അനുദിനവിശുദ്ധര്‍ : ജൂലൈ 19
വി. മക്രീന (327-379)

ഒരു വിശുദ്ധ കുടുംബത്തിലാണ് മക്രീന ജനിച്ചത്. അമ്മ എമേലിയയും സഹോദരന്‍മാരായ ബാസില്‍, ഗ്രിഗറി, പീറ്റര്‍ എന്നിവരും വിശുദ്ധരായിരുന്നു. മക്രീന എന്നു തന്നെയായിരുന്നു അവളുടെ മുത്തശ്ശിയുടെയും പേര്. അവര്‍ക്കും വിശുദ്ധ പദവി ലഭിച്ചു. ഇരുവരെയും തിരിച്ചറിയാനായി മുതിര്‍ന്ന മക്രീന, ഇളയ മക്രീന എന്നിങ്ങനെയാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഏഷ്യാമൈനറിലെ സേസരേ എന്ന സ്ഥലത്താണ് ഈ കുടുംബം ജീവിച്ചിരുന്നത്. അമ്മ എമേലിയയുടെ ശിക്ഷണത്തിലായിരുന്നു അവരുടെ വിദ്യാഭ്യാസം. വളരെ ചെറുപ്പത്തിലെ മക്രീന എഴുതുവാനും വായിക്കാനും പഠിച്ചു. അവള്‍ക്കു പന്ത്രണ്ടു വയസു പ്രായമുള്ളപ്പോള്‍ ഒരു യുവ നിയമജ്ഞനുമായി വിവാഹനിശ്ചയം നടന്നുവെങ്കിലും വിവാഹ ത്തിനു മുന്‍പ് അദ്ദേഹം മരിച്ചു. പിന്നീട് തന്റെ ജീവിതം മുഴുവന്‍ അവള്‍ യേശുവിനും യേശുവിനു പ്രേഷിതജോലി ചെയ്യുന്ന തന്റെ സഹോദരങ്ങള്‍ക്കുമായി നീക്കിവച്ചു. ആശ്രമ ജീവിതത്തിന്റെയും സന്യാസത്തിന്റെയും പിതാവായാണ് സഹോദരനായ ബാസില്‍ അറിയപ്പെടുന്നത്. എന്നാല്‍, ബാസിലിന് ഇക്കാര്യത്തില്‍ പ്രചോദനമായത് മക്രീനയുടെ നേതൃത്വത്തിലുള്ള ഒരു പറ്റം സന്യാസിനികളുടെ കൂട്ടായ്മയായിരുന്നു. മക്രീനയുടെ അമ്മയായ എമേലിയ തുടക്കംകുറിച്ച ഈ കൂട്ടായ്മയ്ക്ക് അവരുടെ മരണശേഷം മക്രീനയാണ് നേതൃത്വം കൊടുത്തത്. മാതാപിതാക്കളുടെ മരണശേഷം തന്റെ പത്ത് ഇളയസഹോദരന്‍മാരെയും ഒരു അമ്മയെ പോലെ വളര്‍ത്തിയതു മക്രീനയായിരുന്നു. അവരെയെല്ലാം യേശുവിനെക്കുറിച്ചു പഠിപ്പിക്കുവാനും ആത്മീയ ചൈതന്യത്തില്‍ വളര്‍ത്തുവാനും അവള്‍ക്കു കഴിഞ്ഞു. പാവപ്പെട്ടവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് അവര്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കുവാനും അവരെ ശുശ്രൂഷിക്കാനും മക്രീന എപ്പോഴും തയാറായിരുന്നു. മക്രീനയുടെ ജീവിതവും വിശുദ്ധിയും സഹോദരങ്ങള്‍ക്കു മാതൃകയായി. അവരില്‍ മൂന്നു പേര്‍ (ബാസില്‍, ഗ്രിഗറി, പീറ്റര്‍) ബിഷപ്പുമാരായി. മറ്റുള്ളവരെല്ലാം സന്യസ്ത ജീവിതം നയിച്ചു. സഹോദരനായ വിശുദ്ധ ഗ്രിഗറി മക്രീനയുടെ ജീവചരിത്രം എഴുതുകയും ചെയ്തു.
Curtsy : Manuel George @ Malayala Manorama