അനുദിനവിശുദ്ധര്‍ : ജൂലൈ 28
വി. നസാരിയൂസും സെല്‍സൂസും (ഒന്നാം നൂറ്റാണ്ട്)

പത്രോസ് ശ്ലീഹായുടെ സുവിശേഷപ്രസംഗത്തില്‍ ആകൃഷ്ടയായി ക്രിസ്തുവിന്റെ വിശ്വാസിയായി മാറിയ പെര്‍പെത്തുവ എന്ന റോമന്‍ സ്ത്രീയുടെ മകനായിരുന്നു നസാരിയൂസ്. അദ്ദേഹത്തിന്റെ പിതാവ് റോമന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ മാര്‍ഗം പിന്തുടര്‍ന്ന് നസാരിയൂസും യേശുവിന്റെ അനുയായി ആയി മാറി. പത്രോസ് ശ്ലീഹായുടെ പ്രസംഗങ്ങള്‍ ആ വിശ്വാസത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. യേശുവിന്റെ നാമം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുവേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പല സ്ഥലങ്ങളിലും പോയി സുവി ശേഷപ്രവര്‍ത്തനം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചവരൊക്കെ യേശുവില്‍ വിശ്വസിച്ചു. യേശുവിന്റെ ശിഷ്യന്‍മാര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ലോകം മുഴുവന്‍ പോയി സുവിശേഷം പ്രസംഗിച്ചതു പോലെ തനിക്ക് സാധിച്ച സ്ഥലങ്ങളിലൊക്കെ നസാരിയൂസ് പോയി. സെല്‍സൂസും ഒരു റോമാക്കാരനായിരുന്നു. നസാരിയൂസിന്റെ സ്‌നേഹിതനായിരുന്ന സെല്‍സൂസ് യേശുവിനെ ക്കുറിച്ച് കേട്ടറിഞ്ഞതോടെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. നസാരിയൂസിനൊപ്പം പല സ്ഥല ങ്ങളിലും അവര്‍ സുവിശേഷം പ്രസംഗിച്ചു. നീറോ ചക്രവര്‍ത്തിയായിരുന്നു അന്ന് റോം ഭരിച്ചിരുന്ന ത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കുവാന്‍ ഉത്തരവിട്ടിരുന്ന ചക്രവര്‍ത്തിയായിരുന്നു നീറോ. മിലാനില്‍ വച്ച് റോമന്‍ സൈനികര്‍ നസാരിയൂസിനെയും സെല്‍സൂസിനെയും തടവിലാക്കി. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഈ വിശുദ്ധരെ നീറോയുടെ കല്‍പന പ്രകാരം തലവെട്ടി കൊലപ്പെടുത്തി. നസാരിയൂസിനെ അടക്കം ചെയ്ത കുഴിയില്‍ ഒരു പാത്രത്തില്‍ അദ്ദേഹത്തിന്റെ രക്തവും വച്ചിരുന്നു. എ.ഡി. 395 ല്‍വിശുദ്ധനായ ആംബ്രോസ് ഈ കുഴിമാടം കണ്ടെത്തി. നസാരിയൂസിന്റെ മരണത്തിനും 330 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത് എങ്കിലും ആ പാത്രത്തില്‍ നിറയെ രക്തം അപ്പോഴുമുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞ നിരവധി പേര്‍ എത്തുകയും വിശുദ്ധന്റെ രക്തം തങ്ങളുടെ വസ്ത്രങ്ങളില്‍ തൂക്കുകയും ചെയ്തു. വി. ആംബ്രോസ് ഈ രക്തം ഒരു തൂവാലയില്‍ ഒപ്പിയെടുത്ത് ബിഷപ്പ് വി. ഗൗഡെന്‍സിയൂസിന് അയച്ചുകൊടുക്കുകയുമുണ്ടായി.
Curtsy : Manuel George @ Malayala Manorama