അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 10
വി. ഫ്രാന്‍സീസ് ബോര്‍ഗിയ (1510-1572)

മാര്‍പാപ്പയായിരുന്ന അലക്‌സാണ്ടര്‍ ആറാമന്റെ മകന്‍ ഫെര്‍ഡിനാ ന്‍ഡ് രാജാവിന്റെ കൊച്ചുമകനായിരുന്നു ഫ്രാന്‍സീസ് ബോര്‍ഗിയ. 1492 മുതല്‍ 1503 വരെ മാര്‍പാപ്പയായിരുന്ന അലക്‌സാണ്ടര്‍ ആറാമന്‍ വിവാഹിതനായ ശേഷമായിരുന്നു ആ പദവിയിലെത്തി യത്. ഫ്രാന്‍സീസിന്റെ അച്ഛന്‍ ജുവാന്‍ ബോര്‍ഗിയ ഒരു പ്രഭുവായിരുന്നു. വി. ഫ്രാന്‍സീസ് അസീസിയുടെ ഭക്തയായിരുന്നു അമ്മ. തനിക്കൊരു ആണ്‍കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അവന് ഫ്രാന്‍സീസ് എന്നു പേരിടാമെന്ന് ആ അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. ബാലനായിരിക്കുമ്പോള്‍ അമ്മയുടെ ഭക്തി കണ്ടാണ് ഫ്രാന്‍സീസ് വളര്‍ന്നത്. വി. കുര്‍ബാനയില്‍ പങ്കെടുക്കാനും മുടക്കം വരാതെ പ്രാര്‍ഥിക്കുവാനും ഫ്രാന്‍സീസ് എപ്പോഴും ശ്രമിച്ചു. സ്‌പെയിനിലെ ചാള്‍സ് അഞ്ചാമന്‍ രാജാവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന ഫ്രാന്‍സീസിന് മികച്ച വിദ്യാഭ്യാസവും ലഭിച്ചു. ആഫ്രിക്കയിലേക്കുള്ള പടയോട്ടത്തില്‍ ചാള്‍സ് രാജാവിനു തുണയായി ഫ്രാന്‍സീസുമുണ്ടായിരുന്നു. കാറ്റലോണിയയിലെ വൈസ്‌റോയി പദവിയും ഗാന്‍ഡിയയിലെ പ്രഭു പദവിയും അലങ്കരിച്ചു. സ്‌പെയിനിലെ രാജ്ഞിയായിരുന്ന ഡോണാ ഇസബെല്ലിനു ഫ്രാന്‍സീസിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമാണ് അദ്ദേഹം വിവാഹം കഴിച്ചത്. എലീനര്‍ ദെകാസ്‌ത്രോ എന്നു പേരുള്ള ഒരു പ്രഭ്വിയായിരുന്നു ഭാര്യ. ഭക്തി യോടും ഈശ്വരചൈതന്യത്തോടും കൂടി ദാമ്പത്യജീവിതം നയിച്ച അവര്‍ക്ക് എട്ടു മക്കളുമുണ്ടായി. ഇസബെല്‍ രാജ്ഞിയുടെ മരണത്തോടെയാണ് ലൗകിക ജീവിതം അവസാനിപ്പിച്ച് പൂര്‍ണമായി യേശുവിലേക്ക് തിരിയണമെന്ന ചിന്ത ഫ്രാന്‍സീസിനുണ്ടാകുന്നത്. അതീവസുന്ദരിയായിരുന്നു ഇസബെല്‍ രാജ്ഞി. എന്നാല്‍ അവരുടെ മൃതദേഹം കണ്ടതോടെ ഫ്രാന്‍സീസ് തകര്‍ന്നുപോയി. ''തിളക്കമുള്ള ആ കണ്ണുകള്‍ക്ക് എന്താണു പറ്റിയത്? സുന്ദരമായ ആ മുഖം എവിടെ? ഇതു ഞങ്ങളുടെ ഇസബെല്‍ രാജ്ഞി തന്നെയാണോ?'' ലൗകിക ജീവിതം മരണത്തോടെ അവസാനിക്കുമെന്നും ആത്മീയമായ സൗന്ദര്യമാണ് വലുതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജീവിതം ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന ചിന്ത അദ്ദേഹത്തെ അലട്ടുവാന്‍ തുടങ്ങി. ഭാര്യയെ ഉപേക്ഷിക്കുന്നതായിരുന്നു ഏക ദുഃഖം. അങ്ങനെയിരിക്കെ ഭാര്യ മരിച്ചു. സുഹൃത്തായിരുന്ന വി. ഇഗ്നേഷ്യസ് ലയോളയുടെ ഉപദേശം ശരിയായ വഴി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 1548 ല്‍ ജെസ്യൂട്ട് സഭയില്‍ ചേരുകയും 1551 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുര്‍ക്കി സാമ്രാജ്യത്തിനെതിരായി പോരാടുന്നതിനു വേണ്ടി അഞ്ചാം പീയൂസ് മാര്‍പാപ്പ ക്രൈസ്തവരെ യോജിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ക്രൈസ്തവരെ ഒത്തുചേര്‍ക്കുന്ന ചുമതല അദ്ദേഹം ഫ്രാന്‍സീസിനെ ഏല്‍പ്പിച്ചു. പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം സന്യാസസമൂഹങ്ങള്‍, കോളജുകള്‍, അഗതിമന്ദിരങ്ങള്‍ എന്നിവ തുടങ്ങി. നിരന്തരമായ യാത്ര അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കി. 1572 ഒക്‌ടോബര്‍ 10 ന് അദ്ദേഹം മരിച്ചു. 1670ല്‍ പോപ് ക്ലെമന്റ് അഞ്ചാമന്‍ ഫ്രാന്‍സീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama