അനുദിനവിശുദ്ധര്‍ : ജൂണ്‍ 5
വി. ബോനിഫസ് (680-755)

ജര്‍മനിയുടെ അപ്പസ്‌തോലികനായി അറിയപ്പെടുന്ന മെത്രാനാണ് വി. ബോനിഫസ്. ഇംഗ്ലണ്ടിലെ ഡെവണ്‍ഷയറില്‍ ജനിക്കുകയും ഇംഗ്ലണ്ടില്‍ തന്നെ വിദ്യാഭ്യാസം നടത്തുകയും ചെയ്ത ബോനിഫസിന്റെ യഥാര്‍ഥ പേര് വില്‍ഫ്രിഡ് എന്നായിരുന്നു. ഗ്രിഗറി ദ്വിതീയന്‍ മാര്‍പാപ്പയാണ് ബോനിഫസ് എന്ന പേര് അദ്ദേഹത്തിനു കൊടുക്കുന്നത്. ഒരു പറ്റം ക്രൈസ്തവ സന്യാസികളുടെ സ്വാധീനത്താലാണ് വില്‍ഫ്രിഡ് പുരോഹിതനാകാന്‍ തീരുമാനി ക്കുന്നത്. മുപ്പതാം വയസില്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. ജര്‍മനിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്താനാണ് അദ്ദേഹം ചുമതലപ്പെട്ടത്. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി എന്നതാണ് വില്‍ഫ്രിഡിന്റെ ഏറ്റവും വലിയ നേട്ടം. ഗ്രിഗറി തൃതീയന്‍, സക്കറി തുടങ്ങിയ മാര്‍പാപ്പമാരുടെ കീഴിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മെത്രാനായി നിയമിച്ചപ്പോഴാണ് ബോനിഫസ് എന്ന പേര് മാര്‍പാപ്പ നല്‍കുന്നത്. ഒരു വിശുദ്ധനായാണ് ബോനിഫസിനെ എല്ലാവരും കണ്ടിരുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കണ്ടെത്തി. ജീവിതരീതികളും ഒരു വിശുദ്ധനെ പോലെ തന്നെയായിരുന്നു. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈസ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫസ് ഇവരെയെല്ലാം മാനസാന്തരപ്പെടുത്തി. യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍ ബോനിഫസ് ഓക്കുതടികൊണ്ട് നിര്‍മിച്ച ജൂപ്പിറ്റര്‍ ദേവന്റെ പടുകൂറ്റന്‍ വിഗ്രഹത്തെ ആരാധിക്കുന്ന ഒരുപറ്റം ആളുകളുടെ ഇടയില്‍ കടന്നുചെന്നു. തടികൊണ്ടുള്ള ആ ദൈവത്തെ ആരാധിക്കുന്നവരെ കണ്ടു ക്ഷുഭിതനായ ബോനിഫസ് ആ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഒരു മഴുവുമായി കടന്നുചെന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ തടിദൈവം തകര്‍ന്നു വീണു. ''നിങ്ങളുടെ ദൈവം എന്റെ ഈ മഴുവില്‍ അവസാനിച്ചു. ഒരിക്കലും തകര്‍ക്കപ്പെടാനാവത്ത ശക്തനായ ദൈവമാണ് എന്റേത്'' - ബോനിഫസ് വിളിച്ചുപറഞ്ഞു. ജനങ്ങളില്‍ ചിലര്‍ പ്രതിഷേധസ്വരമുയര്‍ത്തി ബോനിഫസിനെ നേരിടാന്‍ ചെന്നു. എന്നാല്‍, അവരില്‍ നല്ലൊരു ശതമാനം പേരും അപ്പോള്‍ തന്നെ മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിച്ചു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തെ സഹായിക്കാനായി ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ബോനിഫസിന്റെ രീതി. കേരളത്തിലെ നാടന്‍ കളികളിലൊന്നായി കുട്ടിയും കോലും പോലൊരു കളി അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ചെറിയ ഒരു മരക്കമ്പിലേക്ക് വലിയൊരു കമ്പ് എറിയുന്ന കളി. വലിയ കമ്പ് പരിശുദ്ധാത്മാവും ചെറിയ കമ്പ് പിശാചുമാണെന്ന് വിവരിച്ച് ബോനിഫസ് അവര്‍ക്കൊപ്പം കളിക്കുമായിരുന്നു. ബോനിഫസിന്റെ ഇത്തരം ജനകീയ സുവിശേഷപ്രചാരണത്തിലൂടെ ജര്‍മനിയില്‍ വളരെ വേഗത്തില്‍ ക്രിസ്തുമതം പ്രചരിക്കപ്പെട്ടു. ബോനിഫസിന് ശത്രുക്കളും ഏറെയുണ്ടായിരുന്നു. ക്രിസ്തുമതം ശക്തിപ്രാപിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ പിറകോട്ട് പോകേണ്ടി വന്ന പ്രാചീനമതങ്ങളുടെ പ്രചാരകര്‍ അദ്ദേഹത്തെ വധിക്കാന്‍ തക്കംപാത്തിരുന്നു. ഒരിക്കല്‍ ഒരു പ്രാര്‍ഥനാചടങ്ങില്‍ നില്‍ക്കവേ ആയുധധാരികളായി നിരവധി പേര്‍ ചാടിവീണു. ബോനിഫസിനെയും കൂടെയുണ്ടായിരുന്നു സന്യാസിനികളും വൈദികരുമടക്കം 52 പേരെ അവര്‍ വധിച്ചു.
Curtsy : Manuel George @ Malayala Manorama