SEASONS OF APOSTLES  (Slihakalam)

1st Monday
മത്താ 11:25-30
നീ അധ്വാനിക്കുന്നവനാണെങ്കില്‍ ജീവിതത്തിന്റെ ഭാരം ചുമക്കുന്നവനാണെങ്കില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിനക്കാശ്വാസമുണ്ട്. അവന്‍ നിന്റെ ജീവിതഭാരത്തിന്റെ ചുമടുകള്‍ ഇറക്കിവയ്ക്കും. അല്ല, അവന്‍ നിന്റെ അനുദിനജീവിതത്തിന്റെ ഭാരം സ്വീകരിക്കും.
1st Tuesday
മത്താ 20:29-34
രണ്ടുതരത്തിലുള്ള വ്യക്തികളെയാണ് നാം കാണുന്നത്. ഒന്ന് കര്‍ത്താവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍. രണ്ടാമത്തേത് പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുന്നവര്‍. കുടുംബത്തില്‍ പ്രാര്‍ത്ഥിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നവര്‍ ഉണ്ടായിരിക്കും. പക്ഷെ തളരരുത്. അനുഗ്രഹത്തിനായി നീ ഉറക്കെ നിലവിളിക്കുക.
1st Wednesday
മത്താ 13:31-35
ഇന്നത്തെ ലോകത്തിന്റെ താത്പര്യങ്ങളുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ വിശ്വാസം, പ്രാര്‍ത്ഥന, സഭ, വചനം, ദൈവം എന്നിവ വളരെ പ്രാധാന്യം കുറഞ്ഞവയായിരിക്കും. എന്നാല്‍ നിന്റെ ജീവിതത്തിനു മുഴുവന്‍ രക്ഷ പ്രദാനം ചെയ്യാന്‍ കെല്പുള്ളവയാണ് ഇതെല്ലാം എന്ന് നീ മറക്കരുത്.
1st Thursday
യോഹ 2:13-25
പരിശുദ്ധാത്മാവിന്റെ ആലയമായ നിന്റെ ശരീരത്തെ നീ അശുദ്ധമാക്കുന്നുണ്ടെങ്കില്‍ കര്‍ത്താവ് നിനക്കെതിരെ ശബ്ദമുയര്‍ത്തും. വിശുദ്ധിക്കും പവിത്രതക്കും ചേരാത്ത വിധത്തില്‍ നീ ദേവാലയത്തില്‍ വ്യാപരിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നീ പുറത്താക്കപ്പെടും.
1st Friday
ലൂക്ക 7:11-23
കര്‍ത്താവിന്റെ ഇടപെടല്‍ കണ്ട ജനം പറഞ്ഞു ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. ജീവിതത്തില്‍ അത്താണി നഷ്ടപ്പെടുന്നവരെ അവിടുന്ന് സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നീ ചെയ്യേണ്ടത് ഇത്രമാത്രം അവനെ നിന്റെ ജീവിതത്തില്‍ ഇടപ്പെടാന്‍ അനുവദിക്കുക.
1st Saturday
യോഹ 6:25-29
അന്നന്നത്തെ അപ്പത്തിനുവേണ്ടി നീ അധ്വാനിക്കുമ്പോഴും അനശ്വരമായ നിത്യജീവന്റെ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാന്‍ മറക്കരുത്. കാരണം നിത്യജീവന്റെ അപ്പമായ വി. കുര്‍ബ്ബാന നിനക്ക് പ്രതിബന്ധങ്ങളില്‍ തളരാതിരിക്കുവാനുള്ള ഊര്‍ജ്ജം നല്‍കും.
2nd Monday
യോഹ 11:17-27
കര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ നിനക്കു ജീവന്‍ നഷ്ടപ്പെടും. നീ മരിച്ചവനെപ്പോലെ ആകും. എന്നാല്‍ കര്‍ത്താവിന്റെ സാന്നിധ്യം നിനക്ക് പുതുജന്മം നല്‍കും കാരണം അവനാണ് പുനരുത്ഥാനവും ജീവനും.
2nd Tuesday
യോഹ 6:64-71
നമ്മുടെയെല്ലാം ജീവിതത്തിന്റെ ശരിയായ ലക്ഷ്യമാണ് പത്രോസ് പറഞ്ഞത്. നിത്യജീവന്റെ വചനമായ കര്‍ത്താവിനെ വിട്ടിട്ട് ഞങ്ങള്‍ എവിടെപോകും. ജീവന്‍ തരുന്ന തിരുവചനവും കൂദാശകളും ഉപേക്ഷിച്ചുപോകാതിരിക്കാന്‍ പരിശ്രമിക്കണം.
2nd Wednesday
യോഹ 6:37-44
നിന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന ദാഹം തീര്‍ക്കാന്‍ നീ എവിടേക്കാണ് പോകുന്നത്. നിത്യജീവന്റെ അരുവികളായ കൂദാശകള്‍ക്കും, ദൈവവചനത്തിനും മാത്രമേ നിന്റെ ആത്മദാഹം തീര്‍ക്കാന്‍ സാധിക്കൂ.
2nd Thursday
യോഹ 6:51-59
ഭക്ഷണവും പാനീയവും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായവയാണ്. മനുഷ്യന്റെ അദ്ധ്വാനത്തിന്റെ ഫലമായ ഭക്ഷണമായി അവിടുന്ന് തന്റെ ശരീര-രക്തങ്ങള്‍ മാറ്റി. കാരണം ഈ ലോകത്തിന്റെ വെല്ലുവിളികള്‍ക്കുമുന്നില്‍ തളര്‍ന്നുപോകാതെ കൂടുതല്‍ ദൂരം സഞ്ചരിക്കുവാന്‍ നിനക്കു ദൈവത്തിന്റെ കൃപ ആവശ്യമാണ്.
2nd Friday
യോഹ 6:45-50
ദൈവത്തെ കണ്ടുമുട്ടണമെങ്കില്‍ നീ ദൈവത്തില്‍ നിന്നുള്ളവനാകണം. അതായത് ദൈവീകകൃപകള്‍ നിന്നിലുണ്ടാകണം. വലിയ കൃപയായ വിശ്വാസത്തോടുകൂടെ നീ കര്‍ത്താവിന്റെ അപ്പം ഭക്ഷിച്ചാല്‍ നിനക്ക് മരണമുണ്ടാകില്ല, നിത്യജീവന്‍ മാത്രം.
2nd Saturday
യോഹ 6:1-15
എന്തുകൊണ്ട് വിശപ്പും ദാഹവും സഹിച്ച് ജനക്കൂട്ടം യേശുവിന്റെ അടുത്തേയ്ക്കുവന്നു? കാരണം അവന്റെ വചനങ്ങള്‍ നിറവ് നല്കുന്നവയായിരുന്നു. ഈ തിരിച്ചറിവ് അവര്‍ക്കുണ്ടെന്ന് കണ്ടതിനാല്‍ അവിടുന്ന് അവരെ സംതൃപ്തരാക്കി. വിശക്കുന്നവനു മുമ്പില്‍ അപ്പമാകാനും അപ്പമേകാനും അവനു കഴിഞ്ഞു.
3rd Monday
യോഹ 6:30-36
യഥാര്‍ത്ഥ സംതൃപ്തി നല്‍കുന്ന അപ്പം തരുന്നത് ദൈവമാണ്. സംതൃപ്തിക്കുവേണ്ടി നീ മറ്റെവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ നിരാശപ്പെടും. കാരണം ലോകം വച്ചു നീട്ടുന്ന സംതൃപ്തി താത്കാലികമാണ്. എന്നാല്‍ ദൈവം നല്‍കുന്നത് ശാശ്വതമാണ്.
3rd Tuesday
മത്താ 18:6-9
നീ മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതെന്താണ്? ദുഷ്‌പ്രേരണയോ, സത്‌പ്രേരണയോ, നിന്റെ സംസാരം പെരുമാറ്റം, വസ്ത്രധാരണം എന്നിവ അപരന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് ശരിയായിട്ടാണോ തെറ്റായിട്ടാണോ ആത്മശോധന ചെയ്യുക.
3rd Wednesday
യോഹ 4:39-42
നിന്റെ ജീവിതത്തിലുള്ള കര്‍ത്താവിന്റെ ഇടപ്പെടലുകള്‍ നീ സാക്ഷ്യപ്പെടുത്തുന്നുണ്ടോ? നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെയെങ്കിലും വിശ്വാസത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. ഇതാണ് ക്രിസ്തു ശിഷ്യന്റെ ദൗത്യം.
3rd Thursday
ലൂക്ക 8:4-15
നമ്മുടെ ജീവിതത്തില്‍ രണ്ടു തെരഞ്ഞെടുപ്പുകള്‍ ഉണ്ട് ഒന്നുകില്‍ വിളയാകുക, അല്ലെങ്കില്‍ കളയാകുക അപരന്റെ ജീവിതത്തിന് നീ വചനം വളരുന്ന വിളയോ അതോ വചനത്തെ ഞെരുക്കുന്ന കളയോ. രണ്ടായാലും നീ കണക്കു കൊടുക്കേണ്ടിവരും.
3rd Friday
യോഹ 19:30-37
ജീവിച്ചിരുന്നപ്പോള്‍ അവന്‍ എല്ലാം നല്കി, മരണശേഷവും അവന്‍ നല്കി, ഉത്ഥാനത്തിനുശേഷവും അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കുന്നതുകൊണ്ടായിരിക്കും അവന്റെ ഹൃദയം തിരുഹൃദയമായത്.
3rd Saturday
ലൂക്ക 2:41-51
നിന്റെ അന്വേഷണങ്ങള്‍ ചെന്നെത്തേണ്ടത് ദേവാലയത്തിലാണ് കാരണം അമൂല്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിനക്കു നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ദൈവാലയത്തില്‍ നിന്ന് മാത്രമേ നിനക്ക് അത് തിരിച്ചുകിട്ടൂ.
4th Monday
മര്‍ക്കോ 5:25-34
നാം എവിടെയൊക്കെ പോയാലും എത്രമാത്രം ചെലവഴിച്ചാലും കര്‍ത്താവില്‍ നിന്നു ലഭിക്കാനുള്ളത് അവിടെ നിന്നുമാത്രമേ ലഭിക്കൂ. വിശ്വാസത്തോടെ, ആഗ്രഹത്തോടെ, സ്പര്‍ശിക്കാം...സൗഖ്യം നേടാം.
4th Tuesday
ലൂക്ക 10:38-42
മറിയത്തിന്റെ സുകൃതം അതായിരുന്നു, കേള്‍ക്കുവാനുള്ള സന്മനസ്സ്. മനുഷ്യനായാലും ദൈവമായാലും അവരെ നാം കേള്‍ക്കണം. ദൈവത്തെ കേള്‍ക്കുന്നവന്റെ തെരഞ്ഞെടുപ്പുകള്‍ നല്ലതായിരിക്കും.
4th Wednesday
മത്താ 14:22-33
ചില കാര്യങ്ങളോട് അരുത് എന്ന് പറയാനുള്ള ചങ്കൂറ്റമാണ് നിന്നെ യഥാര്‍ത്ഥ ശിഷ്യനാക്കുന്നത്. നിന്റെ ജീവിതത്തെ ഭാരപ്പെടുത്തുന്നവയെ വേണ്ട എന്നു വച്ചിട്ട് വേണം നീ കര്‍ത്താവിനെ അനുഗമിക്കാന്‍.
4th Thursday
മര്‍ക്കോ 7:24-30
പ്രാര്‍ത്ഥനയിലെ പ്രതിബന്ധങ്ങളെ നീ ശരിയായ രീതിയില്‍ നേരിടാന്‍ നിനക്കാവശ്യമായവ ലഭിക്കും, ആത്മീയവഴികളില്‍ ഇടറരുത്. തളരരുത്.
4th Friday
മര്‍ക്കോ 5:21-25, 35-43
കര്‍ത്താവ് നിന്റെ ഭവനത്തിലേക്ക് വന്നാല്‍ അവിടെ അനുഗ്രഹം നടക്കും. കര്‍ത്താവിനെ നിന്റെ ഹൃദയത്തിലേക്കും, വീട്ടിലേക്കും കൊണ്ടുപോകാന്‍ നീ എന്തുചെയ്യുന്നുണ്ട്?
4th Saturday
മര്‍ക്കോ 1:40-45
ദൈവഹിതത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പ്രാര്‍ത്ഥനയാണ് ശ്രവിക്കപ്പെടുക നിന്റെ പ്രാര്‍ത്ഥനയില്‍ ദൈവഹിതത്തിനാണോ നിന്റെ ഹിതത്തിനാണോ പ്രാധാന്യം...
5th Monday
യോഹ 16:25-33
ഒരു ക്രൈസ്തവന്റെ ദൗത്യം തീക്ഷണമായ വിശ്വാസത്തോടെ ഈശോയെ ഏറ്റുപറയുക എന്നതാണ്. ലോകത്തിന്റെ മായകളെ അതിജീവിച്ച് യേശുവിന് സാക്ഷ്യം നല്കുക. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും അനുകൂലമാണെങ്കിലും അതിനായി ലോക പരീക്ഷണങ്ങളെയെല്ലാം കുരിശുമരണ ഉത്ഥാനത്തിലൂടെ കീഴടക്കിയ ഈശോ ശക്തിയായിരിക്കട്ടെ. ആ ക്രൂശിതനിലേക്ക് മിഴി ഉയര്‍ത്തുന്നതാകട്ടെ നമ്മുടെ സമാധാനം.
5th Tuesday
മത്താ 11:16
ക്രിസ്തു ലോകത്തിലേയ്ക്ക് വന്നത് ദൈവരാജ്യത്തിന്റെ സുവിശേഷത്തിന് സാക്ഷ്യമേകാനും, സാക്ഷ്യമാകാനുമായിരുന്നു. അതുതന്നെയാണ് നമ്മുടെ ദൗത്യവും, ക്രിസ്തുവില്‍ ഇടര്‍ച്ച തോന്നാതെ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കാം, ക്രിസ്തുവിന് സാക്ഷ്യമേകാം.
5th Wednesday
മര്‍ക്കോ 12:1-12
ലോകമാകുന്ന മുന്തിരിതോട്ടത്തിലെ ഫലങ്ങള്‍ നേടാന്‍ തന്റെ പുത്രനെ വരെ ബലികഴിച്ച ദൈവത്തിന്റെ സ്‌നേഹം, ആ പിതാവിന്റെ സ്‌നേഹത്തിലേക്ക് നമുക്ക് തിരിച്ചുവരാം അതുവഴി അവിടുത്തെ സ്വര്‍ഗ്ഗരാജ്യമാകുന്ന മുന്തിരിത്തോപ്പിലെ വിശ്വസ്തരായ കൃഷിക്കാരാകാം.
5th Thursday
യോഹ 6:60-63
നശ്വരമായ ശരീരത്തിനാണോ അനശ്വരമായ ആത്മാവിനാണോ പ്രാധാന്യം കൂടുതല്‍? ക്രിസ്തുവിന്റെ ജീവവചസ്സുകളെ മുറുകെപിടിച്ച് നമ്മുടെ ആത്മാവിനെ ദൈവത്തിലേയ്ക്ക് ഉയര്‍ത്തുന്ന വിധത്തിലാകട്ടെ നമ്മുടെ പ്രയാണവും.
5th Friday
മത്താ 13:24-30, 36-43
നിന്റെ പ്രവൃത്തികളാണ് നിന്നെ കളയാക്കുന്നതും വിളയാക്കുന്നതും. മറ്റുള്ളവര്‍ക്ക് കളയാകാതെ വിളയാകാനും അതുവഴി കര്‍ത്താവിന് നൂറുമേനി ഫലം നല്‍കാനും അങ്ങനെ അവിടുത്തെ വലതുഭാഗത്തിരിക്കാനും നമുക്ക് സാധിക്കണം.
5th Saturday
മര്‍ക്കോ 12:38-44
തന്റെ സമ്പത്തില്‍ നിന്ന് ദൈവത്തിന് സമര്‍പ്പിച്ച നിയമജ്ഞന്മാരേക്കാള്‍, തനിക്കുള്ളതെല്ലാം ദൈവത്തിന് സമര്‍പ്പിച്ച വിധവയെപ്പോലെ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിക്കാം. ദാനമായി ലഭിച്ചവയെല്ലാം ദാനമായി നല്‍കുവാനുള്ള ഹൃദയ വിശാലതയാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍.
6th Monday
മത്താ 12:33-37
ഹൃദയത്തിന്റെ നിറവില്‍ നിന്നാണു അധരം സംസാരിക്കുന്നത്. നിന്നിലെ ഹൃദയത്തില്‍ നിന്നും നീ പുറപ്പെടുവിക്കുന്നവ നന്മയോ? അതോ തിന്മയോ??...നീതിയുടെ രാജാവ് സിംഹാസനത്തില്‍ ആഗതനാകുമ്പോള്‍ നിന്നിലെ നന്മയുടെ വെളിച്ചം തിന്മയെ മറക്കും വിധം ശോഭനമാകാന്‍...നിര്‍മലമായ ഒരു ഹൃദയം വാര്‍ത്തെടുക്കാന്‍ പ.ത്രിത്വത്തിന്റെ അനുഗ്രഹം നമുക്കു തേടാം.
6th Tuesday
മര്‍ക്കോ 4:21-25
ദൈവസന്നിധിയില്‍ നിന്റെ രഹസ്യങ്ങള്‍ തുറന്ന ഏടുകളാണ്. നീ മൂടിവയ്ക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടാനുള്ള സത്യങ്ങളും. നിന്നിലെ അളവുപാത്രം ദൈവം അറിയുന്നു. ഓര്‍ക്കുക. നിന്നിലെ അളവുകോല്‍ എത്രയോ അവയാല്‍ നീയും അളക്കപ്പെടും. അതിനാല്‍ പീഠത്തിന്മേലെ വിളക്കുപോലെ ഉള്ള തെളിഞ്ഞ ഹൃദയത്തോടെ ദൈവസന്നിധിയില്‍ നമുക്കണയാം.
6th Wednesday
ലൂക്ക 15:8-10
വഴിതെറ്റി നടക്കുന്ന ഓരോ നിമിഷവും നിന്നെതേടി അലയുന്ന ദൈവത്തിന്റെ ഹൃദയസ്പന്ദനം കേള്‍ക്കുന്ന ഒരു മകനാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ടോ? തിരിച്ചു കിട്ടുന്ന നാണയത്തിനു മറ്റുള്ള ഒന്‍പതു നാണയത്തേക്കാള്‍ വിലയേറുന്നു. ആ അമൂല്യത നേടാന്‍ തിരിച്ചു നടക്കാം...ദൈവപിതാവിങ്കലേയ്ക്ക്....
6th Thursday
മര്‍ക്കോ 10:46-52
നമ്മുടെ യാചനകള്‍ കേള്‍ക്കുന്ന...ആഗ്രഹങ്ങള്‍ നിറവേറ്റിത്തരുന്ന ഒരു സ്‌നേഹപിതാവ് നമുക്കുണ്ട്. എന്നാല്‍ നിന്നിലെ വിശ്വാസത്തിന്റെ ആഴങ്ങളാണ് ആ പിതാവിലേയ്ക്കുള്ള തുറന്ന വാതില്‍... ഒരിക്കലെങ്കിലും ആ വിശ്വാസത്തില്‍ ആഴപ്പെടാന്‍...നിന്നിലെ ആത്മാവു സുഖപ്പെടാന്‍...ബര്‍തിമേയൂസിനെപോലെ 'ദാവീദിന്റെ പുത്രാ...എന്നില്‍ കനിയണമേ' എന്നുറക്കെ വിളിച്ചു കരയാന്‍ നിനക്കു കഴിയട്ടെ.
6th Friday
മത്താ 22:15-22
ഈ ലോകത്തിലെ നശ്വരമായ നേട്ടങ്ങള്‍ക്കായി നീ അലയുമ്പോള്‍... നേട്ടങ്ങളുടെ ഉടയവനെ, അവ നിനക്കായി നല്‍കിയവനെ മറക്കരുതേ... നല്‍കാനുള്ള നിന്റെ അവസരങ്ങളും നല്‍കപ്പെടാനുള്ള നിന്റെ യോഗ്യതയും നിശ്ചയിക്കുന്നവനു നിന്നെ നല്‍കാന്‍, നിനക്കുള്ളതു നല്‍കാന്‍ നിന്റെ മനസ്സു പാകപ്പെടട്ടെ. ''സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും...''
6th Saturday
യോഹ 7:14-24
സാബത്ത് എന്ന ചട്ടക്കൂട്ടില്‍ മാത്രം ഒതുങ്ങി നിന്ന യഹൂദജനതയോട് ഈശോ ആവശ്യപ്പെട്ടത് പുറമേ കാണുന്നതനുസരിച്ച് വിധിക്കാതെ നീതിയായി വിധിക്കുവിന്‍ എന്നാണ്. സ്‌നേഹത്തില്‍ അലംകൃതമായ നിയമമാണ് എന്നും ക്രൈസ്തവന്റെ മുഖമുദ്ര. കര്‍ത്താവിനെ തേടുന്നവനെന്നും അതു തിരിച്ചറിയുന്നു.
7th Monday
മത്താ 12:38-42
അവിശ്വാസങ്ങളുടെ മതില്‍ക്കെട്ടില്‍ അടയാളങ്ങളന്വേഷിക്കുന്ന ഒരു ജനത... നീയും ഞാനും ഒരാളായി മാറുന്നുവോ?? മറ്റൊരു യോനപ്രവാചകനെ നീയിനിയും പ്രതീക്ഷിക്കുന്നോ? സര്‍വ്വശക്തനായ ദൈവം, നിന്നെ സൃഷ്ടിച്ച, നീ ഉരുവാകുന്നതിനു മുമ്പേ നിന്നെയറിഞ്ഞ ആ ദൈവം പറയുന്നു 'ഇതാ യോനായേക്കാള്‍ വലിയവന്‍' അവനില്‍ വിശ്വസിക്കുന്ന ആ നിമിഷം നീ രക്ഷ പ്രാപിക്കും.
7th Tuesday
മര്‍ക്കോ 1:29-39
ദൈവീകസാന്നിധ്യത്തിന്റെ ശക്തിയില്‍ പൈശാചിക ബന്ധനങ്ങള്‍പോലും അഴിഞ്ഞു വീഴുന്നു. നാമോരോരുത്തരുടേയും വിശ്വാസവും പ്രാര്‍ത്ഥനയും ഈ സാന്നിധ്യത്തെ അനുഭവവേദ്യമാക്കാന്‍ ഉതകുന്നതാണോ??.... നിന്നിലെ നിന്റെ മനസ്സും ആ സാന്നിധ്യത്തിനു വേദിയാകട്ടെ...സൗഖ്യം നല്‍കുന്ന ആ ദിവ്യകരങ്ങള്‍ നിന്റെ ഹൃദയത്തിലും പതിയട്ടെ.
7th Wednesday
ലൂക്ക 16:9-17
മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്. നിന്റെ ലോകം നിനക്കു നല്‍കുന്ന സമ്പത്തും പ്രശസ്തിയും നിന്നോടൊപ്പം അവസാനിക്കുന്നു. അതിനാല്‍ അനശ്വരമായ ദൈവീകതയില്‍ നിന്നെ നിലനിര്‍ത്തുവിന്‍. നിന്റെ ഹൃദയം അറിയുന്ന പിതാവ് നിനക്കുവേണ്ടി സ്വര്‍ഗസമ്പാദ്യം നിറച്ച് നിന്നെ അനുഗ്രഹിക്കട്ടെ.
7th Thursday
മത്താ 23:13-22
മാതൃകയാവേണ്ട കരങ്ങള്‍ കാപട്യം നിറഞ്ഞതാകുന്നുവോ? ഇതാ, അവന്‍ പറയുന്നു ''നിങ്ങള്‍ക്കു ദുരിതം!!'' വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്ത് സഭയിലെ മറ്റൊരു വിശുദ്ധനാകാന്‍ വിളിക്കപ്പെട്ടവനല്ലേ ഞാനും?... പവിത്രമായ ദൈവീകരഹസ്യങ്ങള്‍ പരിപാവനമായി കൈകൊള്ളാന്‍....പരികര്‍മ്മം ചെയ്യാന്‍...സര്‍വ്വേശ്വരകാരുണ്യം എന്നിലേക്കൊഴുകട്ടെ.
7th Friday
മത്താ. 10:31-42
കര്‍ത്താവിങ്കലേക്കു നടക്കുന്നവനെന്നും സ്വന്തം കുരിശുകള്‍ സന്തോഷത്തോടെ വഹിക്കുന്നവനാകണം. ആ കുരിശിന്‍ ഭാരം താങ്ങാത്തവന് കര്‍ത്താവിന്റെ കുരിശിലേക്കുയരാന്‍ കഴിയില്ല. നിന്റെ ജീവിതക്രൂശുകള്‍ ആ ക്രൂശിതനിലേക്ക് ചേര്‍ക്കാന്‍ നിനക്കു കഴിയുമോ??... ക്രിസ്തുവിനെയെന്നപോലെ ഓരോ വ്യക്തിത്വങ്ങളും ക്രിസ്തുവായി കണ്ട് അവരെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.
7th Saturday
മത്താ 19:1-12
ക്രിസ്തുവിനാല്‍ സ്ഥാപിതമായ പരിപാവനമായ ഒരു കൂദാശയാണ് വിവാഹം. ദൈവത്താല്‍ യോജിക്കപ്പെട്ടവ, അഴിച്ചുമാറ്റാന്‍ ഭൂമിയില്‍ ആര്‍ക്കും അധികാരമില്ല. ഒരേ മനസ്സോടെ ഭൂമിയില്‍ ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാന്‍ ദൈവമാണ് അവരെ അനുവദിക്കുന്നത്. അതോടൊപ്പം സ്വര്‍ഗരാജ്യത്തെപ്രതി ജീവിക്കുന്നവരേയും ദൈവം ഒരുപോലെ മാനിക്കുന്നു. ഇത്തരുണത്തില്‍ കര്‍ത്താവിന്റെ കൃപയുടെ പാത്രമാകുവാന്‍ ക്ഷണിക്കപ്പെട്ടതാണ് ഓരോ മനുഷ്യജന്മവും.