അനുദിനവിശുദ്ധര്‍ : നവംബര്‍ 18
വി. ഓഡോ (879-942)

ഫ്രാന്‍സിലെ ലെ മാന്‍സിലാണ് ഓഡോ ജനിച്ചത്. പിതാവ് അക്വിറ്റ യിലെ ഒരു പ്രഭുവായിരുന്നു. മക്കളില്ലാത്തതില്‍ ദുഃഖിതനായിരുന്ന ആ മനുഷ്യന്‍ തനിക്കൊരു പുത്രനെ തരേണമെന്ന് കരഞ്ഞു പ്രാര്‍ഥിച്ചിരുന്നു. മകന്‍ ജനിച്ചാല്‍ അവനെ ദൈവത്തിനു സമര്‍പ്പിച്ചുകൊള്ളാമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യുകയുംചെയ്തു. ദൈവം പ്രാര്‍ഥന കേട്ടു. ഓഡോ ജനിച്ചു. വാഗ്ദാനം പോലെ മകനെ വി. മാര്‍ട്ടിന്റെ (നവംബര്‍ 11ലെ വിശുദ്ധന്‍) ദേവാലയത്തില്‍ അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. ഓഡോ ദൈവഭയമുള്ള ഉത്തമഭക്തനായാണ് വളര്‍ന്നുവന്നത്. മകനെ രാജസഭയിലെ ഉദ്യോ ഗസ്ഥനാക്കണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ദൈവശുശ്രൂഷ തിരഞ്ഞെടുക്കാനാണ് ഓഡോ ഇഷ്ടപ്പെട്ടത്. ഈ സമയത്ത് ഓഡോയെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചു. വി. മാര്‍ട്ടിന്റെ മധ്യസ്ഥതയിലൂടെ ഓഡോ സുഖപ്പെട്ടു. വൈകാതെ അദ്ദേഹം ബെനഡിക്ടന്‍ സഭയില്‍ ചേര്‍ന്നു. ടൂര്‍സിലെ വി. മാര്‍ട്ടിന്റെ ദേവാലയത്തിലെ കാനോനായി പ്രവര്‍ത്തിച്ചു. പിന്നീട് സംഗീതം, ദൈവശാസ്ത്രം എന്നിവയില്‍ കൂടുതല്‍ പഠനം നടത്തുവാന്‍ അദ്ദേഹം പാരീസിലേക്ക് പോയി. പിന്നീട് ആറു വര്‍ഷം അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും പഠനവുമായി ഏകാന്തവാസം നയിച്ചു. ഫ്രാന്‍സിലെ ബോമിലുള്ള ആശ്രമത്തിലായിരുന്നു പിന്നീട് അദ്ദേഹം ജീവിച്ചത്. നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിനു സമ്പാദ്യമായുണ്ടായിരുന്നു. ക്ലൂണില്‍ ഒരു ആശ്രമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ ചുമതലക്കാരനായി ഓഡോ നിയമിതിനായി. അദ്ദേഹത്തിന്റെ വിനയവും എളിമയും ഏവരുടെയും പ്രിയം പിടിച്ചുപറ്റി. സഭകള്‍ തമ്മിലും രൂപതകള്‍ തമ്മിലുമുള്ള തര്‍ക്കം പരിഹരിക്കുവാന്‍ പോപ് ജോണ്‍ പതിനൊന്നാമന്‍ വി. ഓഡോയെയാണു പലപ്പോഴും ചുമതലപ്പെടുത്തിയിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു. റോമില്‍ വച്ച് രോഗബാധിതനായ ഓഡോയെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ടൂര്‍സിലേക്ക് കൊണ്ടുപോയി. അവിടെ വി. മാര്‍ട്ടിന്റെ ദേവാലയത്തില്‍ വച്ച് അദ്ദേഹം മരിച്ചു.
Curtsy : Manuel George @ Malayala Manorama