അനുദിനവിശുദ്ധര്‍ : നവംബര്‍ 20
വി. ഫെലിക്‌സ് ( 1127-1212)

ഫ്രാന്‍സിലെ വലോയിസ് പ്രവശ്യയിലെ പ്രഭുവിന്റെ മകനായാണ് ഫെലിക്‌സ് ജനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ ഭക്തിയില്‍ നിറഞ്ഞവനായി ജീവിച്ച ഫെലിക്‌സ് എപ്പോഴും ഏകാന്തതയില്‍ പ്രാര്‍ഥനാപൂര്‍വം ഇരിക്കുവാന്‍ താത്പര്യപ്പെട്ടിരുന്നു. സമപ്രായക്കാര്‍ കളിക്കുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പോകുമ്പോള്‍ അദ്ദേഹം പ്രാര്‍ഥന തിരഞ്ഞെടുത്തു. ഫെലിക്‌സിന്റെ മാതാപിതാ ക്കളുടെ ദാമ്പത്യജീവിതം പരാജയമായിരുന്നു. എപ്പോഴും അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നു. മാതാപിതാക്കളുടെ പ്രവൃത്തി ഫെലിക്‌സിനെ വേദനിപ്പി ച്ചിരുന്നു. അദ്ദേഹം ദൈവത്തോടു കരഞ്ഞുപ്രാര്‍ഥിക്കുമായിരുന്നു. ഫെലിക്‌സിന്റെ യൗവന കാലത്ത് മാതാപിതാക്കള്‍ തമ്മിലുള്ള ശണ്ഠ കൂടുകയും അവര്‍ വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയുംചെയതു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ തന്റെ പേരില്‍ കിട്ടിയ സ്വത്ത് മുഴുവന്‍ പാവപ്പെട്ടവര്‍ക്കു ദാനമായി നല്‍കിയ ശേഷം അദ്ദേഹം സന്യാസജീവിതം തിരഞ്ഞെ ടുത്തു. ഒരു വനപ്രദേശത്ത് ആശ്രമം പണിത് അവിടെ ഏറെക്കാലം ജീവിച്ചു. കാട്ടുപഴങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും ഭക്ഷണം. 71-ാം വയസില്‍ വി. ജോണ്‍ മാത്ത ഫെലിക്‌സിനെ സന്ദര്‍ശിച്ച് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഒരു സന്യാസസമൂഹം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്‌പെയിനില്‍ മുഹമ്മദീയരാല്‍ അടിമകളാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. മറ്റു മതങ്ങളുടെയും തെറ്റായ വിശ്വാസരീതികളുടെയും സ്വാധീനത്തില്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കേണ്ടിവന്നവരെ തിരികെകൊണ്ടുവരുന്നതിനു വേണ്ടി കൂടിയയായിരുന്നു അത്. ഇരുവരും ചേര്‍ന്ന് റോമിലെത്തി. മാര്‍പാപ്പയുടെ അനുവാദത്തോടെ പുതിയ സന്യാസസമൂഹത്തിനു തുടക്കമിട്ടു. അടിമകളുടെ മോചനത്തിനു വേണ്ടി ഫെലിക്‌സ് നിരന്തരം പോരാടി. നാല്‍പതു വര്‍ഷം കൊണ്ട് ലോകമെമ്പാടുമായി ഈ സമൂഹത്തിനു അറുന്നൂറിലേറെ ശാഖകള്‍ ഉണ്ടായി. 1212 ല്‍ വി. ഫെലിക്‌സ് മരിച്ചു. 1262 പോപ് ഉര്‍ബന്‍സ നാലാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പഖ്യാപിച്ചു. 1998ല്‍ ഈ സമൂഹം അവരുടെ എണ്ണൂറാം വാര്‍ഷികം ആഘോഷിച്ചു.
Curtsy : Manuel George @ Malayala Manorama