അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 21
വി. പീറ്റര്‍ ഡാമിയന്‍ ( 1007-1072)

പീറ്റര്‍ ഡാമിയന്‍ എന്ന വിശുദ്ധന്‍ ജനിച്ചുവീണതു ദാരിദ്ര്യത്തി ന്റെയും ക്രൂരതയുടെയും നടുവിലേക്കായിരുന്നു. വലിയൊരു കുടുംബത്തിലെ അവസാന സന്തതിയായിരുന്നു അദ്ദേഹം. കുടുംബം ദാരിദ്ര്യത്തോടു പടവെട്ടി ജീവിച്ചുവരവേയാണ് പീറ്ററിന്റെജനനം. ഇതു മൂത്ത സഹോദരനെ ക്ഷുഭിതനാക്കി. അയാള്‍ വളരെക്രൂരമായി ആ പിഞ്ചു കുഞ്ഞിനോടു പെരുമാറി. പെറ്റമ്മ പോലും പീറ്ററിനെ കൈവിട്ടു. മുലപ്പാല്‍ പോലും കുടിക്കാതെ എങ്ങനെയൊക്കെയോ ആ പിഞ്ചു കുഞ്ഞ് വളര്‍ന്നുവന്നു. പലപ്പോഴും അയല്‍വാസികളുടെ കാരുണ്യംകൊണ്ടാണ് പീറ്ററിനു ഭക്ഷണം കഴിക്കാന്‍ സാധിച്ചത്. മാതാപിതാക്കള്‍ കൂടി മരിച്ചതോടെ പീറ്റര്‍ തീര്‍ത്തും അനാഥനായി. മൂത്തസഹോദരന്മാരില്‍ ഒരാളുടെ സംരക്ഷണയില്‍ കുറച്ചുകാലം കഴിഞ്ഞു. തനിക്കുകിട്ടിയ ഭക്ഷണത്തിനു പകരമായി പന്നികളെ നോക്കുന്ന ജോലി അവനു ചെയ്യേണ്ടതായി വന്നു. പീറ്ററിന്റെ സ്ഥിതി മനസിലാക്കിയ മറ്റൊരു സഹോദരന്‍ അവനെ ഇറ്റലിയിലെ റാവെന്നാ നഗരത്തിലേക്കു കൊണ്ടുപോയി. ആ സഹോദരന്‍ ഒരു പുരോഹിതനായിരുന്നു. പീറ്ററിനു വേണ്ട വിദ്യാഭ്യാസം ഇവിടെനിന്നാണ് ലഭിച്ചത്. പഠനത്തില്‍ സമര്‍ഥനായിരുന്ന പീറ്റര്‍ ഇരുപത്തിയഞ്ചാം വയസില്‍ പഠനം പൂര്‍ത്തി യാക്കി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധികം വൈകാതെ ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്നു പുരോഹിതനായി. രാത്രി സമയം മുഴുവന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവൃത്തി. കഠിനമായ ഉപവാസവും ഉറക്കമില്ലായ്മയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളര്‍ത്തി. പുരോഹി തരുടെ പ്രായച്ഛിത്തപ്രവൃത്തികള്‍ തീവ്രമാക്കണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയന്‍. അടിയേറ്റ് വേദനകൊണ്ടു പുളയുക അദ്ദേഹം കണ്ടെത്തിയ പ്രായച്ഛിത്തങ്ങളിലൊന്നായിരുന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധവച്ചു. പലപ്പോഴും വത്തിക്കാനില്‍ നിന്ന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്തങ്ങള്‍ കിട്ടുമായിരുന്നു. സഭകളും ആശ്രമങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയായിരുന്നു അതിലേറെയും. 1057ല്‍ അദ്ദേഹം ഒസ്റ്റിയായിലെ കര്‍ദിനാളായി. 1072 വരെ ആ സ്ഥാനത്തു തുടര്‍ന്നു. ആ വര്‍ഷം ഫെബ്രുവരി 21ന് അദ്ദേഹം മരിച്ചു.
Curtsy : Manuel George @ Malayala Manorama