RESURRECTION  (Uyirppukalam)

1st Monday
യോഹ. 14, 18-28
ആരാണ് ഈശോയെ സ്‌നേഹിക്കുന്നത്? ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നവന്‍, മുടങ്ങാതെ ഉപവസിക്കുന്നവന്‍, ദാനധര്‍മ്മം ചെയ്യുന്നവന്‍...ഇങ്ങനെ പോകുന്നു നമ്മുടെ ഉത്തരങ്ങള്‍. ഈശോ പറയുന്നു, ''എന്റെ കല്‍പ്പനകള്‍ പാലിക്കുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്.'' അവനുള്ള സമ്മാനം പിതാവും പുത്രനും അവനെ സ്‌നേഹിക്കും. പരിശുദ്ധാത്മാവ് അവനില്‍ വസിക്കും. ഇതിനുള്ള തെളിവ് ഹൃദയത്തില്‍ സമാധാനമുള്ളവനായിരിക്കും.
1st Tuesday
ലൂക്ക 24, 13-27
ജീവിതത്തില്‍ സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തില്‍ നിന്ന് അകലുന്ന മനുഷ്യരുടെ പ്രതീകമാണ് എമ്മാവൂസിലേയ്ക്കു യാത്ര ചെയ്യുന്ന രണ്ട് ശിഷ്യര്‍. അവരുടെ പ്രത്യേകതകള്‍ വാദിക്കുന്നു, കണ്ണുകള്‍ മൂടപ്പെട്ടിരുന്നു, മ്ലാനവദനര്‍ ആയിരുന്നു. കലഹിക്കുന്ന നിരാശരായ മനുഷ്യര്‍. ഈശോ അവരെ സുഖപ്പെടുത്തുന്നത് വചനം കൊണ്ടാണ്. വി.ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സഹനത്തിലൂടെ മഹത്വത്തിലേയ്ക്കു പ്രവേശിക്കുന്ന മിശിഹായുടെ ചരിത്രമാണ് അവര്‍ക്ക് വിശുദ്ധീകരിച്ചു നല്‍കിയത്.
1st Wednesday
യോഹ 15, 1-10
ഈശോയാകുന്ന മുന്തിരിചെടിയിലെ ശാഖകളാണ് നമ്മള്‍. ഈശോയില്‍ നിന്നാണ് നമ്മള്‍ ജീവരസം സ്വീകരിക്കുന്നത്. ഈശോ പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ നമ്മളും പുറപ്പെടുവിക്കണം. അല്ലെങ്കില്‍ വെട്ടി തീയില്‍ എറിയപ്പെടും. ഈശോയുടെ കല്‍പ്പനകള്‍ പാലിക്കുമ്പോള്‍ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ശാഖകള്‍ ആകും.
1st Thursday
മത്താ 10, 1-15
ഈശോ 12 അപ്പസ്‌തോലന്മാരെ തിരഞ്ഞെടുത്ത് അധികാരം നല്‍കി അയക്കുന്നു. എല്ലാത്തരം മനുഷ്യരെയും ഉള്‍ക്കൊള്ളുവാനുള്ള മനസ് ഈശോയുടെ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞുകാണുന്നു. ഈശോ കൊടുക്കുന്ന നിര്‍ദ്ദേശം ശ്രദ്ധിക്കുക 'ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.' നമ്മുടേതെന്ന് അവകാശപ്പെടുന്ന എല്ലാം ദാനമാണ്; വിശ്വാസം പോലും. നന്ദിയുള്ളവരാകാം.
1st Friday
മത്താ 10, 26-33
സകല വിശുദ്ധരുടെയും തിരുനാള്‍: നമുക്ക് ശരീരവും ആത്മാവും ഉണ്ട്. നമ്മള്‍ ശരീരത്തെ അലങ്കരിക്കാനും തൃപ്തിപെടുത്താനുമുള്ള വ്യഗ്രതയിലാണ്. എന്നാല്‍ ശരീരത്തെക്കാള്‍ വിലയുള്ള അനശ്വരമായ ആത്മാവിനെ പലപ്പോഴും വിസ്മരിക്കുന്നു. വിശുദ്ധര്‍ ആത്മാവിനെ സുകൃതങ്ങള്‍ക്കൊണ്ട് അലങ്കരിച്ചവരും ജഡമോഹങ്ങളില്‍ നിന്ന് ഓടിയകന്നവരുമായിരുന്നുവെന്ന് മറക്കാതിരിക്കാം.
1st Saturday
മര്‍ക്കോ. 16, 1-8
സാധാരണ കല്ലറകള്‍ക്കുമുകളില്‍ 'ഇന്നയാള്‍ വിശ്രമിക്കുന്നു'; ജനനം-മരണം എന്നിവയാണ് കുറിക്കുന്നത്. എന്നാല്‍ ഈശോയുടെ കല്ലറയില്‍ എഴുതേണ്ട വാചകം 'അവന്‍ ഇവിടെയില്ല. അരുള്‍ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു' എന്നാണ്. കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ യേശുവിനെ അല്ല നമ്മള്‍ അന്വേഷിക്കുന്നത്. മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ ദൈവപുത്രനായ യേശുവിനെയാണ്.
2nd Monday
ലൂക്ക 24, 28-35
വിശുദ്ധ ലിഖിതം വ്യാഖ്യാനിക്കുമ്പോള്‍ ഹൃദയം ജ്വലിക്കുന്നു. എന്നാല്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് കൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ ഈശോയെ തിരിച്ചറിഞ്ഞു. നിത്യരക്ഷയ്ക്കു ദൈവവചനം മാത്രം മതിയെന്ന വികലമായ ചിന്തയില്‍ നിന്ന് അകന്നിരിക്കാം. വി.കുര്‍ബ്ബാന കേന്ദ്രീകൃതവും വി.ഗ്രന്ഥഅധിഷ്ഠിതവും വി.കൂദാശകളാല്‍ ബന്ധിതവുമായ ജീവിതം മാത്രമേ നമ്മെ നിത്യസമ്മാനത്തിന് അര്‍ഹരാക്കൂ.
2nd Tuesday
യോഹ 5, 41-47
യേശു ദൈവപുത്രനാണ് എന്നതിന് നിരവധി സാക്ഷ്യങ്ങള്‍ ഈശോ ജീവിച്ചിരുന്ന കാലത്തുത്തന്നെ ഉണ്ടായിരുന്നു. സ്‌നാപകന്റെ സാക്ഷ്യം; ഈശോ പിതാവായ ദൈവത്തിന്റെ നാമത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്ഭുതങ്ങള്‍, രോഗശാന്തികള്‍, പ്രബോധനങ്ങള്‍-എന്നിവ. വി.ഗ്രന്ഥങ്ങളില്‍ മോശ എഴുതിയവ തനിക്ക് സാക്ഷ്യം നല്‍കുന്നുവെന്ന് ഈശോ വ്യക്തമാക്കുകയാണിവിടെ. അവ വിശ്വസിക്കുന്നില്ലെങ്കില്‍ പിതാവിന്റെ സന്നിധിയില്‍ മോശയായിരിക്കും അവരെ കുറ്റപ്പെടുത്തുക എന്ന് ഈശോ ഓര്‍മ്മിപ്പിക്കുന്നു.
2nd Wednesday
മര്‍ക്കോ. 7, 31-37
ഈശോ സ്പര്‍ശിച്ചപ്പോള്‍ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. ഈശോ നമ്മെയും സ്പര്‍ശിക്കാന്‍ നമുക്ക് അപേക്ഷിക്കാം. നന്മ കാണാനും കേള്‍ക്കാനും പറയാനുമുള്ള ചില കെട്ടുകള്‍ നമ്മിലുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടില്ലേ. ഒരു കാര്യത്തിന്റെ ഇരുവശവും കേള്‍ക്കാനാണ് കാതുകള്‍ ഇരുവശങ്ങളിലും രൂപപ്പെടുത്തിയിരിക്കുന്നത്. വാക്കുകള്‍ അളന്നു തൂക്കി ഉപയോഗിക്കാനാണ് പല്ലിന്റെയും ചുണ്ടിന്റെയും തടവറയില്‍ നാവിനെ സൂക്ഷിക്കുന്നത്. വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ നന്മയ്ക്കുള്ള ഉപകരണങ്ങളാക്കാം.
2nd Thursday
മത്താ. 15, 21-28
എന്റെ പ്രാര്‍ത്ഥന കേട്ടില്ല, ഉടനെ മറുപടി ലഭിച്ചില്ല എന്ന് പരാതിപ്പെടുന്നവരാണ് നമ്മിലധികവും. ദൈവം നമ്മുടെ പ്രാര്‍ത്ഥനയ്ക്കു ഒരിക്കലും 'ചീ' എന്ന ഉത്തരം നല്‍കില്ല. '്യല'െ എന്നോ 'ംമശ'േ എന്നോ ഇതിലും നല്ലതാണ് ഞാന്‍ കരുതിയിരിക്കുന്നത് എന്നോ ആയിരിക്കും ദൈവത്തിന്റെ ഉത്തരം. പ്രത്യാശയോടെ കാത്തിരിക്കാം.
2nd Friday
മര്‍ക്കോ. 4, 1-9
നട്ടു, വളര്‍ത്തി, നല്ല ഫലം പുറപ്പെടുവിക്കാന്‍ ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന വിത്തുകളാണ് മക്കള്‍ എന്ന് നമുക്ക് മറക്കാതിരിക്കാം. നമ്മള്‍ മക്കളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ കാണിക്കുന്നില്ലെങ്കില്‍ വഴിയില്‍ ഉപേക്ഷിക്കുന്നവരാണ്. അമിത ശിക്ഷണത്തിന്റെ പാറപ്പുറത്തോ അതോ അമിതലാളനയുടെ മുള്‍ചെടികള്‍ക്കിടയിലാണോ നമ്മള്‍ മക്കളെ വളര്‍ത്തുന്നത് എന്ന് പരിശോധിക്കണം. മക്കള്‍ക്കുവേണ്ടി നല്ല നിലം ഒരുക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. കാരണം, മക്കള്‍ നമ്മുടെ സ്വന്തമല്ല, ദൈവത്തിന്റേതാണ്.
2nd Saturday
ലൂക്ക 24, 36-43
ദൈവപുത്രനായ ഈശോയുടെ ജനനവും, മരണവും ഉത്ഥാനവും കേവലം മനുഷ്യബുദ്ധികൊണ്ട് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതല്ല. മനസില്‍ ചോദ്യങ്ങള്‍ ഉയരാതെ ഈശോയെ അനുഗമിക്കണമെങ്കില്‍ വിശ്വാസത്തില്‍ ആഴപ്പെടണം. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. ശിഷ്യരെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം 'കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.'
3rd Monday
മത്താ. 25, 1-13
ഒരുങ്ങിയിരിക്കുക, ജാഗരൂകരായിരിക്കുക-ഇതാണ് സുവിശേഷഭാഗത്തിന്റെ സന്ദേശം. ഉറക്കമില്ലാത്ത ഉണര്‍വ് ഭ്രാന്താണ്. ഉണര്‍വ്വില്ലാത്ത ഉറക്കം മരണമാണ്. എങ്കില്‍ ജാഗ്രത ഉറക്കത്തിലും സൂക്ഷിക്കുന്ന ഉണര്‍വാണ്. ലോകത്തില്‍ പ്രകാശമാകേണ്ട നമ്മുടെ ജീവിതവിളക്കുകള്‍ അണഞ്ഞുപോകാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.
3rd Tuesday
മര്‍ക്കോ 4, 13-20
സാത്താന്‍ എന്ന വാക്കിന് അര്‍ത്ഥം ദൈവത്തിന് തടസ്സം നില്‍ക്കുന്നത് എന്നാണ്. ദൈവചിന്തയ്ക്ക്, ദൈവപ്രവര്‍ത്തികള്‍ക്കു ദൈവത്തിലേയ്ക്കു അടുക്കുന്നതിന് തടസമായി നില്‍ക്കുന്ന എന്തിനെയും സാത്താന്‍ എന്ന് വിളിക്കാം. ഈ കാലഘട്ടത്തില്‍ ലൗകികവ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവുമാണ് സാത്താന്റെ പ്രധാന ആയുധം.
3rd Wednesday
മത്താ 8, 1-4
കുഷ്ഠരോഗിയുടെ അപേക്ഷ നല്ല പ്രാര്‍ത്ഥനയുടെ മാതൃകയാണ്- 'അങ്ങേയ്ക്കു മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും' 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയിലെ, അങ്ങയുടെ തിരുമനസ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം' എന്നതിനു തുല്യമാണിത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ മനസുമാറ്റുന്നതിനുവേണ്ടിയാകരുത്; ദൈവതിരുമനസിനനുസരിച്ച് നമ്മുടെ മനോഭാവം രൂപപ്പെടുന്നതായിരിക്കണം.
3rd Thursday
മര്‍ക്കോ 4, 35-41
നമ്മള്‍ അക്കരയ്ക്കുള്ള യാത്രയിലാണ്. സഭയാകുന്ന പായ്‌വഞ്ചിയിലാണ് യാത്ര. പരിശുദ്ധാത്മാവാകുന്ന കാറ്റിനാല്‍ നയിക്കപ്പെടുന്നു. കുരിശാണ് പായ്മരം. ഈശോയാകുന്ന കപ്പിത്താനാല്‍ നിയന്ത്രിക്കപ്പെടുന്നു. കാറും കോളും കണ്ട് ഭയപ്പെടേണ്ട നമ്മുടെ കൂടെയുള്ളവന്‍ കാറ്റിനെയും കടലിനെയും നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ്.
3rd Friday
ലൂക്ക 6, 6-11
മറ്റുള്ളവരുടെ നന്മപ്രവര്‍ത്തികള്‍ നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ? എങ്കില്‍ എന്തിനെയും കുറ്റം വിധിയ്ക്കുന്ന ഒരു ഫരിസേയ മനോഭാവം എന്നില്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു. അവസാനം ദൈവത്തെ വിധിക്കുന്നതില്‍ വരെ എത്തിനില്‍ക്കും. നമുക്ക് ചെയ്യാന്‍ കഴിയുന്ന നന്മ അത് അര്‍ഹിക്കുന്നവര്‍ക്ക് നിഷേധിക്കാതിരിക്കാം.
3rd Saturday
ലൂക്ക 6, 46-49
വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവര്‍ കൂടിയാകണം നമ്മള്‍. വഴിതെറ്റിപ്പോയവരില്‍ വചനം കേട്ടവരും, പറഞ്ഞവരും വായിച്ചവരും വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍ വചനം ജീവിച്ച ആരും തന്നെ വഴിതെറ്റിപോയിട്ടില്ല. വചനം ജീവിക്കാനുള്ളതാണ്.
4th Monday
ലൂക്ക 20, 9-16
ദൈവമാണ് എല്ലാറ്റിന്റെയും ഉടമസ്ഥന്‍. നമ്മള്‍ വെറും കാര്യസ്ഥന്മാര്‍ മാത്രമാണ്. കാര്യസ്ഥന്മാര്‍ക്കു വേണ്ട പ്രധാന ഗുണം വിശ്വസ്തതയാണ്. വിജയിയാവുക എന്നതിനെക്കാള്‍ പ്രധാനപ്പെട്ടത് വിശ്വസ്തനാവുക എന്നതാണ്.
4th Tuesday
മത്ത 19, 23-30
ക്രിസ്തുമതത്തിന്റെ അടിസ്ഥാനപ്രമാണം 'സ്‌നേഹിക്കുക' എന്നതാണ്. സ്‌നേഹിക്കുന്നവന്‍ പങ്കുവെയ്ക്കുന്നു. പങ്കുവെയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന സമ്പത്താണ് ഒരുവനെ ധനികനാക്കുന്നത്. ഈ തിന്മമൂലം ധനവാന്റെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലടയും. ധനവാന്‍ ധനത്തില്‍ ആശ്രയിക്കുന്നു. ദരിദ്രര്‍ ദൈവത്തിലും.
4th Wednesday
യോഹ 5, 30-38
നമ്മുടെ പ്രവര്‍ത്തികള്‍ നമുക്കുള്ള സാക്ഷ്യപത്രങ്ങളാണ്. നമ്മുടെ പ്രവര്‍ത്തികള്‍ സ്വാര്‍ത്ഥത നിറഞ്ഞതോ ദൈവമഹത്വത്തിനുതകുന്നതോ ആകാം. ഓരോ പ്രവര്‍ത്തിക്കുമുമ്പും ഈ അവസരത്തില്‍ ഈശോ ആയിരുന്നെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കും അല്ലെങ്കില്‍ ഈശോയ്ക്ക് ഇത് ഇഷ്ടമാകുമോ എന്ന് മനസില്‍ ചോദിക്കുന്നതും നല്ലതായിരിക്കും. ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരാകാന്‍ നമുക്ക് ശ്രമിക്കാം.
4th Thursday
മത്തായി 15, 1-9
മാതാപിതാ ഗുരുഃദൈവം എന്നാണ് പഴമൊഴി. മാതാവും പിതാവും ഗുരുവും കാണപ്പെടുന്ന ദൈവങ്ങളാണ് എന്ന ചിന്ത. എന്നാല്‍ ഇതില്‍ ആദ്യരണ്ട് കൂട്ടരെ വഴിവക്കിലും അനാഥാലയങ്ങളിലും ഉപേക്ഷിച്ച് ആരാധനയ്ക്കായ് ദൈവാലയങ്ങളില്‍ ഓടികൂടുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. നിയമങ്ങള്‍ക്ക് പരിധിയുണ്ട്. കാഴ്ചപ്പാടും മനോഭാവങ്ങളും മാറണം. നമ്മുടെ പ്രവര്‍ത്തികളെക്കുറിച്ച് നമുക്ക് ഗാഢമായി ചിന്തിക്കാം.
4th Friday
മര്‍ക്കോസ് 6, 35-44
എവിടെ നോക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ നോട്ടം നമുക്കു ചുറ്റുമാണ്. അത് നമുക്ക് പലപ്പോഴും അസംതൃപ്തിമാത്രമേ നല്‍കൂ. നോക്കേണ്ടത് നമ്മുടെ കരങ്ങളിലേയ്ക്കും ദൈവകരങ്ങളിലേയ്ക്കുമാണ്. തുറന്നുപിടിച്ചിരിക്കുന്ന കരങ്ങളിലേയ്ക്കു മാത്രമേ ദൈവം എന്തെങ്കിലും നിക്ഷേപിക്കൂ.
4th Saturday
മര്‍ക്കോ. 6, 1-6
വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ മാത്രമെ അത്ഭുതങ്ങള്‍ ദര്‍ശിക്കാനാവൂ. അല്ലെങ്കില്‍ എല്ലാം ആകസ്മികമാണ്. ഈശോയെ വെറും തച്ചനായി കാണുന്നവര്‍ക്ക് അവിടുന്ന് വിപ്ലവകാരി മാത്രമാണ്. എന്നാല്‍ വിശ്വാസിക്ക് രക്ഷകനാണ്. ഈശോ എനിക്ക് ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എന്റെ ജീവിതം.
5th Monday
ലൂക്ക 11, 29-32
വചനം പ്രഘോഷിക്കുന്നത് അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കാനല്ല. ഈശോ ദൈവമാണെന്ന് ബോധ്യപ്പെടാന്‍ ഇനിയും അത്ഭുതങ്ങള്‍ ആവശ്യമാണോ? വചനം പ്രസംഗിക്കുന്നതും ശ്രവിക്കുന്നതും പശ്ചാത്തപിക്കാനും പശ്ചാത്താപം മാനസാന്തരത്തിലേയ്ക്കു നയിക്കാനും ആയിരിക്കണം. വചനമാകുന്ന വാള്‍ ആദ്യം നമ്മെ കീറിമുറിക്കണം.
5th Tuesday
മത്ത 21, 18-22
ഒരു ക്രിസ്ത്യാനി കാലം നോക്കി ഫലം പുറപ്പെടുവിക്കേണ്ടവനല്ല. അവന്‍ എന്നും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കണം കാരണം വഴിയരുകിലാണ് അവന്‍ നില്‍ക്കുന്നത്. അവന്‍ യേശുവാകുന്ന വഴിയിലേയ്ക്കുള്ള ചൂണ്ടുപലകയാണ്. നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് (പ്രശ്‌നങ്ങള്‍) മല മാറിപോകാനല്ല. മല ചവുട്ടികയറാനുള്ള ശക്തി ലഭിക്കാനാണ്. ചുമടിന്റെ ഭാരം കുറയുവാനല്ല എത്ര വലിയ ചുമടാണെങ്കിലും അത് വഹിക്കാനുള്ള ബലം നട്ടെല്ലിനു ലഭിക്കാനാകണം.
5th Wednesday
യോഹ 3, 1-8
നിക്കോദേമോസ് ഈശോയെ തേടിവരുന്നത് രാത്രിയിലാണ്. ഉള്ളിലും പുറമേയും ഇരുട്ടുപരന്നപ്പോള്‍ അവന്‍ ലോകത്തിന്റെ പ്രകാശമായ ഈശോയെ തേടിവന്നു. എന്നാല്‍ ഉള്ളില്‍ ഇരുട്ടുകയറിയ യൂദാസ് പ്രകാശമായ ഈശോയുടെ സമീപത്ത് ഇരിക്കുന്നതിനുപകരം രാത്രിയുടെ മറയിലേയ്ക്ക് ഇരുട്ടിന്റെ ക്രൂരതയിലേയ്ക്കു ഓടിപോകുന്നു. നിക്കോദേമോസിന് ജീവനും യൂദാസിന് മരണവും സമ്മാനമായി ലഭിക്കുന്നു.
5th Thursday
യോഹ 5, 24-29
മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. മരണശേഷം വിധി എന്ന് എഴുതപ്പെട്ടിരിക്കുന്നു. നന്മചെയ്തിട്ടുള്ളവര്‍ ജീവന്റെ ഉയിര്‍പ്പിനായും (സ്വര്‍ഗ്ഗം) തിന്മ ചെയ്തിട്ടുള്ളവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും (നരകം) പുറത്തുവരും. ഇത് ഊഹമല്ല; ഈശോ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നിവയുണ്ടെന്ന ബോധ്യത്തോടെ ജീവിക്കാനുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം.
5th Friday
മത്താ 15, 10-20
വെടിപ്പുള്ള ഒരു ഹൃദയം തരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കാരണം ഹൃദയത്തില്‍ നിന്നാണ് വാക്കും പ്രവര്‍ത്തികളും പുറപ്പെടുന്നത്. മണ്‍കലങ്ങള്‍ തട്ടിനോക്കി ശബ്ദത്തില്‍ നിന്നാണ് നല്ലതാണോ കേടുവന്നതാണോ എന്ന് തിരിച്ചറിയുക. അതുപോലെ മറ്റുള്ളവര്‍ നമ്മെ തട്ടുകയും മുട്ടുകയും ചെയ്യുമ്പോള്‍ നമ്മുടെ പ്രതികരണങ്ങള്‍ നോക്കി നമ്മെ മനസ്സിലാക്കും.
5th Saturday
യോഹ 15, 26-16,4
ഈശോ തന്റെ ശിഷ്യര്‍ക്ക് ഒരിക്കലും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. തന്നില്‍ ഇടറിപോയവരെ ഏതുമാര്‍ഗ്ഗം ഉപയോഗിച്ചു തിരികെ കൊണ്ടുവരാനും അവിടന്നു ശ്രമിച്ചിട്ടില്ല. എല്ലാ കാലഘട്ടത്തിലും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈശോയെ അറിയാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി സഹിക്കുന്നത് ഈശോയോടുകൂടെയും, ഈശോയ്ക്കുവേണ്ടിയും ആയിരിക്കണം.
6th Monday
മത്താ 23, 23-28
അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നത് നല്‍കുന്നതാണ് നീതി. ഒരുവന്‍ അര്‍ഹിക്കുന്നതിനപ്പുറം അവന്റെ ആവശ്യം മനസിലാക്കി നല്‍കുന്നതാണ് കാരുണ്യം. നീതിയും കരുണയും ദൈവമഹത്വത്തിനായി നടപ്പാക്കുന്നതാണ് വിശ്വസ്തത. അര്‍ഹതയുള്ളത് നഷ്ടപ്പെടുമ്പോഴും അര്‍ഹതയില്ലാഞ്ഞിട്ടു കൂടി ലഭിക്കുമ്പോഴും ഒരുവന്‍ കരയും.
6th Tuesday
മര്‍ക്കോ. 13, 32-37
ഈശോയുടെ രണ്ടാമത്തെ ആഗമനം ലോകാവസാനം എന്നാണെന്ന് ആര്‍ക്കും വെളിപ്പെടുത്തിയിട്ടില്ല. നമ്മുടെ നന്മയ്ക്കുവേണ്ടി അത് നമ്മില്‍ നിന്ന് മറക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സുനിശ്ചിതമായ ഒന്ന് എപ്പോഴും നമ്മുടെ കണ്‍മുമ്പിലുണ്ട്; അത് നമ്മുടെ മരണമാണ്. ലോകാവസാനത്തെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നവര്‍ നിരാശരാണ്. എന്നാല്‍ മരണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നവരാണ്. അതിനാല്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നമുക്ക് ജാഗ്രതയുള്ളവരാകാം.
