അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 22
വി. ഡെറേക്ക (നാലാം നൂറ്റാണ്ട്)

17 ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും പ്രസവിച്ചു വളര്‍ത്തിയ അമ്മയായിരുന്നു വിശുദ്ധ ഡെറേക്ക. എന്നാല്‍ ഈ വിശുദ്ധയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ മഹത്വം അവരുടെ 19 മക്കളും വിശുദ്ധരായി മാറി എന്നതാണ്. ഇവരുടെ 17 ആണ്‍മക്കളും ബിഷപ്പുമാരുമായിരുന്നു. തീരുന്നില്ല. അയര്‍ലന്‍ഡില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി ആ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ വി. പാട്രിക്കിന്റെ ( മാര്‍ച്ച് 17 ലെ വിശുദ്ധന്റെ കഥ വായിക്കുക) സഹോദരി കൂടിയായിരുന്നു അവര്‍. അയര്‍ലന്‍ഡില്‍ തന്നെയായിരുന്നു ഡെറേക്കയുടെയും പ്രേഷിത പ്രവര്‍ത്തനം. ഇവരുടെ ജീവിതത്തെ പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഡെറേക്ക രണ്ടു തവണ വിവാഹം കഴിച്ചു. ആദ്യ ഭര്‍ത്താവ് റെസ്റ്റീഷ്യസ് മരിച്ചതിനെ തുടര്‍ന്നാണ് അവര്‍ രണ്ടാമതും വിവാഹിതയായത്. രണ്ടു വിവാഹത്തിലുമായി അവര്‍ക്കു ജനിച്ച കുട്ടികള്‍ക്കു മുഴുവന്‍ ദൈവിക ചൈതന്യം പകര്‍ന്നു കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വി. പാട്രിക്കിനൊപ്പം അയര്‍ലന്‍ഡില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ ആ കുടുംബം ശ്രദ്ധയൂന്നി. അയര്‍ലന്‍ഡിനു വേണ്ടിയാണ് ഡെറേക്കയെ ദൈവം ഇത്രയും മക്കളുടെ അമ്മയാക്കിയതെന്നു വിശ്വസിക്കുന്നവരുണ്ട്. ആ കുടുംബത്തിന്റെ പ്രേഷിതപ്രവര്‍ത്തനം വഴി ഒരു രാജ്യം മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളായി മാറി.
Curtsy : Manuel George @ Malayala Manorama