അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 9
വി. പീറ്റര്‍ ക്ലാവെര്‍ (1581-1654)

മനുഷ്യരെത്തന്നെ വില്‍പ്പനച്ചരക്കാക്കുന്ന അടിമത്തം എന്ന സാമൂഹിക വ്യവസ്ഥിതിയോട് പോരാടിയ വിശുദ്ധനായിരുന്നു പീറ്റര്‍ ക്ലാവെര്‍. സ്വന്തം വര്‍ഗത്തോടു മനുഷ്യന്‍ കാട്ടിയ സാമൂഹിക ദ്രോഹമായിട്ടാണ് അടിമത്തത്തെ അദ്ദേഹം കണക്കാക്കിയിരുന്നത്. സ്‌പെയിനിലെ കാറ്റലോണിയയില്‍ ജനിച്ച പീറ്റര്‍ ക്ലാവെര്‍ തന്റെ വിദ്യാഭ്യാസം നിര്‍വഹിച്ചത് ബാഴ്‌സെലോണ സര്‍വകലാശാലയിലായിരുന്നു. ഇരുപതാം വയസില്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന് അദ്ദേഹം സെന്റ് അല്‍ഫോന്‍സസിന്റെ ജീവിതം മാതൃകയാക്കിയാണ് മിഷനറി പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം 1610 ല്‍ അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെ വച്ചാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കന്‍ നീഗ്രോകളെ അമേരിക്കയിലേക്ക് വ്യാപകമായി കൊണ്ടുവന്നിരുന്ന കാലമായിരുന്നു അത്. സ്‌പെയിനിന്റെ അധീനതയിലായിരുന്ന ആഫ്രിക്കന്‍ കോളനികളില്‍നിന്നാണ് അടിമകളെ ഏറെയും കൊണ്ടുവന്നിരുന്നത്. അടിമക്കച്ചവടത്തിനായി അനേകം കപ്പലുകള്‍ സജ്ജീകരിക്കപ്പെട്ടു. കാര്‍ത്തജേന തുറമുഖത്ത് മാസം തോറും ആയിരത്തിലേറെ അടിമകളെയാണ് അന്ന് കൊണ്ടുവന്നിരുന്നത്. കുന്നുപോലെ കൂട്ടിയിട്ടാണ് കപ്പലില്‍ അവരെ കൊണ്ടുവന്നിരുന്നത്. കപ്പലുകളില്‍ വച്ചു തന്നെ ഒട്ടേറെ നീഗ്രോ അടിമകള്‍ ചത്തൊടുങ്ങി. അവശരും മുറിവേറ്റവരൂമായ മറ്റുള്ളവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. അടിമയുടെ മുതുകില്‍ ചുട്ടുപഴുപ്പിച്ച കമ്പികൊണ്ട് അടയാളം വയ്ക്കുന്നതു പോലെയുള്ള ക്രൂരതകള്‍ പീറ്റര്‍ ക്ലാവറിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, സമ്പന്നവും ശക്തവുമായ അധികാര വര്‍ഗത്തോട് പോരാടി അടിമത്തം ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും അവര്‍ക്ക് ആശ്വാസമേകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരോ അടിമക്കപ്പല്‍ വരുമ്പോഴും പീറ്റര്‍ ക്ലാവര്‍ തുറമുഖത്ത് ഓടിയെത്തുമായിരുന്നു. അവശരായ നീഗ്രോകളെ ശുശ്രൂഷിക്കുവാനും അവരുടെ മനസിലെ വേദനകള്‍ക്ക് ആശ്വാസം പകരുവാനും അദ്ദേഹം ശ്രമിച്ചു. ഉപദേശങ്ങള്‍ കൊടുത്ത് അവരില്‍ പലരെയും ജ്ഞാനസ്‌നാനപ്പെടുത്തി. അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുത്തു. തന്നെക്കൊണ്ടു സാധിക്കുന്ന വിധത്തിലൊക്കെ അദ്ദേഹം അടിമകളെ സഹായിച്ചു. അടിമകള്‍ക്ക് ആത്മാവില്ലെന്നും അവര്‍ക്കു ദൈവമില്ലെന്നും പറഞ്ഞിരുന്ന ആളുകളെ മാനസാന്തരപ്പെടുത്തുവാനാണ് ബാക്കി സമയത്ത് അദ്ദേഹം ശ്രമിച്ചത്. നിരവധി പേരെ യേശുവിന്റെ വഴിയിലൂടെ അദ്ദേഹം തിരിച്ചുവിട്ടു. മൂന്നു ലക്ഷത്തോളം ആളുകളെ ഈവിധം പീറ്റര്‍ ക്ലാവെര്‍ മാനസാന്തരപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 1654 സെപ്റ്റംബര്‍ എട്ടാം തീയതിയാണ് അദ്ദേഹം മരിച്ചത്. 1888 പോപ് ലിയോ എട്ടാമന്‍ പീറ്റര്‍ ക്ലാവെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama