അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 10
ഡൊമിനിക് സാവിയോ (1842-1857)

''''എത്ര സുന്ദരമാണീ കാഴ്ചകള്‍.'' 15-ാം വയസില്‍ മരണക്കിടക്ക യില്‍ കിടന്ന് ഡൊമിനിക് സാവിയോ പറഞ്ഞ വാക്കുകളാണിവ. മരണസമയത്ത് അപൂര്‍വ സുന്ദരമായ ദര്‍ശനം ഉണ്ടായ വിശുദ്ധനാണ് ഡൊമിനിക്. 15 വര്‍ഷത്തെ ജീവിതം കൊണ്ടു വിശുദ്ധിയുടെ ആള്‍രൂപമായി മാറിയ ഡൊമിനിക് സാവിയോ വിശുദ്ധ ജോണ്‍ ബോസ്‌കോയുടെ ശിഷ്യനായിരുന്നു. കൊല്ലപ്പണി ക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായ അമ്മയുടെയും പത്തു മക്കളിലൊരുവനായി ജനിച്ച ഡൊമിനിക് അഞ്ചാം വയസില്‍ അള്‍ത്താര ബാലനായി മാറി. പന്ത്രണ്ടാം വയസില്‍ പുരോഹിതനാകുന്നതിനായി സെമിനാരിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഡൊമിനിക് മരിച്ചു. ഒരു പുരോഹിതനായി തീരുക എന്ന അവന്റെ സ്വപ്നം സഫലമാകുന്നതിനു രോഗങ്ങള്‍ തടസമായി. ''ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനല്ല, എങ്കിലും ഏറ്റവും ചെറുതായ കാര്യങ്ങള്‍ പോലും സര്‍വശക്തനായ ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'''' ഡൊമിനിക് ഇങ്ങനെ പറയുമായിരുന്നു. യേശുവിനോടുള്ള സ്‌നേഹത്തെ പ്രതി ദാനം ചെയ്യുന്ന ഒരു കപ്പ് പച്ചവെള്ളത്തിനു പോലും അവിടുന്നു പ്രതിഫലം തരുമെന്ന് ഡൊമിനിക് വിശ്വസിച്ചു. അനാഥരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും മധ്യസ്ഥനായാണ് ഡൊമിനിക് അറിയപ്പെടുന്നത്.
Curtsy : Manuel George @ Malayala Manorama