SEASONS OF SUMMER (Qaitakalam)

1st Monday
മത്താ 21,28-32
ദൈവരാജ്യം അനുതപിക്കുന്ന പാപിക്കുളളതാണ്. പിതാവിന്റെ ഹിതം അറിഞ്ഞിട്ടും എനിക്ക് മനസ്സില്ല എന്നു പറഞ്ഞ് നാം മാറി നില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവരാജ്യവും എന്നില്‍ നിന്ന് അകന്ന് നില്‍ക്കും. എപ്പോള്‍ എനിക്ക് മനസ്സുണ്ടാകുന്നുവോ, എപ്പോള്‍ ഞാന്‍ അനുതപിക്കുന്ന ഹൃദയവുമായി പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്‍ ദൈവസന്നിധിയിലേയ്ക്ക് കടന്നു വരുന്നുവോ അപ്പോള്‍ ദൈവരാജ്യവിരുന്നിന്റെ കലവറ എനിക്ക് മുമ്പില്‍ തുറക്കപ്പെടും.
1st Tuesday
ലൂക്കാ 19,11-27
വചനം പറയുന്നു, ''ഉളളവന് കൊടുക്കപ്പെടും, ഇല്ലാത്തവനില്‍നിന്ന് ഉളളതുപ്പോലും എടുക്കപ്പെടും.'' നമ്മുടെ ജീവിതത്തില്‍ നന്മയുണ്ടെങ്കില്‍ അതു ദൈവം സമൃദ്ധമാക്കും. നന്മയില്ലെങ്കിലോ, അവശേഷിക്കുന്നതുപ്പോലും ദൈവം എടുക്കും. ദൈവം തരുന്ന താലന്തുകളെ വളര്‍ത്തി വലുതാക്കുന്നവര്‍ക്കാണ് ദൈവരാജ്യം സ്വന്തമാക്കാന്‍ സാധിക്കുക. പരാതിയില്ലാതെ ജീവിക്കാന്‍ സാധിക്കണം. ''എനിക്ക് ഇതല്ല ആതായിരുന്നു വേണ്ടിയിരുന്നത് എന്ന് ഒരിക്കലും പറയാതിരിക്കാം.''
1st Wednesday
യോഹ 10,22-28
ദൈവരാജ്യത്തെ കുറിച്ചുളള ഏറ്റവും സുന്ദരമായ ചിത്രം ''ഒരിടയനും ഒരാട്ടിനന്‍പറ്റവും'' എന്നതാണ്. ഈ ചിത്രത്തിന്‍ കൂടുതല്‍ മിഴിവ് നല്‍കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിച്ചത്. എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. അവയെ ഞാന്‍ ഒരിക്കലും തളളി കളയുകയില്ല. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ സമ്മാനിക്കുന്നു. ക്രിസ്തുവിന്റെ സ്വരം ശ്രവിച്ച്, ക്രിസ്തുവിന്റെ അടുത്ത് വരുന്നവര്‍ക്ക് മാത്രമെ ഞാന്‍ നിത്യ ജീവന്‍ സമ്മാനിക്കുന്നുളളു.
1st Thursday
യോഹ 8,48-59
ക്രിസ്തു പറയുന്നു, ''ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവര്‍ ഒരിക്കലും മരിക്കുകയില്ല.'' ചുരുക്കത്തില്‍, നിത്യജീവന്‍ കൈവശമാക്കാന്‍ ഞാന്‍ അനുവര്‍ത്തിക്കേണ്ട ജീവിതചര്യയെക്കുറിച്ച് ക്രിസ്തു ഓര്‍മ്മപ്പെടുത്തുകയാണ്. 'ക്രിസ്തുവിന്റെ വചനം പാലിക്കുക = മറ്റൊരു ക്രിസ്തുവായി ജീവിക്കുക.' ക്രിസതുവിന്റെ ലക്ഷ്യം നമ്മുടെ ലക്ഷ്യമാകണം... ക്രിസ്തുവിന്റെ കാഴ്ച്ചകള്‍ നമ്മുടെ ദര്‍ശനങ്ങളാകണം.
1st Friday
ലൂക്കാ 12,4-12
സാക്ഷ്യത്തന്റെ വിലയെക്കുറിച്ചാണ് വചനഭാഗം സംസാരിക്കുന്നത്. മനുഷ്യരുടെ മുമ്പില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കുന്നവരെ ദൈവദൂദന്‍മാരുടെ മുമ്പില്‍ ക്രിസ്തുവും സാക്ഷ്യപ്പെടുത്തും എന്ന വചനം നമ്മുടെ ജീവിതത്തില്‍ വലിയ ആശ്വാസമാണ്. കാരണം, നാം ജീവിക്കുന്നതും ജീവിച്ചുകൊണ്ടിരിക്കുന്നതും ക്രിസ്തുവിന് സാക്ഷ്യം നല്‍കാനാണ്. അതുവഴി നിത്യജീവന്‍ സ്വന്തമാക്കാനും.
1st Saturday
മര്‍ക്കോ 2,1-12
വിശ്വാസം അനുഭവമാകുന്ന ചിന്തയാണ് ഇന്ന് വചനഭാഗം നമുക്ക് സമ്മാനിക്കുന്നത്. ക്രിസ്തുവില്‍ നിന്ന് സൗഖ്യം, അനുഗ്രഹം സ്വന്തമാക്കന്‍ തടസങ്ങളൊന്നും തടസമല്ല എന്നുളള വലിയ ചിന്തയാണ് ഇന്നത്തെ വചനഭാഗം നല്‍കുന്നത്. എനിക്ക് വിശ്വാസജീവിതത്തിലുണ്ടാകുന്ന പ്രലോഭനങ്ങളെ, തടസങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മാത്രമെ സൗഖ്യം നിത്യജീവന്‍ സ്വന്തമാക്കാന്‍ സാധിക്കു.
2nd Monday
മത്താ 7,21-28
വചനഭാഗത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നു, ''കര്‍ത്തവേ, കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക.'' എങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക. അതായത്, മറ്റൊരു ക്രിസ്തുവായി ജീവിക്കുക.
2nd Tuesday
ലൂക്കാ 6,20-26
ദാരിദ്രത്തിന്റെ സുവിശേഷത്തെ കുറിച്ചുളള ചിന്തകളാണ് ഇന്നത്തെ വിചിന്തന വിഷയം. ഫ്രാന്‍സീസ് മാര്‍പ്പാപ്പ സഭയെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്, ''ദരിദ്രരുടെ എളിയ സഭ.'' ദാരിദ്രത്തെയും, കഷ്ടപാടുകളെയും, സഹനങ്ങളെയും, കണ്ണുനീരുകളെയും നാം എപ്രകാരമാണ് സ്വീകരിക്കുന്നത്? ക്രിസ്തു പഠിപ്പിക്കുന്നു, ''നിങ്ങള്‍ ഭാഗ്യവാന്‍മാര്‍... അനുഗൃഹീതര്‍. കാരണം, ദൈവരാജ്യം ഇപ്രകാരമുളളവരുടെതാണ്.''
2nd Wednesday
യോഹ 12,23-28
ക്രിസ്തു പഠപ്പിക്കുന്നു, ''ഗോതമ്പുമണി നിലത്ത് വീണ് അഴിഞ്ഞാല്‍ മാത്രമെ ധാരാളം ഫലം പുറപ്പെടുവിപ്പിക്കു.'' ''എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നെ അനുഗമിക്കട്ടെ.'' ഈ രണ്ട് ചിന്തകളും വിരല്‍ ചൂണ്ടുന്നത് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലേയ്ക്കാണ്. എന്റെ ജീവിതം വിലയുളളതായ് മാറ്റപ്പെടണമെങ്കില്‍ 'അഴിയാനും' 'ശുശ്രൂഷയ്ക്കുമായി' സമ്പൂര്‍ണ സമര്‍പ്പണം നടത്തേണ്ടിയിരിക്കുന്നു.
2nd Thursday
മര്‍ക്കോ 11,12-14, 20-26
വിശ്വാസത്തിന്റെ ശക്തിയെ കുറിച്ച് പഠിപ്പിക്കുകയാണ് ഈശോ. ഹെബ്രായ ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്, ''വിശ്വാസമെന്നത് കാണപ്പെടാത്തത് ഉണ്ട് എന്ന ബോദ്ധ്യവും പ്രതീക്ഷിക്കുന്നത് ലഭിക്കും എന്ന ഉറപ്പുമാണെന്ന്.'' ഒരു പക്ഷെ, ഇപ്രകാരം ഹെബ്രായ ലേഖകന് പഠിപ്പിക്കാനുളള ധൈര്യം ലഭിക്കുന്നത് ഈ സംഭവത്തിലൂടെയാകാം. ക്രിസ്തു പഠിപ്പിക്കുന്നു, ''പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വാസിക്കുവിന്‍.''
2nd Friday
യോഹ 20,19-29
ഈ ലോകത്തിലെ ഏറ്റവും വലിയ ആശംസയെകുറിച്ചാണ് നാം ഇന്ന് വിചിന്തന വിഷയമാക്കുന്നത്, ''നിങ്ങള്‍ക്ക് സമാധാനം.'' ഉത്ഥിതനായ ക്രിസ്തുവിന്റെ സാനിദ്ധ്യം അപ്പസ്‌തോലന്‍മാര്‍ക്ക് സമാധാനത്തിന്റെ, സന്തോഷത്തിന്റെ അനുഭവമായിരുന്നു. വിചിന്തനം ചെയ്യേണ്ടത്, 'എന്റെ സാനിദ്ധ്യം സമാധാനം, സന്തോഷം പങ്കുവയ്ക്കുന്ന ഒന്നാണോ?'
2nd Saturday
ലൂക്കാ 14,15-24
തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്, തങ്ങള്‍ മാത്രമെ ദൈവരാജ്യത്തില്‍ പ്രവേശിക്കു എന്നു കരുതുന്ന ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ ക്രിസ്തു ഓര്‍മ്മപ്പെടുത്തുകയാണ്, ദൈവരാജ്യത്തിലേയ്ക്കുളള ക്ഷണത്തെ വേണ്ടവിധത്തില്‍ സ്വീകരിക്കാത്തവരാരും ദൈവരാജ്യത്തിന്റെ വിരുന്ന് ആസ്വാദിക്കുകയില്ലന്ന്. ചിന്തിക്കേണ്ട്ത് 2 കാര്യങ്ങള്‍, 1.ദൈവരാജ്യത്തിന്റെ ക്ഷണം ലഭിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം. 2.ദൈവരാജ്യത്തിന്റെ ക്ഷണത്തിനനുസരിച്ചാണോ ജീവിതം.
3rd Monday
മത്താ 23,34-39
പലപ്പോഴും നമ്മള്‍ പറയാറുളളത്,''ഞങ്ങള്‍ അവരെപ്പോലെയല്ല,'' അല്ലെങ്കില്‍, ''ഞങ്ങള്‍ അങ്ങനെയല്ല.'' പക്ഷെ, യഥാര്‍ത്ഥത്തില്‍ അവരെക്കാള്‍ വലിയ പാപികളാണ് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍. ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു, 'എപ്പോള്‍ നിങ്ങളില്‍ നന്മയുണ്ടായി ദൈവനാമത്തില്‍ വരുന്നന്‍ അനുഗ്രഹീതനെന്ന് നിങ്ങള്‍ പറയുന്നുവേ അന്നുമുതലെ നിങ്ങള്‍ എന്നെ കാണുകയുളളു.' ഹൃദയത്തില്‍ നന്മകള്‍ സ്വീകരിക്കാം.