6th Wednesday
യോഹ 15, 11-17
ഈശോ നമുക്ക് നല്‍കിയ ഏക കല്‍പന 'പരസ്പരം സ്‌നേഹിക്കുക' എന്നതാണ്. പാപം കല്‍പനകളുടെ ലംഘനമാണ്. എങ്കില്‍ പാപം എന്നത് സ്‌നേഹത്തിന്റെ ലംഘനമാണ്. അപ്പോള്‍ ഒരു പാപമേ ഉള്ളൂ. അത് 'സ്‌നേഹിക്കാതിരിക്കുക' എന്നതാകുന്നു. 'സ്‌നേഹിക്കുക പിന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക' എന്ന വിശുദ്ധന്റെ മൊഴി നമുക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.
6th Thursday
ലൂക്ക 24, 44-53
നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോപണം മരണത്തെ തോല്‍പിച്ച് ഉയിര്‍ത്ത ഈശോ നാല്പതുനാളുകള്‍ ഭൂമിയില്‍ തങ്ങി ശിഷ്യര്‍ക്കു പലതവണ പ്രത്യക്ഷപ്പെട്ട് ഉത്ഥാനത്തിന്റെ രഹസ്യം അവര്‍ക്ക് വ്യക്തമാക്കികൊടുത്തു. തന്റെ സുവിശേഷം സകല ജനതകളോടും പ്രഘോഷിക്കാന്‍ ശിഷ്യര്‍ക്ക് കല്‍പന കൊടുത്തു. ശിഷ്യരെ നയിക്കാനും സഹായിക്കാനും ശക്തിപ്പെടുത്താനും പരിശുദ്ധാത്മാവിനെ നല്‍കി. അതിനുശേഷം അവരെ അനുഗ്രഹിച്ച് ഈശോ തന്റെ പിതാവിന്റെ അടുക്കലേയ്ക്കു മടങ്ങി. ഈശോയുടെ അനുഗ്രഹത്തിന്റെ കരം ഇപ്പോഴും നമ്മുടെ മുകളിലുണ്ട്.
6th Friday
യോഹ 3, 31-36
ദൈവികമനുഷ്യരും ഭൗമിക മനുഷ്യരും ഉണ്ട്. ദൈവികമനുഷ്യര്‍ ഉന്നതമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ദൈവനീതി, ദൈവകാരുണ്യം, ദൈവസ്‌നേഹം ഇവ അവരുടെ വാക്കിലും പ്രവര്‍ത്തിയിലും പ്രകടമാണ്. എല്ലാറ്റിനും ഉപരി പ്രത്യാശയുടെ മനുഷ്യരാണ്. എന്നാല്‍ ഭൗമികര്‍ ഈ ലോകജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ്. അവര്‍ മത്സരത്തിന്റെ ലോകത്താണ്. മറ്റുള്ളവരെക്കുറിച്ച് പരിഗണനയില്ല. മരണത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച് കേള്‍ക്കാന്‍ പോലും താല്പര്യമില്ല. നിരാശയിലേയ്ക്കു എളുപ്പം വഴുതിവീഴും.
6th Saturday
മത്താ 3, 7-12
സ്‌നാപകന്‍ ശിക്ഷാവിധിയുടെ സുവിശേഷമാണ് പ്രസംഗിക്കുന്നത്... 'വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത...' എന്നാല്‍ ഈശോയുടെത് 'കരുണയുടെ', 'കാത്തിരിപ്പിന്റെ' സുവിശേഷമാണ്. മൂന്നുവര്‍ഷമായിട്ടും ഫലം തരാത്ത വൃക്ഷത്തിന് അവിടുന്ന് ഒരവസരം കൂടി നല്‍കുന്നു. ഒരു ദിവസംകൂടി നമുക്കു ലഭിച്ചുഎന്നതിന്റെ അര്‍ത്ഥം ഒരവസരംകൂടി നമുക്ക് ലഭിച്ചു എന്നതല്ലേ! നമുക്കും കരുണയുള്ളവരാകാം.
7th Monday
യോഹ 4, 3-15
തനിച്ചിരിക്കുന്ന, ശാന്തമായിരിക്കുന്ന കുറച്ചു സമയം എല്ലാ ദിവസവും നമ്മുടെ ജീവിതത്തിലുണ്ടാകട്ടെ. ഈശോയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഇടപെടാനുള്ള സമയം. അത് സമയനഷ്ടമല്ല മറിച്ച് നമ്മുടെ ജീവിതത്തെ പരിശോധിക്കാനും, തിരുത്താനും നേര്‍വഴിക്ക് നടത്താനുമുള്ള വിലപ്പെട്ട സമയം. എവിടെ വച്ചും, ഏതു സമയത്തും നമുക്ക് ഈശോയെ കണ്ടുമുട്ടാം.
7th Tuesday
ലൂക്ക 12, 13-21
ആത്മാവാണ് വിലയുള്ളത്. 'നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ നിനക്ക് എന്ത് പ്രയോജനം!' ലോകത്തിലെ സകല സമ്പത്തിനേക്കാളും വിലയുള്ളത് ആത്മാവിനാണെന്ന് ഈശോ പഠിപ്പിച്ചു. ആത്മാവില്‍ ദരിദ്രര്‍ മാത്രമല്ല 'ആത്മാവില്‍ സമ്പന്നരും' ഭാഗ്യവാന്മാരാണ്. അവര്‍ സമ്പദിച്ച് സമ്പന്നരാകുന്നില്ല സമ്മാനിച്ച് സമ്പന്നരാകുന്നവരാണ്.
7th Wednesday
യോഹ 17, 1-5
'ഈശോയെ അറിയുക' എന്നാല്‍ അവിടുത്തെ കല്‍പനകള്‍ പാലിക്കുകയെന്നര്‍ത്ഥം. ഈശോ പിതാവിനെ അറിയുന്നു എന്നതിന് തെളിവുനല്‍കിയത് പിതാവ് പുത്രനെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കി പിതാവിനെ മഹത്വപ്പെടുത്തികൊണ്ടാണ്. ഞാന്‍ ഈശോയെ അറിയും എന്ന് പറയുകയും അവിടുത്തെ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നുണ പറയുന്നവനാകും.
7th Thursday
ലൂക്ക 14, 25-35
സ്വന്തം കുരിശ് വഹിച്ച് തന്റെ പിന്നാലെ വരാനാണ് ഈശോ ശിഷ്യരോട് ആഹ്വാനം ചെയ്തത്. ക്രിസ്തു ശിഷ്യരായ നമ്മുടെ കുരിശുകള്‍ എവിടെയാണ്. കുരിശുമാറി കിട്ടാന്‍ നെട്ടോട്ടമോടുകയാണ് നമ്മള്‍. അല്ലെങ്കില്‍ കുരിശുകള്‍ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് നല്‍കുകയോ ചെയ്യുന്നു. ഈശോയുടെ തോളോടുചേര്‍ന്ന് എപ്പോഴും കുരിശു കാണപ്പെടുന്നതുകൊണ്ട് ക്രിസ്തു ശിഷ്യരും കുരിശുകളെ സ്‌നേഹിക്കണം.
7th Friday
മത്താ. 24, 7-14
'അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.' ഏതു സാഹചര്യത്തിലും പിടിച്ചു നില്‍ക്കാനുള്ള ശക്തി നമുക്ക് ലഭിക്കുന്നത് ദൈവത്തില്‍ നിന്നാണ്. ദൈവത്തെ പിടിച്ചുനില്‍ക്കുന്നവരും ദൈവം പിടിച്ചുനിറുത്തുന്നവരുമാണ് നാം. യൂദാസിനെപ്പറി ചിന്തിക്കുക; രണ്ടു ദിവസം കൂടി പിടിച്ചു നിന്നിരുന്നെങ്കില്‍ അവന്റെ ചരിത്രം വ്യത്യസ്തമാകുമായിരുന്നു.
7th Saturday
ദുഃഖശനി
മത്താ. 18, 23-35
ദൈവത്തിന്റെ കരുണയെപ്പറ്റി പറയുമ്പോള്‍ ദൈവനീതിയെക്കുറിച്ച് പറയാനും മറക്കരുത്. 'ദൈവത്തിന്റെ കരുണയാണ് സമയം' സമയം നീട്ടിതരുന്നത് അനുതപിക്കാന്‍ അവസരം തരുന്നതാണ്, ദൈവനീതിയാണ് നമ്മെ വിധിക്കുന്നത്. നമ്മുടെ പ്രവര്‍ത്തികള്‍ക്ക് അനുസരിച്ചാണ് വിധി. നമ്മുടെ സഹോദരരോട് നമ്മള്‍ ക്ഷമിച്ചാല്‍ മാത്രമേ ദൈവം നമ്മോടു കരുണ കാണിക്കൂ.