അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 6
വി. ഡൊറോത്തി (മൂന്നാം നൂറ്റാണ്ട്)

ആദിമസഭയുടെ കാലത്ത്, പീഡനങ്ങളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ക്ക് എല്ലാം പൊതുവായ ചില ഘടകങ്ങളുണ്ട്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അറസ്റ്റിലാവുക, യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാതെ വരുന്നതോടെ പീഡനങ്ങളേറ്റു വാങ്ങുക, ഒടുവില്‍ ക്രൂരവും പ്രാകൃതവുമായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍വച്ച് രക്തസാക്ഷിത്വം വരിക്കുക. ഫെബ്രുവരി അഞ്ചിലെ വിശുദ്ധയായ അഗതയും ഇന്നത്തെ വിശുദ്ധയായ ഡൊറോത്തിയും ഇത്തരത്തില്‍ പീഡനങ്ങളേറ്റുവാങ്ങി മരിച്ച കന്യകമാരാണ്. ക്രൈസ്തവരായ മാതാപിതാക്കളുടെ മകളായി കപ്പഡോഷ്യയില്‍ ജനിച്ച ഡൊറോത്തി ഡയൊക്ലിഷന്‍ ചക്രവര്‍ ത്തിയുടെ മതപീഡനകാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. ഡൊറോത്തി പിടിയിലാകുന്നതിനു മുന്‍പ് തടവിലാക്കപ്പെട്ട രണ്ടു സഹോദരിമാരായിരുന്ന ക്രിസ്റ്റിനയും കലിസ്റ്റയും. എന്നാല്‍, പീഡനങ്ങളെ ഭയന്ന് ഇരുവരും യേശുവിനെ തള്ളിപ്പറയുകയും റോമന്‍ ദൈവത്തെ വണങ്ങുകയും ചെയ്തു. ഗവര്‍ണറുടെ കൊട്ടാരത്തില്‍ വഴിവിട്ട ജീവിതവുമായി കഴിഞ്ഞുപോന്നിരുന്ന ഈ സഹോദരിമാരെ ഗവര്‍ണര്‍ ഡൊറോത്തി യുടെ പക്കലേക്ക് അയച്ചു. തങ്ങളെപ്പോലെ യേശുവിനെ തള്ളിപ്പറഞ്ഞു ജീവന്‍ രക്ഷിക്കുവാനും സമ്പത്തും സ്ഥാനമാനങ്ങളും നേടാനും അവളെ ഉപദേശിക്കുകയായിരുന്നു അവരുടെ ചുമതല. എന്നാല്‍, നേരെ വിപരീതമാണു സംഭവിച്ചത്. ക്രിസ്റ്റിനയെയും കലിസ്റ്റയെയും ഡൊറോത്തി യേശുവിലേക്ക് തിരികെ കൊണ്ടുവന്നു. ചെയ്തു പോയ പാപത്തെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യ മായി. ഡൊറോത്തി അവരെ സമാധാനിപ്പിച്ചു. എത്ര കൊടിയ പാപവും പൊറുക്കുന്നവനാണ് കരുണാമയനായ യേശുനാഥനെന്ന് അവള്‍ അവരോടു പറഞ്ഞു. ഇരുസഹോദരിമാരും യേശുവി നെ വാഴ്ത്തിപ്പാടി. ഈ സംഭവമറിഞ്ഞ ഗവര്‍ണര്‍ ക്ഷുഭിതനായി ഇരുവരെയും തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവര്‍ രണ്ടു പേരും രക്തസാക്ഷിത്വം വരിച്ചു. ഡൊറോത്തിയെ വധിക്കുവാനായി പടയാളികള്‍ കൊണ്ടുവന്നപ്പോള്‍ അവള്‍ ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പാടി. ''ദൈവമേ, എന്നെ അങ്ങയുടെ സ്വര്‍ഗീയ മണവാട്ടിയാക്കണമേ.. അങ്ങയുടെ പറുദീസയിലേക്ക് ഞാനിതാ വരുന്നു..'' ഡൊറോത്തിയുടെ ഈ പ്രാര്‍ഥന കേട്ട് ഗവര്‍ണറുടെ ഉപദേഷ്ടകരില്‍ ഒരാളായിരുന്ന തിയോഫിലസ് അവളെ പരിഹസിച്ചു ചിരിച്ചു: ''യേശുവിന്റെ മണവാട്ടീ..നീ പറുദീസയില്‍ ചെല്ലുമ്പോള്‍ കുറച്ച് ആപ്പിളും പൂക്കളും എനിക്കു കൊടുത്തുവിടുക..'' പരിഹാസവാക്കുകള്‍ കേട്ട് ഡൊറോത്തി പുഞ്ചിരിച്ചു. ''തീര്‍ച്ചയായും ഞാനത് ചെയ്യും'' എന്നായിരുന്നു അവളുടെ മറുപടി. ശിക്ഷ നടപ്പാക്കുവാനായി ആരാച്ചാരെത്തി. തല വെട്ടി കൊലപ്പെടുത്തുന്നതിന് മുന്‍പ് അവള്‍ കണ്ണുകളടച്ച് പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന കഴിഞ്ഞപ്പോഴേക്കും ആരാച്ചാരുടെ വാള്‍ അവളുടെ കഴുത്തില്‍ പതിച്ചു. പുഞ്ചിരിച്ച മുഖവുമായി അവള്‍ മരണം വരിച്ചു. ഡൊറോത്തിയെ വധിക്കുന്നതു കണ്ട് പരിഹസിച്ചു ചിരിച്ചുകൊണ്ടിരുന്ന തിയോഫിലസിന്റെ അടുത്ത് അപ്പോള്‍തന്നെ ഒരു പിഞ്ചു ബാലികയെത്തി. മൂന്നു ആപ്പിളുകളും മൂന്നു റോസപ്പൂക്ക ളുമുള്ള ഒരു ചെറിയ കുട്ട ആ ബാലിക അയാള്‍ക്കു കൊടുത്തു. തത്ക്ഷണം അവള്‍ അപ്രത്യ ക്ഷയായി. മഞ്ഞുകാലമായിരുന്നതിനാല്‍ ഒരു ചെടിയിലും പൂക്കളോ ആപ്പിള്‍മരത്തില്‍ ഇലകള്‍ പോലുമോ ഇല്ലാതിരുന്ന സമയമായിരുന്നു അത്. തനിക്കു ഡൊറോത്തി മാലാഖയുടെ കൈവശം കൊടുത്തയച്ച പറുദീസയില്‍നിന്നുള്ള സമ്മാനമാണ് അതെന്നു തിരിച്ചറിഞ്ഞ തിയോഫിലസ് പശ്ചാത്തപിച്ചു. യഥാര്‍ഥ ദൈവം യേശുക്രിസ്തുവാണെന്നു അദ്ദേഹം മനസിലാക്കുകയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തെയും ഗവര്‍ണര്‍ അപ്പോള്‍ തന്നെ തന്റെ വാളിനിരയാക്കി.
Curtsy : Manuel George @ Malayala Manorama