3rd Tuesday
ലൂക്കാ 4,25-30
നമുക്കെതിരെ നില്‍ക്കുന്നവരെ നശിപ്പിക്കാനുളള പ്രവണത ചരിത്രത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ നിലനില്‍ക്കുന്നതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ദൈവവചനമാണ് നാം ഇന്ന് വിചിന്തന വിഷയമാക്കുന്നത്. രക്ഷ ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തിന് കൂടാരം വിട്ട് പുറത്ത് പോകുന്നത് ക്രിസ്തു ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവനെ കൊല്ലാന്‍ നോക്കുന്ന ജനം. എനിക്കെതിരെ നില്‍ക്കുന്നവരെ ഞാന്‍ എപ്രകാരമാണ് നോക്കുന്നത്?
3rd Wednesday
മര്‍ക്കോ 1,1620
ക്രിസ്തു തന്റെ ആദ്യ ശിഷ്യന്‍മാരെ വിളിക്കുന്ന വചനഭാഗമാണ് ഇന്ന് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തുവിന്റെ വിളി പെട്ടന്നാണ്. മുഖം നോക്കിയല്ല ക്രിസ്തു വിളിക്കുന്നത്. ബുദ്ധിപ്പരമായും ശാരീകമായും ഭംഗിയും കഴിവും നോക്കിയല്ല ക്രിസ്തു വിളിക്കുന്നത്. അവന്റെ വിളിയോട് ക്രിയാത്മകമായി പ്രത്യുത്തരീകരിക്കുന്നവര്‍ക്ക് മാത്രമാണ് അവന്റെ ശിഷ്യന്‍മാരായി മാറ്റപ്പെടുക. പിന്നിലുളളവയെ വിസ്മരിച്ച് മുന്നിലുളളവയെ ലക്ഷ്യം വച്ച് ഓടാനാകുന്നവരാണ് ക്രിസ്തുശിഷ്യര്‍.
3rd Thursday
മത്താ 10,5-15
ക്രിസ്തു തന്റെ 12 ശിഷ്യന്‍മാരെ ചുമതലകള്‍ ഭരപ്പെടുത്തുന്ന വചനഭാഗമാണ് ഇന്നത്തെ വിചിന്തന വിഷയം. കാതലായ ചുമതലകള്‍, 'ദാനമായി നിങ്ങള്‍ക്ക് കിട്ടി; ദാനമായി കൊടുക്കണം. നിന്നെ ഭരപ്പെടുത്തുന്ന സമ്പാദ്യങ്ങള്‍ ഒന്നും നിനക്ക് പാടില്ല. നീ സമാധാനത്തിന്റെ വാഹകനായിരിക്കണം.' നാം ചിന്തിക്കേണ്ടത്, ''നാം ക്രിസ്തു ശിഷ്യനാണോ? എങ്കില്‍, ഈ നന്മകള്‍ എന്റെ ജീവിതത്തിലുണ്ടോ?''
3rd Friday
മര്‍ക്കോ 8,22-26
എനിക്ക് സൗഖ്യം സമ്മാനിക്കാന്‍ കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ വിചിന്തനവിഷയം. ഉമിനീരിലും സ്പര്‍ശനത്തിലും സൗഖ്യം ഒളിപ്പിച്ച വച്ച ക്രിസ്തുവിന്റെ സ്പര്‍ശനത്തിനായ് എന്നെ തന്നെ സമര്‍പ്പിക്കാന്‍ നാം തയ്യാറാണോ. കാഴ്ച്ചകളെ ദര്‍ശനങ്ങളാക്കാന്‍ അന്ധന് സുകൃതമായി ഭവിച്ചത് ഗുരുവിന്റെ സ്പര്‍ശനമാണ്. അവന്റെ സ്പര്‍ശനത്തിന് നമ്മളെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം.
