അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 31
വി. സില്‍വസ്റ്റര്‍ പാപ്പ (280-335)

എ.ഡി. 314 മുതല്‍ 335 വരെ മാര്‍പാപ്പ പദവിയിലിരുന്ന വി. സില്‍വസ്റ്റര്‍ സഭയ്ക്കു വേണ്ടിയും ക്രിസ്തുമതത്തിനു വേണ്ടിയും ചെയ്ത സംഭാവനകള്‍ ഏറെയാണ്. യേശുക്രിസ്തുവിന്റെ മരണശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം വരെ മതമര്‍ദനത്തിന്റെ കാലമായിരുന്നു. ഇക്കാലത്ത് എത്ര ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചു എന്നതിന്റെ കണക്കെടുക്കുക പോലും അസാധ്യമാണ്. അത്രയ്ക്ക് ഏറെ പേര്‍ യേശുവിനു വേണ്ടി ജീവന്‍ വെടിഞ്ഞു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എ.ഡി. 313ലെ വിളംബരപ്രകാരം സഭയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം മാര്‍പാപ്പയായ ആദ്യവ്യക്തിയാണ് സില്‍വസ്റ്റര്‍. റോമിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ യേശുവിന്റെ സ്‌നേഹം അനുഭവിച്ചും അത് ജീവിതത്തില്‍ പകര്‍ത്തിയുമായിരുന്നു അദ്ദേഹം വളര്‍ന്നുവന്നത്. ക്രിസ്ത്യാനികള്‍ രഹസ്യമായി കഴിഞ്ഞിരുന്ന ആ കാലത്ത് കൗമാരപ്രായക്കാരനായിരുന്ന സില്‍വസ്റ്റര്‍ ക്രൈസ്തവരെ സഹായിക്കുവാനും അവര്‍ക്കു ശുശ്രൂഷ ചെയ്യുവാനും താത്പര്യം കാണിച്ചിരുന്നു. അവര്‍ക്കു ഭക്ഷണമൊരുക്കി. അവരുടെപാദങ്ങള്‍ കഴുകി. രക്തസാക്ഷിത്വം വരിക്കുന്ന ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി പോയി എടുത്ത് യഥാവിധം സംസ്‌കരിച്ചു. താമസിയാതെ അദ്ദേഹം പുരോഹിതജോലികള്‍ ചെയ്തു തുടങ്ങി. ക്രൈസ്തവരുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. 314ല്‍ മാര്‍പാപ്പയായിരുന്ന മെല്‍ക്കിയാദസ് മരിച്ചപ്പോള്‍ സില്‍വസ്റ്ററിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവവിശ്വാസികളെ അവരുടെ വിശ്വാസ ത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ അനുവദിച്ചുവെങ്കിലും ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല. കോണ്‍സ്റ്റ ന്റൈനെ ക്രിസ്തുമതവിശ്വാസിയാക്കുന്നത് സില്‍വസ്റ്റര്‍ പാപ്പയാണെന്നു കരുതപ്പെടുന്നു. പെട്ടെന്നൊരു ദിവസം ചക്രവര്‍ത്തിക്ക് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടു. വൈകാതെ അത് ദേഹം മുഴുവന്‍ പടര്‍ന്നു. സില്‍വസ്റ്റര്‍ മാര്‍പാപ്പയെ പോയി നേരില്‍കാണാന്‍ രാത്രിയില്‍ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായതിനെതുടര്‍ന്ന് ചക്രവര്‍ത്തി സില്‍വസ്റ്ററിന്റെ അടുത്തെത്തി. അദ്ദേഹം രോഗം സുഖപ്പെടുത്തി. കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു. നിരവധി മെത്രാന്മാരെ സില്‍വസ്റ്റര്‍ നിയമിച്ചു. അദ്ദേഹത്തിന്റെ കാലത്ത്, കോണ്‍സ്റ്റന്റൈന്റെ സഹായത്തോടെ ക്രിസ്തുമതം വ്യാപകമായി പ്രചരിച്ചു. 335 ഡിസംബര്‍ 31ന് അദ്ദേഹംമരിച്ചു.
Curtsy : Manuel George @ Malayala Manorama