അനുദിനവിശുദ്ധര്‍ : മെയ്‌ 7
വി. അഗസ്റ്റിനോ റോസെല്ലി (1818-1902)

ഒരു ആട്ടിടയനായിരുന്നു അഗസ്റ്റിനോ. ഇറ്റലിയിലെ വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച അഗസ്റ്റിനോ വര്‍ഷങ്ങളോളം ആടുകളെ മേയിച്ചു ജീവിച്ചു. വളരെ ചെറിയ പ്രായം മുതല്‍ തന്നെ യേശുവിനെ തന്റെ ജീവിതത്തിന്റെ വഴികാട്ടിയായി അഗസ്റ്റിനോ കണ്ടിരുന്നു. ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുമ്പോള്‍, ഏകാന്തമായ കുന്നിന്‍ചെരിവുകളിലിരുന്ന് അവന്‍ പ്രാര്‍ഥിച്ചു. ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ, തന്റെ ജീവിതം യേശുവിനു വേണ്ടി മാറ്റിവയ്ക്കണമെന്ന ദൈവവിളി അവനുണ്ടായി. ഒരു പുരോഹിതനാകാനുള്ള തീരുമാനം അങ്ങനെയാണ് അഗസ്റ്റിനോ എടുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ആട്ടിടയന്‍ ഒരു പുരോഹിതനാകുന്നതെങ്ങനെ? ഈ ചിന്തയാണ് അവനെ അലട്ടിയിരുന്നത്. വിദ്യാഭ്യാസ ജീവിതം അഗസ്റ്റിനോയുടെ സ്വപ്നം മാത്രമായിരുന്നു. എന്നാല്‍, ദൈവം അവനു വഴി കാണിച്ചുകൊടുത്തു. സാമ്പത്തിക സഹായം ലഭിക്കുകയും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുകയും ചെയ്തു. 1846 ല്‍ പുരോഹിതസ്ഥാനം ലഭിച്ചു. 1874 മുതല്‍ 22 വര്‍ഷക്കാലം ഇറ്റലിയിലെ ഒരു അനാഥാലയത്തിന്റെ ചുമതലയായിരുന്നു അഗസ്റ്റിനോയ്ക്ക്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവിതം വഴിതെറ്റി പോകുന്ന വേശ്യകളടക്കമുള്ള പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സ്ഥാപനം അഗസ്റ്റിനോ തുടങ്ങി. അവിടെയെത്തിയവരില്‍ ഏറിയ പങ്കും വേശ്യകളായിരുന്നു. മറ്റാരും സഹായിക്കാനില്ലാതെ, പട്ടിണിയില്‍ നിന്നു രക്ഷ നേടാന്‍ പാപം ചെയ്യേണ്ടിവന്ന സ്ത്രീകളായിരുന്നു മറ്റുള്ളവര്‍. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ക്ക് അഗസ്റ്റിനോ തുടക്കമിട്ടു. 1902ല്‍ മാറാരോഗം പിടിപ്പെട്ട് അഗസ്റ്റിനോ മരിച്ചു. 1995ലാണ് അഗസ്റ്റിനോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2001 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ അഗസ്റ്റിനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama