SEASONS OF ANNUNCIATION  (Agmanamkalam)


1st Monday
ലൂക്ക 9:37-43
തന്റെ മകനുവേണ്ടിയുള്ള ഒരു പിതാവിന്റെ വിശ്വാസത്തോടുകൂടിയ വിലാപമാണ് യേശു അവനെ സുഖപ്പെടുത്തുവാന്‍ കാരണം. മക്കള്‍ക്കുവേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിക്കുക എന്നതാണ് മാതാപിതാക്കളുടെ ധര്‍മ്മം. ഒന്നല്ല, ഒരുപാട് ദുഷ്ടാരൂപികളുടെ പിടിയിലാണ് പലപ്പോഴും നമ്മുടെ മക്കള്‍. ഓര്‍ക്കുക, നമ്മുടെ വിശ്വാസവും കണ്ണുനീരും കണ്ടാണ് ദൈവം ആ മക്കളെ സുഖപ്പെടുത്തുക.
1st Tuesday
ലൂക്ക 1:18-20
ദൂതന്റെ വചനം ശ്രവിച്ച സഖറിയായ്ക്ക് ആദ്യം ഉണ്ടായത് ഏതാനും സംശയങ്ങളാണ്. സത്യത്തില്‍ സംശയത്തിന്റെ വന്‍ മലകളാണ് വിശ്വാസത്തിന് വെല്ലുവിളിയായി എപ്പോഴും നിലകൊള്ളുന്നത്. എന്താ എനിക്കു മാത്രം ഇങ്ങനെ? എന്റെ കുടുംബത്തിനും മക്കള്‍ക്കും മാത്രം എന്താ ഈ ഗതി? ഇങ്ങനെ പോകുന്നു സംശയങ്ങളുടെ നീണ്ട നിര. ഇത്തരം സംശയങ്ങള്‍ നമ്മുടെ വിശ്വാസ ജീവിതത്തെ ഉലച്ചേക്കാം. എന്നാല്‍ യഥാകാലം നമ്മുടെ ജീവിതത്തിലൂടെ പൂര്‍ത്തിയാകാനിരിക്കുന്ന ദൈവിക പദ്ധതിയ്ക്ക് കീഴ്‌വഴങ്ങുക എന്നതാണ് വിശ്വാസത്തിന്റെ ഉന്നതതലം.
1st Wednesday
യോഹ 8:26-30
തന്നെ അയച്ചവന്‍ തന്റെ കൂടെയുണ്ട് എന്ന ദൃഢമായ വിശ്വാസമാണ് ഈശോയുടെ ജീവിതത്തെ മുന്നോട്ടുനയിച്ചത്. നമ്മെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്കയച്ച 'ദൈവം നമ്മോടുകൂടെ' ഉണ്ട് എന്ന 'ഇമ്മാനുവേല്‍' അനുഭവം സ്വന്തമാക്കാന്‍ നമുക്കു കഴിയണം. നമ്മുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും ദൈവം നമ്മെ തനിയെ വിട്ടിരിക്കുകയല്ല എന്ന് ക്രിസ്തുവിനെപ്പോലെ വിശ്വസിക്കാന്‍ നമുക്കും സാധിക്കണം.
1st Thursday
മത്താ 24:45-51
ദൈവത്തിന്റെ ഭവനത്തിലെ വിശ്വസ്തരായ ഭൃത്യന്മാരാകണം നമ്മള്‍. 2 ഗുണങ്ങളാണ് നല്ല ഭൃത്യന്മാര്‍ക്കുണ്ടാകേണ്ടത്. 1. വിശ്വസ്തത, 2. വിവേകം, യജമാനനോട് വിശ്വസ്തത ഉണ്ടാകണം ഒപ്പം ഏല്പിക്കപ്പെട്ട കാര്യങ്ങള്‍ വിവേകപൂര്‍വ്വം നിര്‍വഹിക്കണം. മനുഷ്യന് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 2 ഗുണങ്ങള്‍ ഇതുതന്നെയാണ്. തമ്പുരാന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്വസ്തതയും വിവേകവും കൈവിടാതെ സൂക്ഷിക്കാനും ഒപ്പം സഹജീവികളോട് സഹാനുഭൂതിയോടെ വര്‍ത്തിക്കാനും നമുക്കാവണം.
1st Friday
മത്താ 13:12-17
കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും ഉള്ള ഭാഗ്യവാന്മാരാണ് നമ്മള്‍. പക്ഷേ കാണേണ്ടത് കാണാനും കേള്‍ക്കേണ്ടാത്തത് കേള്‍ക്കാനുമാണ് പലപ്പോഴും നമുക്കു താത്പര്യം. അതിലുപരിയായി പലതും കണ്ടും കേട്ടും മടുത്ത് ഹൃദയം കഠിനമായിപ്പോയ ഒരു തലമുറയാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഈശോ ഇന്ന് കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഓരോരുത്തരെയുമാണ്. കാണേണ്ടാത്തതിനും കേള്‍ക്കേണ്ടാത്തതിനും നേരെ കണ്ണുകളും കാതുകളും അടച്ച് വച്ച് ഹൃദയം നിര്‍മ്മലമായി സൂക്ഷിക്കുവാന്‍ നമുക്കു സാധിക്കണം.
1st Saturday
ലൂക്ക 9:57-62
ഭൂമിയില്‍ തല ചായ്ക്കുവാന്‍ ഒരിടമില്ലാതെ അലഞ്ഞുതിരിഞ്ഞവനായിരുന്നു ക്രിസ്തു. എന്നിട്ടും അവന്റെ പേരില്‍ നമ്മള്‍ പണിതുയര്‍ത്തുന്ന വലിയ ദേവാലയങ്ങളിലും വിദ്യാലയങ്ങളിലും ആതുരാലായങ്ങളിലും അവന്റെ സാന്നിധ്യം ഉണ്ടോ എന്ന് നമ്മള്‍ ഉറപ്പുവരുത്തണം. വീടുകള്‍ കൊട്ടാരസദൃശ്യമായി മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാലിത്തൊഴുത്തില്‍ വന്ന് പിറന്ന് ലാളിത്യത്തിനു വലിയ മാതൃക നല്‍കിയ ക്രിസ്തുവിനെ അടുത്തനുകരിക്കുവാന്‍ നമ്മെ തടസ്സപ്പെടുത്തുന്നതെന്തോ അതിനെ ഉപേക്ഷിക്കുവാനുള്ള ധൈര്യമുണ്ടാകണം.
2nd Monday
യോഹ 14:1-14
തന്റെ നാമത്തില്‍ നിങ്ങള്‍ ചോദിക്കുന്നതെന്തും ദൈവം നിങ്ങള്‍ക്കു തരും എന്നത് ക്രിസ്തു നമുക്ക് നല്കുന്ന ഉറപ്പാണ്. നമ്മള്‍ പലപ്പോഴും ക്രിസ്തുവഴി എന്നതിനേക്കാള്‍ പ.അമ്മയുടേയും മറ്റു വിശുദ്ധരുടേയും മാദ്ധ്യസ്ഥശക്തിയില്‍ ആശ്രയിക്കുന്നവരാണെങ്കില്‍ ഓര്‍ക്കുക ആദ്യം ഈശോയ്ക്കും അവിടുന്ന് സ്ഥാപിച്ച ദിവ്യബലിയ്ക്കും പ്രാധാന്യം നല്‍കുക. അതിനുശേഷം മാത്രം മരിയഭക്തിയും വിശുദ്ധരുടെ നൊവേനകളും.
2nd Tuesday
ലൂക്ക 10:21-24
ഉള്ള് തുറന്ന് സന്തോഷിക്കുവാന്‍ സാധിക്കുക എന്നത് ഒരു വലിയ ദൈവകൃപയാണ്. പ.ആത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് ആനന്ദം. ജീവിതത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ് സന്തോഷത്തോടെ ആയിരിക്കുവാന്‍ കഴിഞ്ഞവനാണ് ക്രിസ്തു. ആ സന്തോഷമാണ് അവന്‍ മറ്റുള്ളവരോട് പങ്കുവച്ചതും. സന്തോഷത്തോടെ ആയിരിക്കാനും അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനും നമുക്കു സാധിക്കണം. ശിശുക്കളുടെ ഏറ്റവും വലിയ ഗുണം തന്നെ അവര്‍ എപ്പോഴും സന്തോഷമുള്ളവരാണ് എന്നതാണല്ലോ. അപ്പോള്‍ ദൈവം തന്റെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തും.
2nd Wednesday
ലൂക്ക 1:34-38
മറിയം ദൂതനോട് ചോദിക്കുകയാണ്. ഇതെങ്ങനെ സംഭവിക്കും എന്ന്? ഉടന്‍ ദൂതന്‍ അവള്‍ക്ക് സംശയനിവാരണം വരുത്തും. നമ്മുടെ ജീവിതത്തിലെ ദൈവികപദ്ധതിയെക്കുറിച്ചും ശക്തിയെക്കുറിച്ചും സംശയം നിഴലിക്കുന്ന ജീവിത അനുഭവങ്ങള്‍ നമുക്കും നേരിട്ടേക്കാം ഇതിനായി പല സിദ്ധന്‍മാരുടേയും ആള്‍ ദൈവങ്ങളുടേയും ജ്യോതിഷത്തിന്റേയുമൊക്കെ പിന്നാലെ പോകുന്ന നാളുകളാണിത്. എന്നാല്‍ നമ്മുടെ ചോദ്യങ്ങള്‍, സംശയങ്ങള്‍ തമ്പുരാനോട് ഉണര്‍ത്തിക്കുക തീര്‍ച്ചയായും നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവിടുത്തെ പക്കലുണ്ട്.
2nd Thursday
ലൂക്ക 1:39-45
പ.ആത്മാവിനാല്‍ നിറഞ്ഞ് ഈശോയെ ഉദരത്തില്‍ വഹിച്ച പ.അമ്മ ചെയ്ത ആദ്യകാര്യം തന്റെ സഹായം ആവശ്യമുള്ള എലിസബത്തിന്റെ അടുത്തേക്കുപോയി എന്നതാണ്. അതും തിടുക്കത്തില്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സംവഹിക്കുന്ന പ.ആത്മാവ് നിറഞ്ഞ ഒരു ക്രിസ്തുശിഷ്യന് ഉണ്ടാകേണ്ട പ്രധാന ഗുണമാണ് സഹായമനസ്‌കത. തന്റെ ആവശ്യം എവിടെയാണോ ആര്‍ക്കാണോ എപ്പോഴാണോ എന്ന് തിരിച്ചറിഞ്ഞ് ഉടന്‍ അത് നിറവേറ്റുവാനുള്ള ഒരു പ്രേഷിതതീക്ഷണത (ങശശൈീിമൃ്യ ദലമഹീൗ)െ അതാണ് ദൈവം നമ്മിലുണ്ട് എന്നതിനൊരു തെളിവ്.
2nd Friday
ലൂക്ക 1:46-56
തമ്പുരാന്‍ നല്കിയ അനുഗ്രഹങ്ങള്‍ക്കു ഉച്ചത്തില്‍ സ്തുതിയും ദൈവത്തിന് നന്ദിപറഞ്ഞവളുമാണ് പരി. അമ്മ. അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്ന ഒരു നമുക്ക് വളര്‍ത്തിയെടുക്കാനാവണം. ദൈവശാസ്ത്രജ്ഞര്‍ പറയുന്ന മറിയം 3 തരത്തിലുള്ള വിപ്ലവം ആണ് തന്റെ സ്‌തോത്രഗീതത്തില്‍ ദൈവം നടപ്പിലാക്കിയത് എന്ന് 1. ശക്തരെ സിംഹാസനത്തില്‍ നിന്നും താഴെയിട്ടു. എളിയവരെ ഉയര്‍ത്തി. 2. സാമൂഹികം ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. 3. സാമ്പത്തികം വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സമ്പന്നരാക്കി. സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയച്ചു. ഈ ഒരു സാമൂഹികമനസ്ഥിതി നിലവില്‍ വരാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കണം, പരിശ്രമിക്കണം.
2nd Saturday
ലൂക്ക 11:33-36
നിന്റെ ശരീരം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ദൈവം തന്നിരിക്കുന്ന വലിയ വിളക്കാണ് നിന്റെ കണ്ണുകള്‍. എന്നാല്‍ ഈ കണ്ണുകള്‍ നമ്മെ ഇരുട്ടിലേക്കാണോ പലപ്പോഴും നയിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സത്യത്തില്‍ ശരീരത്തിന്റെ വിശുദ്ധി എന്നത് കണ്ണിന്റെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കും. നിന്റെ നയനങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നുവോ? അതോ കണ്ണിനിമ്പം തരുന്ന കാഴ്ചകള്‍ക്കു പിന്നാലെ തിടുക്കത്തില്‍ പോകുന്നവരാണോ നമ്മള്‍.
3rd Monday
ലൂക്ക 6:43-45
ഹൃദയത്തിന്റെ നിറവില്‍ നിന്നാണ് അധരം സംസാരിക്കുന്നത്. നമ്മുടെ സംസാരം എപ്രകാരമാണ്. അസൂയയും പരദൂഷണങ്ങളുമാണോ എന്റെ നാവിനെ അടക്കിവാഴുന്നത്? പലപ്പോഴും നമ്മുടെ നാവിന്റെ തിന്മ ഹൃദയത്തിന്റെ തന്നെ ദുഷ്ടത വെളിപ്പെടുത്തുന്നു. അതുകൊണ്ട് നമ്മള്‍ ചീത്ത വൃക്ഷമാണോ നല്ല വൃക്ഷമാണോ എന്ന് ഒരു പിരിധിവരെ നമ്മുടെ സംസാരം തന്നെ വെളിപ്പെടുത്തുന്നു. അധരങ്ങളെ വിശുദ്ധമായി സൂക്ഷിക്കാന്‍ നാം പഠിക്കണം.
3rd Tuesday
മര്‍ക്കോ 3:1-6
കര്‍ത്താവിനു വഴിയൊരുക്കുക എന്നതായിരുന്നു സ്‌നാപകന്റെ ജീവിതദൗത്യം. തന്റെ ലളിതജീവിതത്തിലൂടെയും ധീരമായ പ്രഘോഷണത്തിലൂടെയും അവന്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചു. സത്യത്തില്‍ ക്രിസ്തുവിനുവഴിയൊരുക്കുക എന്നതുതന്നെയാണ് ഏതൊരു ഉത്തമ ക്രിസ്ത്യാനിയുടേയും ജീവിതദൗത്യം. ആ ദൗത്യം നിറവേറ്റും വിധമാണോ നമ്മുടെ ജീവിതരീതിയും ശൈലിയും പ്രഭാഷണവും എല്ലാമെന്ന് ഒരു സ്വയം വിലയിരുത്തല്‍ നമുക്കുണ്ടാവണം.
3rd Wednesday
ലൂക്ക 16:10-13
ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് വലിയ കാര്യങ്ങള്‍ വിശ്വസ്തമായി ഒരുവനെ ഏല്പിക്കാന്‍ കാരണമാകുന്നത്. ദൈവത്തോട് നമുക്കു ചെയ്യാനുള്ള കൊച്ചുകൊച്ചുകാര്യങ്ങള്‍ അത് ഒരുപക്ഷേ ഒരു കുരിശുവരയോ, ജപമാല എത്തിക്കലോ, കുര്‍ബ്ബാനയിലുള്ള സജീവപങ്കാളിത്തമോ അല്ലെങ്കില്‍ നമുക്കായി ഏല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ ഉത്തരവാദിത്വങ്ങളോ എന്തുമാകട്ടെ അത് അവനെപ്രതി വിശ്വസ്തമായി ചെയ്യാന്‍ നമുക്ക് സാധിക്കണം.
3rd Thursday
ലൂക്ക 1:67-79
വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തെ സഖറിയാ വാഴ്ത്തുകയാണ്. വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമായി അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് വീണ്ടെടുപ്പ് നടത്തി. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ച ദിവസമാണ് ക്രിസ്തുമസ്സ്. കാരണം പിതാക്കന്‍മാരുമായുള്ള ഉടമ്പടി അനുസ്മരിപ്പിക്കുന്നവനാണ് ദൈവം. ദൈവം വാക്കിലും വാഗ്ദാനങ്ങളിലും വിശ്വസ്തതനാണ് എന്നാല്‍ പൊള്ളയായ വാഗ്ദാനങ്ങളും പാഴ്‌വാക്കുകളും കൊണ്ട് നമ്മുടെ ജീവിതം പരിഹാസപൂര്‍ണ്ണമാകുന്നോ?.
3rd Friday
മര്‍ക്കോ 1:1-8
ക്രിസ്തുവിനുവേണ്ടി വഴി ഒരുക്കി തന്റെ രക്ഷകന്റെ വരവോടെ രംഗത്തുനിന്നുപോകുന്ന എളിയ ദാസനാണ് യോഹന്നാന്‍. തന്റെ പിന്നാലെ വരുന്നവന്‍ തന്നെക്കാള്‍ എല്ലാ തരത്തിലും ഒന്നാമനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാറിനില്‍ക്കുന്നു. രാഷ്ട്രീയരംഗത്താകട്ടെ മതപരമായ രംഗത്താകട്ടെ പിന്നാലെ വരുന്നവര്‍ക്കായി കളമൊഴിഞ്ഞുകൊടുക്കുവാനും അവരെ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നമുക്കു സാധിക്കണമെങ്കില്‍ നമ്മള്‍ സ്‌നാപകനോളം വളരണം.
3rd Saturday
യോഹ 3:31-36
നമ്മുടെ വാക്കുകളാണ് നമ്മള്‍ ദൈവത്തില്‍ നിന്നുള്ളവനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകളാണ് സംസാരിക്കുക. നമ്മുടെ സംഭാഷണരീതികള്‍ ക്രൈസ്തവചൈതന്യത്തിനിട വരുത്തുന്ന രീതിയിലായി മാറിയിട്ടുണ്ടോ. അളന്നുകൊണ്ടല്ല ദൈവം ആര്‍ക്കും ആത്മാവിനെ നല്‍കുന്നത്. അതിനാല്‍ ആത്മാവിനുവേണ്ടി ദാഹിച്ചൊരുങ്ങി നമുക്ക് കാത്തിരിക്കാം.
4th Monday
ലൂക്ക 1:15
ക്രിസ്തുവിന്റെ മനുഷ്യാവതാരരഹസ്യത്തെ യോഹന്നാന്‍ വിവരിച്ചിരിക്കുന്ന രീതിയാണ് ഇത്. ആദിയില്‍ വചനം (ലോഗോസ്) ഉണ്ടായിരുന്നു. വചനം (ലോഗോസ്) ദൈവമായിരുന്നു. ഈ വചനം ക്രിസ്തുവാണ്. ക്രിസ്തുവാണ് ജീവന്റെ വെളിച്ചം. വചനമായ വെളിച്ചമായ ക്രിസ്തുവിനെ അറിയാനും പഠിക്കാനും ജീവിതത്തില്‍ സ്വീകരിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ?
4th Tuesday
യോഹ 1:6-13
തന്നില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവങ്ങളാകുവാന്‍ അവന്‍ കഴിവുനല്‍കി. ക്രിസ്തുവിലുള്ള വിശ്വാസം വഴി നാം ദൈവമക്കള്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. പത്രോസ് പറയുന്നുണ്ട് ''കണ്ടാലും എത്ര വലിയ സ്‌നേഹമാണ് അവിടുന്ന് നമ്മോട് കാണിച്ചിരിക്കുന്നത്. ദൈവമക്കളെന്ന് നാം വിളിക്കുന്നു.'' ക്രിസ്തുവിലൂടെ ദൈവമക്കളുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട നമ്മള്‍ അതിനുയോജിച്ചവിധം വാക്കിലും പെരുമാറ്റത്തിലും വ്യാപരിക്കാന്‍ കഴിയുന്നുണ്ടോ.
4th Wednesday
യോഹ 1:43-51
നിഷ്‌കപടനായ ഇസ്രായേല്‍ക്കാരന്‍ ഈശോ നഥാനിയേലിനു നല്‍കുന്ന വിശേഷം ഇതാണ്. കാപട്യത്തെ ഒരുപാട് വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആളാണ് ക്രിസ്തു. കപടഭക്തരായ നിയമജ്ഞരേയും ഫരിസേയരേയും അതിനിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. നമ്മുടെ ജീവിതത്തില്‍ കാപട്യമെന്ന ദുര്‍വൃത്തി മാറ്റിക്കളഞ്ഞ് നിഷ്‌കപടമായി ചിന്തിക്കാന്‍ ചിരിക്കാന്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കണം.
4th Thursday
മത്താ 5:17-20
ഇസ്രായേല്‍ ജനത്തിന്റെ അടിസ്ഥാനപ്രമാണമാണ് നിയമ (തോറ) വും പ്രവാചകന്മാരും ഇതിന്റെ പൂര്‍ത്തീകരണമായാണ് മത്തായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. അതായത് പഴയനിയമത്തിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തു. പ്രമാണങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുകയും പാലിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍ എന്ന പദവി സ്വന്തമാക്കാന്‍ പരിശ്രമിക്കാം.
4th Friday
യോഹ 7,25-31
ഈശോയെ കൊല്ലാന്‍ നോക്കുന്നവരുടെ മുമ്പില്‍ ധീരതയോടെ നില്‍ക്കുന്ന കര്‍ത്താവ്. കര്‍ത്താവ് പഠിപ്പിച്ചത് സത്യത്തെ കുറിച്ചാണ്. കര്‍ത്താവ് വന്നത് സത്യത്തിന് സാക്ഷ്യം നല്‍കാനുമാണ്. ഇത്രയും സുതാര്യമായി ജീവിക്കുന്നവന് മരണത്തെ ഭയപ്പെടാനില്ല്. നാം സത്യത്തിന് സാക്ഷ്യം നല്‍കുന്നവരാണോ?
4th Saturday
ലൂക്കാ 12,54-59
കാലത്തെ വ്യാഖ്യാനിക്കുന്നവര്‍ക്ക് നീതിയെയും ധാര്‍മ്മികതയെയും വ്യാഖ്യാനിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കര്‍ത്താവ് കുറ്റപ്പെടുത്തുന്നു. കുറവുകള്‍ ക്ഷമിക്കുന്നതാണ് കര്‍ത്താവിന്റെ സ്‌നേഹം. കുറവുളളവനെ കൂടുതല്‍ കര്‍ത്താവ് ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. നാം ക്രിസ്തു അനുയായികളാണെങ്കില്‍ ചെയ്യേണ്ടതും ഇത് തന്നെയാണ്.