അനുദിനവിശുദ്ധര്‍ : ജൂണ്‍ 21
ദരിദ്രനായ വി. ലാസര്‍ (യേശുവിനു മുന്‍പ്)

ലൂക്കായുടെ സുവിശേഷത്തില്‍ യേശു പറയുന്ന ഒരു ഉപമയിലെ കഥാപാത്രമാണ് ലാസര്‍. ലാസര്‍ യേശു സൃഷ്ടിച്ച ഒരു സാങ്കല്‍പിക കഥാപാത്രമല്ല. അദ്ദേഹം യേശുവിന്റെ കാലത്തോ അതിനു മുന്‍പോ ജീവിച്ചിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു. ആ വ്യക്തിയുടെ കഥ യേശു ഉപമയായി പറഞ്ഞുവെന്നു മാത്രം. എന്നാല്‍, ലാസര്‍ എന്നാണ് ജീവിച്ചതെന്നോ, അയാളുടെ മറ്റു വിവരങ്ങളോ ഇന്നു ലഭ്യമല്ല. ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു. ആഡംബരത്തോടെ ജീവിച്ചിരുന്ന അയാളുടെ വീടിന്റെ പടിവാതില്ക്കല്‍ കാത്തുകിടന്നിരുന്ന ദരിദ്രനായിരുന്നു ലാസര്‍. ലാസറിന്റെ ദേഹം മുഴുവന്‍ വ്രണങ്ങളായിരുന്നു. ധനവാന്‍ ഭക്ഷിച്ച ശേഷം അയാളുടെ മേശയില്‍ നിന്നു താഴെ വീണു കിടക്കുന്ന ഉച്ഛിഷ്ടം കഴിച്ചാണ് അയാള്‍ ജീവിച്ചിരുന്നത്. ലാസറും ധനവാനും മരിച്ചു. ലാസര്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കപ്പെട്ടു. അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ചു. ധനവാന്‍ നരകത്തിലേക്ക് പോയി. തന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷകള്‍ അവന്‍ അവിടെ അനുഭവിച്ചു. പീഡനങ്ങള്‍ സഹിക്കവയ്യാതെ അയാള്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ ലാസര്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്നതു കണ്ടു. ധനവാന്‍ അബ്രാഹത്തോടു വിളിച്ചു പറഞ്ഞു. 'എന്നോട് കരുണ തോന്നണമേ..ലാസറിനെ ഇങ്ങോട്ട് അയച്ച് എന്റെ വേദനകള്‍ കുറച്ചു തരേണമേ..' എന്നാല്‍ അബ്രാഹം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ''നിന്റെ ജീവിത കാലത്ത് എല്ലാ സുഖസൗകര്യങ്ങളും നിനക്കു ലഭിച്ചു. അതേ സമയം അവിടെ കഷ്ടതകള്‍ സഹിച്ച ലാസറിനെ നീ ഗൗനിച്ചില്ല. ഇന്ന് ലാസര്‍ സുഖം അനുഭവിക്കുന്നു. നീ വേദന അനുഭവിക്കുന്നു.'' ലാസറിനെ നരകത്തിലേക്ക് അയയ്ക്കാന്‍ പാടില്ലെന്നു പറഞ്ഞ അബ്രാഹ ത്തോട് എങ്കില്‍ ലാസറിനെ തന്റെ ഭൂമിയിലെ വസതിയിലേക്ക് അയയ്ക്കണമെന്നും അവിടെയുള്ള വരെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും ധനവാന്‍ ആവശ്യപ്പെടുന്നു. അബ്രാഹം പറഞ്ഞു: ''അവര്‍ക്കു മോശയും പ്രവാചകരും ഉണ്ടല്ലോ. അവരെ ശ്രവിക്കട്ടെ. മോശയെയും പ്രവാചകരെയും അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരാള്‍ ഉയര്‍ത്താലും അവര്‍ക്കു ബോധ്യം വരികയില്ല.'' കുഷ്ഠരോഗികളുടെയും ദരിദ്രരുടെയും മധ്യസ്ഥനായാണ് ലാസര്‍ അറിയപ്പെടുന്നത്. സ്വര്‍ഗരാജ്യം സ്വന്തമാക്കിയവന്‍ എന്നു യേശു തന്നെ വെളിപ്പെടുത്തിയ വ്യക്തിയാണ് ലാസര്‍. സ്വര്‍ഗത്തില്‍ അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ച ലാസര്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ഥനകള്‍ കേള്‍ക്കു കയും അത് ദൈവത്തിങ്കല്‍ എത്തിക്കുകയും ചെയ്യും. ലാസറിന്റെ പേരില്‍ നിരവധി സന്യാസ സമൂഹങ്ങളുണ്ട്. കുഷ്ഠരോഗികള്‍ മാത്രം അംഗങ്ങളായ ഒരു സമൂഹവും ജറുസലേമില്‍ രൂപം കൊണ്ടു. കുഷ്ഠരോഗികളായ മറ്റുള്ളവരെ സഹായിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജറുസ ലേമില്‍ കുഷ്ഠരോഗികള്‍ക്കായി ഒരു ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.
Curtsy : Manuel George @ Malayala Manorama