അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 15
വിശുദ്ധ സഹോദരന്മാരായ ഫൗസ്തി നസും ജോവിറ്റയും (രണ്ടാം നൂറ്റാണ്ട്)

ഇറ്റലിയിലെ ബ്രേഷ്യായില്‍ ജീവിച്ച രണ്ടു സഹോദരന്മാരായിരുന്നു ഫൗസ്തിനസും ജോവിറ്റയും. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം. ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. യേശുവില്‍ വിശ്വസിച്ചിരുന്ന ഈ രണ്ടു സഹോദരന്മാരും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അനേകരെ ക്രൈസ്തവ വിശ്വാസികളാക്കി മാറ്റി. പ്രേഷിതപ്രവര്‍ത്തനത്തിനു എപ്പോഴും സമയം നീക്കിവച്ച് രണ്ടുപേരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അനാഥര്‍ക്കു തുണയേകുവാനും രോഗികളെ ശുശ്രൂഷിക്കുവാനും അവര്‍ സമയം കണ്ടെത്തി. പാപത്തില്‍ മുഴുകി ജീവിച്ചവരെ മാനസാന്തരപ്പെടുത്തി. ദരിദ്രരെ സഹായിച്ചു. പാവപ്പെട്ടവരോടും പണക്കാരോടും ഒരേപോലെ സുവിശേഷം പ്രസംഗിക്കുവാന്‍ ഇരുവരും ശ്രമിച്ചിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലമായിരുന്നു അത്. ക്രിസ്ത്യാനികളായാല്‍ മരണം ഉറപ്പെന്ന് അറിയാമായിരുന്നുവെങ്കിലും നിരവധിപേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമതം സ്വീകരിച്ചു. ഈ വിവരം ചക്രവര്‍ത്തി അറിഞ്ഞതോടെ ഇരുവരും തടവിലാക്കപ്പെട്ടു. യേശുവിനെ സ്തുതിക്കുന്നത് നിര്‍ത്തിയാല്‍ അവസാനിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇരുവരും യേശുവിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന മര്‍ദ്ദനങ്ങള്‍ക്കു നന്ദിപറയുകയും ചെയ്തു. മര്‍ദ്ദനങ്ങള്‍കൊണ്ട് പ്രതീക്ഷയില്ലെന്നു വന്നതോടെ ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. ഫൗസ്തിനസിനെയും ജോവിറ്റയെയും കുറിച്ചുള്ള പുസ്തകങ്ങള്‍ അഞ്ചോളമുണ്ട്. എങ്കിലും ചരിത്രപരമായ തെളിവുകളുടെ കുറവുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ ഇവരെ വിശുദ്ധരുടെ കലണ്ടറില്‍ നിന്നു കത്തോലിക്കാ സഭ നീക്കം ചെയ്തു.
Curtsy : Manuel George @ Malayala Manorama