അനുദിനവിശുദ്ധര്‍ : ജൂണ്‍ 9
വി. അന്ന മരിയ തേഗി (1769-1837)

ഏഴു മക്കളുടെ അമ്മയായിരുന്നു വി. അന്ന. പിന്നീട് മക്കളുടെ എണ്ണം എണ്ണിയാലൊതുങ്ങാത്ത പോലെ വ്യാപിച്ചു. ഇറ്റലിയിലെ സഭാമക്കളുടെയെല്ലാം അമ്മയായി അന്ന മാറി. 48 വര്‍ഷം അവള്‍ ദാമ്പത്യജീവിതം നയിച്ചു. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച അന്ന വളര്‍ന്നത് റോമിലായിരുന്നു. രണ്ടു വര്‍ഷം മാത്രമേ അന്നയെ അവളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിട്ടുള്ളൂ. അവിടെവച്ച് അവള്‍ വായിക്കാന്‍ പഠിച്ചുവെന്നു മാത്രം. വീട്ടുകാരെ സഹായിക്കുവാനായി ചെറിയ പ്രായത്തില്‍ തന്നെ അന്ന ജോലികള്‍ ചെയ്തു. വിനയം, അച്ചടക്കം, എളിമ, അനുസരണം എന്നിങ്ങനെ എല്ലാ നല്ലഗുണങ്ങളും അവള്‍ക്കുണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്നു കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമാണ് ലഭിച്ചതെങ്കിലും അന്ന അവരോട് വിധേയത്തോടെ പെരുമാറി. ഡൊമിനികോ തേഗി എന്ന ഇറ്റാലിയന്‍ യുവാവിനെയാണ് അന്ന വിവാഹം കഴിച്ചത്. അയാള്‍ സത്യസന്ധനായിരുന്നു. എന്നാല്‍, വലിയ മുന്‍കോപിയുമായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അണിഞ്ഞൊരുങ്ങി നടക്കാനും ആഭരണങ്ങളണിയാനും ഏറെ താത്പര്യം പ്രകടിപ്പിച്ച അന്ന മെല്ലെ ദൈവത്തില്‍ നിന്ന് അകന്നുതുടങ്ങി. ആത്മീയ ജീവിതവും ലൗകിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴഞ്ഞു. ഒരിക്കല്‍, ദേവാലയത്തില്‍ കുമ്പസാരത്തിനിടെ ഒരു വൈദികന്‍ അവളെ തെറ്റുകള്‍ പറഞ്ഞു മനസിലാക്കി. അതോടെ, അന്ന പൂര്‍ണമായും ദൈവികപാതയിലേക്ക് തിരിച്ചുവന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ഒരു ക്രൈസ്തവകൂട്ടായ്മയില്‍ അംഗമായി. അന്നയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ ലഭിച്ചു. കുടുംബകാര്യ ങ്ങള്‍ ഭംഗിയായി നോക്കണമെന്നും കുടുംബസമാധാനം ഉറപ്പാക്കണമെന്നും മാത്രമായിരുന്നു ഡൊമിനികോ ഉപാധി വച്ചത്. എല്ലാ വീട്ടമ്മമാര്‍ക്കും ഉത്തമ മാതൃകയാണ് അന്നയുടെ ജീവിതം. ദാരിദ്ര്യത്തിനിടയിലും തന്റെ ഏഴുമക്കളെയും ഒരു കുറവും വരുത്താതെ അവള്‍ വളര്‍ത്തി. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തില്‍ പോകും. വിശുദ്ധ കുര്‍ബാന കൈക്കൊള്ളും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗം പിടിപെടുമ്പോള്‍ മാത്രം അവരെ ശുശ്രൂഷിക്കുന്നതിനു വേണ്ടി വിശുദ്ധ കുര്‍ബാന മുടക്കി. പകല്‍ മുഴുവന്‍ അവള്‍ കുടുംബത്തിനു വേണ്ടി ജോലികള്‍ ചെയ്തു. വൈകിട്ട് അത്താഴത്തിനു ശേഷം കുടുംബപ്രാര്‍ഥന ഒഴിവാക്കിയിരുന്നില്ല. മക്കളും ഭര്‍ത്താവുമായി ഒന്നിച്ചിരുന്നു പരിശുദ്ധ മാതാവിന്റെ ജപമാല ചൊല്ലി. ഒരോ ദിവസത്തെയും വിശുദ്ധരുടെ കഥകള്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. എല്ലാ ഞായറാഴ്ചകളിലും ആ കുടുംബം ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിക്കുമായിരുന്നു. ഉപവാസവും പ്രാര്‍ഥനയും ദാനദര്‍മവും വഴി അന്ന ദൈവത്തിന്റെ പ്രിയങ്കരിയായി മാറി. മറ്റുള്ളവരുടെ മനസ് വായിക്കുവാനും പാപികളെ മാനസാന്തരപ്പെടുത്താനും സഭാവിരുദ്ധരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനുമുള്ള കഴിവ് അവള്‍ക്കു ദൈവം കൊടുത്തു. ഏതാണ്ട് 47 വര്‍ഷത്തോളം സൂര്യന്റെ ആകൃതിയിലുള്ള ഒരു പ്രകാശരൂപത്തെ അവള്‍ക്ക് ദൈവം കാണിച്ചുകൊടുക്കുമായിരുന്നു. അതായിരുന്നു അന്നയുടെ ശക്തി. അന്നയെ കാണുവാനും ഉപദേശങ്ങള്‍ തേടുവാനുമായി നിരന്തരം സന്ദര്‍ശകര്‍ എത്തിക്കൊണ്ടേയിരുന്നു. പാവപ്പെട്ടവര്‍, രാജകുടുംബക്കാര്‍, പുരോഹിതര്‍, ബിഷപ്പുമാര്‍ എന്നു തുടങ്ങി മാര്‍പാപ്പ വരെ അന്നയുടെ ഉപദേശങ്ങള്‍ ശ്രവിച്ചു. എല്ലാവരോടും വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ അവള്‍ക്കു കഴിഞ്ഞു. അന്നയുടെ ഭര്‍ത്താവിന്റെ മുന്‍കോപം കുടുംബസമാധാനത്തില്‍ തകര്‍ച്ചകള്‍ക്കു സാധ്യതയിട്ടു വെങ്കിലും ഒരു ഉത്തമകുടുംബനാഥയായി തന്റെ കുടുംബത്തെ ഒരു സ്വര്‍ഗമാക്കി മാറ്റുവാന്‍ അന്നയ്ക്കു കഴിഞ്ഞു. പീഡാനുഭവവാരത്തിലെ തിങ്കളാഴ്ച ദിവസം തന്റെ മരണത്തെ കുറിച്ച് അവള്‍ക്കു സൂചന ലഭിച്ചു. ദുഃഖ വെള്ളിയാഴ്ച ദിവസം മരിക്കുമെന്നായിരുന്നു ദര്‍ശനം. തന്നെ സ്‌നേഹിച്ചിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ്, അവരെയെല്ലാം അനുഗ്രഹിച്ച് അവള്‍ മരണത്തിനു വേണ്ടി കാത്തിരുന്നു. ദുഃഖ വെള്ളിയാഴ്ച ദിവസം തന്നെ അന്ന മരിക്കുകയും ചെയ്തു.
Curtsy : Manuel George @ Malayala Manorama