3rd Saturday
ലൂക്കാ 9,49-56
''കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന ജീവിതശൈലി തെറ്റാണെന്ന്'' ന്റെ ശിഷ്യന്‍മാരെ പഠിപ്പിക്കുന്ന വചനഭാഗമാണ് നാം ഇന്ന് വിചിന്തനവിഷയമാക്കുന്നത്. തിന്മയെ നന്മ കൊണ്ട് ജയിക്കണം എന്ന ക്രിസ്തുവിന്റെ പ്രബോധനത്തിന് ഏറ്റവും നല്ല പ്രായോഗിക ഉദാഹരണമാണിത്. എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാനും പൊറുക്കാനും എനിക്ക് സാധിക്കുന്നുണ്ടോ?
4th Monday
ലൂക്കാ 18,25-30
ക്രിസ്തു പഠിപ്പിക്കുന്നു ''ധനികന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതാണ്.'' ഇതിനര്‍ത്ഥം, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല എന്നല്ല. മറിച്ച്, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഏറെ ക്ലേശകരമാണ് എന്നാണ്. പങ്കുവയ്ക്കാത്ത ധനം എനിക്കുണ്ടെങ്കില്‍ എന്റെയും വിധി ഇതുതന്നെയാണ്.
4th Tuesday
മര്‍ക്കോ 13,24-31
ദൈവവചനത്തിന്റെ ആഴത്തെയും ഉയരത്തെയും വ്യാപ്തിയെയും പ്രതിപാദിക്കുന്ന സന്ദര്‍ഭമാണ് ഇന്നത്തെ ചിന്താവിഷയം. ക്രിസ്തു പറയുന്നും, ''ആകാശവും ഭൂമിയും കടന്ന് പോകും; എന്നാല്‍ ദൈവത്തിന്റെ വചനം എന്നും നിലനില്‍ക്കുന്നു'' എന്ന്. നിത്യം നിലനില്‍ക്കുന്ന വചനത്തോട് എന്തുമാത്രം തുറവി നമുക്കുണ്ട്? അനുഗ്രഹമായി മറുന്ന വചനമനുസരിച്ചാണോ എന്റെ ജീവിതം?
4th Wednesday
മത്താ 9,35-10,1
വിളഭൂമിയിലേയ്ക്ക് വേലക്കാരെ അയക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ ധ്യാനവിഷയം. വിളവധികം... വേലക്കാര്‍ ചുരുക്കം... അതുകൊണ്ട് വേലക്കാര്‍ക്ക് വേണ്ടി വിളവിന്റെ ഉടയവനോട് പ്രാര്‍ത്ഥിക്കണം. ഇന്നും, ക്രിസ്തു ഈ വിളവെടുപ്പിന് വേണ്ടി നമ്മളെ ക്ഷണിക്കുന്നുണ്ട്. ''യെസ്'' പറയാന്‍ നാം തയ്യാറാണോ?
4th Thursday
ലൂക്കാ 12,49-53
ലൂക്കായുടെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ നയപ്രഖ്യാപനമാണ് ഇന്നത്തെ ചിന്താവിഷയം. ക്രിസ്തു വന്നിരിക്കുന്നത് ഭൂമിയില്‍ തീയിടാനാണ്. അതായത്, കണ്ണിനുപകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന തത്ത്വശാസ്ത്രത്തിന് പകരം സ്‌നേഹത്തിന്റെ സുവിശേഷം ഈ ഭൂമിയില്‍ വരണം. ഈ തീയില്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണം പോലെ ജ്വലിച്ചാല്‍ മത്രമെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിരുന്ന് ആസ്വദിക്കാന്‍ സാധിക്കു.
4th Friday
മത്താ 22,34-40
ശ്രേഷ്ഠമായ കല്‍പ്പനകളെ കുറിച്ചുളള ഈശോയുടെ പഠനങ്ങളാണ് ഇന്നത്തെ വിചിന്തന വിഷയം. ദൈവത്തെ എല്ലാ മറന്ന് പൂര്‍ണ്ണമായും സ്‌നേഹിക്കുക. ദൈവത്തെ നീ ഇപ്രകാരം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതു ജീവിതം കൊണ്ട് തെളിക്കണം. അതായത്, നീ ദൈവത്തെ എത്രമാത്രം സ്‌നേഹിക്കുന്നവോ അത്രമാത്രം, ഒരു പക്ഷെ, അതിനേക്കാള്‍ ആധികം സഹോദരനെയും സ്‌നേഹിക്കുക.
