലികള്‍ക്കായി അയച്ചത് അമേരിക്കയിലേക്കായിരുന്നു. അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഇറ്റാലിയന്‍ കുടിയേറ്റക്കാരെ സഹായിക്കുകയും അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരുകയുമായിരുന്നു കബ്രിനിയുടെ ദൗത്യം. തന്നെ ഏല്പിച്ച ചുമതല അവള്‍ ഭംഗിയായി നിര്‍വഹിച്ചു. അമേരിക്കയില്‍ സ്‌കൂളുകളും ആശുപത്രികളും അനാഥാലയ ങ്ങളുമടക്കം 67 സ്ഥാപനങ്ങള്‍ അവര്‍ തുടങ്ങി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കബ്രിനി പിന്നീട് മരണം വരെ അവിടെ കഴിഞ്ഞു. വിശുദ്ധ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ അമേരിക്കക്കാരിയാണ് ഫ്രാന്‍സെസ സേവ്യര്‍ കബ്രിനി.
Curtsy : Manuel George @ Malayala Manorama