അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 8
മാര്‍ഗരറ്റ് എന്ന വി. പെലഗിയ

യേശുവിനെക്കുറിച്ച് ഒന്നുമറിയാതെ, കുത്തഴിഞ്ഞ ജീവിതം നയിച്ച പെലഗിയ ദൈവത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട കഥ പല രൂപത്തിലും ഭാവത്തിലും ഇന്ന് പ്രചരിക്കുന്നുണ്ട്. മാര്‍ഗരറ്റ് എന്ന പേരിലും പെലഗിയ അറിയപ്പെട്ടിരുന്നു. സിറിയയിലെ വളരെ അറിയപ്പെടുന്ന ഒരു നടിയും നര്‍ത്തകിയുമായിരുന്ന പെലഗിയ അതീവ സുന്ദരി യായിരുന്നു. ആളുകളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കു വാനുള്ള കഴിവു കൂടി ചേര്‍ന്നപ്പോള്‍ അധികാരവും സമ്പത്തും അവളുടെ കാല്‍ക്കീഴിലായി. വസ്ത്രങ്ങള്‍ ഒരോന്നായി അഴിച്ചുമാറ്റിയുള്ള അവളുടെ നൃത്തം കാണാന്‍ പ്രഭുക്കന്‍മാരും സമ്പന്നരും തിക്കിത്തിരക്കി. മയക്കുമരുന്നുകളുപയോഗിച്ച് അവരെ തന്റെ അധികാരവലയത്തില്‍ നിറുത്താനും അവള്‍ ശ്രമിച്ചു. ആന്റിയോച്ച് എന്ന അവളുടെ പട്ടണത്തില്‍ നടന്ന ഒരു സുവിശേഷസംഗമമാണ് പെലഗിയയെ ദൈവത്തിലേക്ക് അടുപ്പിച്ചത്. ഒരു ദിവസം നോന്നസ് എന്നു പേരായ ഒരു ബിഷപ്പ് സുവിശേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കെ പെലഗിയ വര്‍ണശബളിമയുള്ള വേഷങ്ങളും ആഭരണങ്ങളും ധരിച്ച് അതുവഴി കടന്നുപോയി. അവളുടെ സൗന്ദര്യം മുഴുവന്‍ പുറത്തുകാണിക്കുന്ന തരം വേഷമായിരുന്നു അത്. അവളുടെ പിന്നാലെ അകമ്പടിക്കാരായി സേവകരും ആരാധകരുമടങ്ങുന്ന ഒരു വലിയ സംഘം. മതപ്രസംഗം കേട്ടുകൊണ്ടിരുന്നവരുടെ കണ്ണുകള്‍ പെലഗിയായിലേക്ക് നീങ്ങി. ബിഷപ്പ് നോന്നസ്സ് പോലും അറിയാതെ അവളുടെ സൗന്ദര്യം ഒരു നിമിഷം ആസ്വദിച്ചു. തൊട്ടടുത്ത നിമിഷം പശ്ചാത്താപം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ''ദൈവമായ കര്‍ത്താവിനോടുള്ള നമ്മുടെ വിശ്വാസം ഇത്ര ദുര്‍ബലമാണോ?'' എന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് ചോദിച്ചു. അന്നു രാത്രി ബിഷപ്പിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം മാത്രമാണെങ്കിലും ചെയ്തുപോയ തെറ്റ് അദ്ദേഹത്തെ വേദനിപ്പിച്ചു. കണ്ണീരോടെ ദൈവത്തോട് മാപ്പിരന്നു. പിറ്റേന്ന്, നോന്നസ് സുവിശേഷപ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ പെലഗിയ ദേവാലയത്തിലേക്ക് കടന്നുവന്നു. തന്റെ ബാഹ്യമായ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും തന്റെ നൃത്തം മികവുറ്റതാക്കുന്നതിനും തന്റെ അധികാരം വര്‍ധിപ്പിക്കുന്നതിനും മാത്രം ശ്രമിക്കുന്ന ഒരു നര്‍ത്തകിയുടെ കഥ ബിഷപ്പ് തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു. ''നിങ്ങള്‍ ദൈവത്തിനു വേണ്ടി എന്തുചെയ്യുന്നു? ആന്തരിക സൗന്ദര്യമാണ് മറ്റെന്തിനെക്കാളും വലുത്.'' അദ്ദേഹം പ്രസംഗിച്ചു. ബിഷപ്പിന്റെ വാക്കുകള്‍ പെലഗിയയുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അവള്‍ ദുഃഖിതയായി. ചെയ്തുപോയ തെറ്റുകള്‍ എത്ര വലുതായിരുന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു. പശ്ചാത്തപിച്ച് പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിച്ച പെലഗിയയ്ക്കു ബിഷപ്പ് അപ്പോള്‍ തന്നെ ജ്ഞാനസ്‌നാനം നല്‍കി. യേശുവില്‍ പുതിയൊരു ജീവിതത്തിനു അവള്‍ തുടക്കം കുറിച്ചു. തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും സകലസ്വത്തുക്കളും അവള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു. ഭംഗിയില്ലാത്തതും ആകര്‍ഷകമല്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിച്ചു. സകലതും ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ മുഴുകി ജീവിച്ചു. എന്നാല്‍ അവളുടെ ആരാധകര്‍ക്കും അവളെ ഇഷ്ടപ്പെട്ടിരുന്ന പ്രഭുക്കന്‍മാര്‍ക്കും പെലഗിയയെ തിരികെവേണ്ടിയിരുന്നു. അവര്‍ നിരന്തരമായി അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ വേഷം മാറി അവള്‍ നാടുവിട്ടു. തന്റെ സുന്ദരമായ മുടി മുറിച്ച് അവള്‍ പുരുഷവേഷങ്ങളണിഞ്ഞു. ആരും തിരിച്ചറിയാതിരിക്കാനായിരുന്നു അത്. പിന്നീട് മരണം വരെ ഒരു സന്യാസിനിയായി അവള്‍ ഏകാന്തവാസം നയിച്ചു. ആന്റിയോച്ചിലെ ഗവര്‍ണര്‍ പെലഗിയയെ കണ്ടെത്തുന്നതിനു വേണ്ടി തന്റെ സൈന്യത്തെ തന്നെ അയച്ചു. പക്ഷേ, ആര്‍ക്കും അവളെ കണ്ടെത്താനിയില്ല. ബിഷപ്പ് നോന്നസിന്റെ ശിഷ്യനായിരുന്ന ജെയിംസ് മാത്രമാണ് ഇടയ്ക്കിടെ അവളെ സന്ദര്‍ശിച്ചിരുന്നത്. അദ്ദേഹം തന്നെയാണ് പെലഗിയയുടെ ജീവിതകഥ എഴുതിയത്.
Curtsy : Manuel George @ Malayala Manorama