അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 9
വിശുദ്ധ കാതറിന്‍ (1413-1463)

'കാതറിന്‍ ഡി വിര്‍ജി' എന്ന സിസ്റ്റര്‍ കാതറിന്‍ മരണശേഷമാണ് ഏറെ പ്രശസ്തയായത്. 1463 മാര്‍ച്ച് ഒന്‍പതിനായിരുന്നു കാതറിന്റെ മരണം. ശവപ്പെട്ടിയില്‍ അടക്കം ചെയ്യാതെയാണ് അവരെ കുഴിച്ചി ട്ടത്. കാതറിന്റെ കുഴിമാടത്തിനടുത്ത് ഒട്ടെറെ അദ്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങിയതോടെ അവരുടെ മൃതദേഹം ദേവാലയത്തിലേക്കു മാറ്റാന്‍ തീരുമാനിക്കപ്പെട്ടു. മരിച്ച് അടക്കം ചെയ്ത് 18 ദിവസ ങ്ങള്‍ക്കുശേഷം മൃതദേഹം പുറത്തെടുത്തു. കാതറിന്റെ മൃതദേഹം ഒട്ടും അഴുകിയിരുന്നില്ലെന്നു മാത്രമല്ല, അവരെ പൂശിയിരുന്ന സുഗന്ധതൈലങ്ങളുടെ ഗന്ധം പോലും നഷ്ടപ്പെട്ടിരുന്നില്ല. ഇറ്റലിയിലെ ബൊലോങ്ങയില്‍ ജനിച്ച കാതറിന്‍ ചെറുപ്പം മുതല്‍ തന്നെ നിര്‍മലമായൊരു ജീവിതമാണ് നയിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടെറെ അദ്ഭുതങ്ങള്‍ കാതറിന്‍ വഴി ദൈവം പ്രവര്‍ത്തിച്ചു. കാതറിന്റെ ജനനത്തെപ്പറ്റി വളരെ മുന്‍പ് തന്നെ അവരുടെ പിതാവിനു ദര്‍ശനം ഉണ്ടായിരുന്നു. 14-ാം വയസില്‍ സന്യാസിനിയായ കാതറിന്‍ ഒട്ടെറെ പേരെ യേശുവിലേക്കു കൊണ്ടുവന്നു. ഒരിക്കല്‍ ഒരു ക്രിസ്മസ് ദിനത്തില്‍ കന്യകാമറിയത്തിന്റെ മടിയില്‍ കിടക്കുന്ന യേശുക്രിസ്തുവിന്റെ രൂപം കാതറിനു സ്വപ്നത്തില്‍ ദൃശ്യമായി. ഇറ്റലിയിലെ പൂവര്‍ ക്ലെയര്‍ കോണ്‍വന്റിനു തുടക്കമിട്ടത് കാതറിനായിരുന്നു.. നല്ലൊരു ചിത്രകാരിയും ശില്‍പിയുമായിരുന്നു അവര്‍. കലാകാരന്‍മാരുടെയും ചിത്രകാരന്‍മാരുടെയും മധ്യസ്ഥയായാണ് വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.
Curtsy : Manuel George @ Malayala Manorama