അനുദിനവിശുദ്ധര്‍ : ജൂലൈ 16
വി. മേരി മഗ്ദലേന പോസ്റ്റല്‍ (1756-1846)

മഗ്ദലേന മറിയത്തിന്റെ പേരു സ്വീകരിച്ചെങ്കിലും ഈ വിശുദ്ധയുടെ യഥാര്‍ഥ പേര് ജൂലി പോസ്റ്റല്‍ എന്നാണ്. ഫ്രാന്‍സിലെ നോര്‍മാന്‍ ഡിയില്‍ ജനിച്ച ജൂലി പാവങ്ങള്‍ക്കു വേണ്ടി ജീവിച്ച വിശുദ്ധയാണ്. തന്റെ യൗവനകാലത്ത് തന്നെ ജൂലി സാമൂഹിക സേവനരംഗത്തേ ക്കിറങ്ങി. യേശുവിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു അവളുടെ ശക്തി. ജൂലിക്ക് പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ജന്മനാടായ ബാര്‍ഫെïറില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ധാരാളം കുട്ടികള്‍ ജൂലിയുടെ ശിഷ്യത്വം സ്വീകരിച്ച് അവിടെ പഠിക്കാനെത്തി. ഒന്നിനു പിറകെ ഒന്നായി നിരവധി സ്‌കൂളുകള്‍ ജൂലി പിന്നീട് തുടങ്ങി. ഫ്രഞ്ച് വിപ്ലവം ആരംഭിച്ചതോടെ ഈ സ്‌കൂളുകളെല്ലാം പൂട്ടേണ്ടി വന്നു. എന്നാല്‍, ജൂലി നിരാശയായില്ല. പ്രതിവിധി അവള്‍ തന്നെ കണ്ടെത്തി. തന്റെ സ്‌കൂളുകളിലെല്ലാം പുരോഹിതര്‍ക്ക് അഭയമൊരുക്കി. ഫ്രഞ്ച് വിപ്ലവം അവസാനിക്കുന്നതു വരെ ഈ സ്‌കൂളുകളിലെല്ലാം പുരോഹിതര്‍ താമസിച്ചു. വിപ്ലവ കാലം കഴിഞ്ഞതോടെ സ്‌കൂളുകള്‍ പുന:രാരംഭിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ജൂലിക്ക് കഴിഞ്ഞു. അമ്പത്തിരണ്ടാം വയസില്‍ മേരി ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മേരി മഗ്ദലേന എന്ന പേര് സ്വീകരിച്ചു. 'കരുണയുടെ പാവപ്പെട്ട പുത്രിമാര്‍' എന്ന സന്യാസിസമൂഹത്തിനും മേരി മഗ്ദലേന പിന്നീട് രൂപം കൊടുത്തു. 1807ലായിരുന്നു അത്. അവിടുത്തെ സന്യാസിനിമാര്‍ എല്ലാവരും അധ്യാപകരോ നഴ്‌സുമാരോ ആയിരുന്നു. സമൂഹത്തിലിറങ്ങി സേവനം ചെയ്യുക എന്നതായിരുന്നു മേരിയുടെ ലക്ഷ്യം. തൊണ്ണൂറാം വയസില്‍ മേരി മരിക്കുമ്പോള്‍ ആ സന്യാസി സമൂഹത്തിന്റെ കീഴില്‍ 37 മഠങ്ങളുണ്ടായിരുന്നു. മേരി മഗ്ദലേനയുടെ മാധ്യസ്ഥതയില്‍ പ്രാര്‍ഥിച്ചവര്‍ക്ക് സമൃദ്ധമായി അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. നിരവധി പേര്‍ക്ക് രോഗശാന്തിയുണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. 1925 ല്‍ പോപ് പയസ് പതിനൊന്നാമന്‍ മേരി മഗ്ദലേന പോസ്റ്റലിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama