അനുദിനവിശുദ്ധര്‍ : മെയ്‌ 25
പാസിയിലെ വി. മേരി മഗ്ദലേന (1566-1607)

ഇറ്റലിയിലെ ഫേïാറന്‍സില്‍ കാതറീന്‍ എന്ന പേരില്‍ വളര്‍ന്ന ബാലികയാണ് പിന്നീട് മേരി മഗ്ദലേന എന്ന പേരില്‍ കന്യാസ്ത്രീയായി മാറിയത്. യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിച്ച വിശുദ്ധയായാണ് മേരി മഗ്ദലേന അറിയപ്പെടുന്നത്. പതിനാറാം വയസില്‍ ഫേïാറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്ന മേരി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാരകമായ രോഗത്തിന് അടിമയായി. അതികഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവ യേശുവിന്റെ നാമത്തില്‍ അവള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. 'മരണം വരെ സഹിക്കും' എന്ന വിശ്വാസപ്രഖ്യാപനത്തെ അവള്‍ 'മരിക്കാതെ സഹിക്കും' എന്നാക്കി മാറ്റി. ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് 40 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ആവര്‍ത്തിച്ചു. ഈ സമയത്ത് അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായതായും യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞതായും കരുതപ്പെടുന്നു. ഈ സമയത്ത് അവള്‍ക്കുണ്ടായ അനുഭവങ്ങളും ദര്‍ശനങ്ങളും ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ അവള്‍ കുറിച്ചുവച്ചു. ഇങ്ങനെ നാലു പുസ്തകങ്ങള്‍ എഴുതി. മേരിയിലൂടെ ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുവാനും മറ്റുള്ളവരുടെ ഹൃദയം വായിക്കുവാനും അവള്‍ക്കു കഴിഞ്ഞു. 1607 ല്‍ 41 -ാം വയസില്‍ മേരി മഗ്ദലേന മരിച്ചു. 1669ല്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama