അനുദിനവിശുദ്ധര്‍ : ജൂണ്‍ 13
പാദുവായിലെ അന്തോണി (1195-1231)

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണി കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നിരവധി അനുഗ്രഹങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എത്രയോ പേര്‍ നമ്മുടെ ചുറ്റുമുണ്ട്. എന്തുചോദിച്ചാലും യേശുവില്‍ നിന്ന് അതു നമുക്കു വാങ്ങിത്തരുന്ന വിശുദ്ധനാണ് അന്തോണിയെ ന്നാണ് വിശ്വസിക്കപ്പെടുന്നത്. വളരെ സമ്പന്നമായ ഒരു കുടുംബത്തി ലാണ് അന്തോണി (ആന്റണി) ജനിച്ചത്. എന്നാല്‍, യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്. അവിടെനിന്നു മടങ്ങുന്ന വഴിക്കു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയും ഒടുവില്‍ ഇറ്റലിയില്‍ എത്തിച്ചേരുകയും ചെയ്തു. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗചാതുര്യം ഏവര്‍ക്കും ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. നദിക്കരയില്‍ നിന്നു പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുവാനായി മല്‍സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തേക്ക് എത്തുമായിരുന്നുവെന്ന് കഥയുണ്ട്. നോഹയുടെ കാലത്ത്, ദൈവം എല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചപ്പോള്‍ മല്‍സ്യങ്ങളെ മാത്രം സംരക്ഷിച്ചുവെന്നും ദൈവത്തിന്റെ ഇഷ്ടമനുസരിച്ചാണു മല്‍സ്യങ്ങള്‍ ജീവിച്ചതെന്നും അദ്ദേഹം അപ്പോള്‍ പ്രസംഗിച്ചു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചു പഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തി വരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പിച്ചു. ആന്റണിയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്കു കണക്കില്ല. വി.കുര്‍ബാനയ്ക്കു മധ്യേ വിശ്വാസികള്‍ക്കു കൊടുക്കുന്ന തിരുവോസ്തി വെറും അപ്പക്കഷണം മാത്രമാണെന്നും അതില്‍ ദൈവമില്ലെന്നും ഒരിക്കല്‍ ഒരാള്‍ ആന്റണിയോടു പറഞ്ഞു. ഇത് താന്‍ തെളിയിക്കുമെന്നു അയാള്‍ പറഞ്ഞു. തന്റെ കഴുതയെ മൂന്നു ദിവസം പട്ടിണിക്കിട്ടിട്ട് അതിന്റെ നേരെ ഓട്‌സും ആന്റണി കൊണ്ടുവരുന്ന തിരുവോസ്തിയും നീട്ടുമ്പോള്‍ കഴുത എന്തു സ്വീകരിക്കുമെന്നു നോക്കാമെന്നായിരുന്നു പരിഹാസരൂപേണ അയാള്‍ പറഞ്ഞത്. ആന്റണി അതിനു തയാറായി. കഴുതയ്ക്കു നേരെ അയാള്‍ ഓട്‌സ് നീക്കി. കഴുത അതിലേക്കു നോക്കുക പോലും ചെയ്യാതെ ആന്റണി കൊണ്ടു വന്ന തിരുവോസ്തിയെ വണങ്ങി. 1231 ജൂണ്‍ 13ന് ആന്റണി മരിച്ചു.
Curtsy : Manuel George @ Malayala Manorama