അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 25
വി. അനസ്താസിയ (മൂന്നാം നൂറ്റാണ്ട്)

എല്ലാ വിശുദ്ധരെക്കാളും വിശുദ്ധനായ യേശുക്രിസ്തുവിന്റെ ഓര്‍മദിനമാണിന്ന്. ഈ ക്രിസ്മസ് ദിനത്തില്‍ യേശുവിനൊപ്പം അനുസ്മരിക്കപ്പെടാന്‍ യോഗ്യത നേടിയ അനസ്താസിയ എന്ന വിശുദ്ധയുടെ കഥ പറയാം. അനസ്താസിയ എന്ന വിശുദ്ധയുടെ മഹത്വം വിവരിക്കാന്‍ അധികമൊന്നും എഴുതേണ്ടതില്ല. ഒരു കാര്യം മാത്രം പറഞ്ഞാല്‍ മതി. ക്രിസ്മസ് ദിനത്തിലെ വി. കുര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കും ശേഷം അനസ്താസിയയെ അനുസ്മരിക്കാന്‍ രണ്ടാമതൊരു വി. കുര്‍ബാന റോമില്‍ നടത്തിയിരുന്നുവെന്നതാണ് അക്കാര്യം. അത്രയ്ക്കു മഹനീയ സ്ഥാനം ഈ വിശുദ്ധയ്ക്കു റോമന്‍ സഭയിലുണ്ടായിരുന്നു. റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് അനസ്താസിയ ജനിച്ചത്. യേശുവിനെക്കുറിച്ചു കേട്ടറിഞ്ഞ നാള്‍മുതല്‍ അടിയുറച്ച വിശ്വാസവുമായി ജീവിച്ച അനസ്താസിയ സാധുക്കളെ സഹായിക്കു വാനും രോഗികള്‍ക്ക് സഹായമെത്തിക്കുവാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ പീഡിക്കപ്പെട്ടിരുന്ന സമയമായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരെ അനസ്താസിയ ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. മനുഷ്യവംശ ത്തിനു മുഴുവന്‍വേണ്ടി കുരിശില്‍മരിച്ച യേശുവിനു വേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിക്കണമെന്ന് എപ്പോഴും അനസ്താസിയ ചിന്തിച്ചിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അനസ്താസിയയെ പിതാവ് വിജാതീയനായ പുബ്ലിയൂസ് എന്ന റോമാക്കാരനെകൊണ്ടു വിവാഹം കഴിപ്പിച്ചു. എന്നാല്‍, ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. പേര്‍ഷ്യയിലേക്കുള്ള ഒരു യാത്രയ്ക്കിടെ പൂബ്ലിയൂസ് മരിച്ചു. വിധവയായതോടെ പൂര്‍ണസമയ പ്രേഷിതപ്രവര്‍ത്തനത്തിനു അനസ്താസിയ ഇറങ്ങിത്തിരിച്ചു. ഡൈക്ലീഷന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരെ അനസ്താസിയ പരസ്യമായി പ്രതികരിച്ചു. ഇതോടെ അവള്‍ തടവിലാക്കപ്പെട്ടു. വിചാരണയില്‍ യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്നതോടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. മറ്റുതടവുകാര്‍ക്കൊപ്പം ജീവനോടെ ചുട്ടുകൊന്നു.
Curtsy : Manuel George @ Malayala Manorama