4th Saturday
മത്താ 11,20-24
അല്‍ഭുതങ്ങളും അടയാളങ്ങളും സമ്മാനിച്ചിട്ടും മാനസാന്തരപ്പെടാത്തവര്‍ക്കുളള താക്കീതാണ് ഇന്നത്തെ സുവിശേഷം. കൃത്യമായി ക്രിസ്തു പറയുന്നു, 'വിധി ദിവസത്തില്‍ നിന്റെ അവസ്ഥ ഏറെ ക്ലേശകരമായിരിക്കുമെന്ന്.' ചുരുക്കത്തില്‍, മാനസാന്തരത്തിന്റെ ഫലങ്ങള്‍ സമ്മാനിച്ചില്ലെങ്കില്‍ എനിക്ക് സംഭവിക്കാനിരിക്കുന്ന വിധി വാചകമാണ് ക്രിസ്തു പറഞ്ഞു വയ്ക്കന്നത്. അതായത്, ഉത്തരം തന്നിട്ട് ചോദ്യം ചോദിക്കുന്ന പരിപാടി.
5th Monday
മര്‍ക്കോ 4,26-34
ദൈവരാജ്യത്തിന്റെ സവിശേഷ സ്വഭാവമാണ് ഇന്നത്തെ വിചിന്തന വിഷയം. ഒരു ചെറിയ നന്മയില്‍ നിന്ന് ഈ ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിക്കാന്‍ ഉതകുന്നതാണ് ദൈവരാജ്യം എന്ന് ക്രിസ്തു പഠിപ്പിക്കുന്നു. പഴമക്കാര്‍ പറഞ്ഞ് പഠിപ്പിക്കാറില്ലേ, ''അണ്ണാരക്കണ്ണനും തന്നാലായത്'' എന്ന്. ദൈവരാജ്യത്തിലേയ്ക്കുളള ആരംഭം എന്നില്‍ നിന്നായിരിക്കണം. എന്നിലൂടെ ആയിരിക്കണം ദൈവരാജ്യം പടര്‍ന്ന് പന്തലിക്കേണ്ടത്.
5th Tuesday
യോഹ 4,27-38
ചരിത്രത്തിലെ ആദ്യത്തെ പ്രേഷിതയെ കുറിച്ചാണ് ഇന്ന് നാം വിചിന്തന വിഷയമാക്കുന്നത്. അനുഭവിച്ചറിഞ്ഞ വിശ്വാസം പങ്കുവയ്ക്കാനുളള ആ സമരിയാക്കാരി സ്ത്രീയുടെ തീക്ഷ്ണത ഏറെ അഭിനന്ദനാര്‍ഹമാണ്. നാം ചിന്തിക്കേണ്ടത്, 'നാം അനുഭവിച്ചറിഞ്ഞിട്ടുളള, സ്വന്തമാക്കിയിട്ടുളള ക്രിസ്തുവാനുഭവം പങ്കുവയ്ക്കാന്‍, വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ തയ്യാറാണോ?'
5th Wednesday
മത്താ 7,15-20
വ്യാജപ്രവാചകന്‍മാരെ കുറിച്ചുളള ജാഗ്രതയാണ് ഇന്നത്തെ വചനഭാഗം ഓര്‍മ്മിപ്പിക്കുന്നത്. ഫലത്തില്‍ നിന്ന് വൃക്ഷത്തെ തിരിച്ചറിയാമെങ്കില്‍ നല്ല ഫലങ്ങള്‍ സമ്മാനിക്കുന്ന വൃക്ഷങ്ങളെല്ലാം നല്ലതായിരിക്കും. ഞാന്‍ വ്യാജനോ അതോ ഒറിജിനലോ? ഇതിനുത്തരം ഞാന്‍ സമ്മാനിക്കുന്ന ഫലങ്ങളാണ്. നല്ല ഫലം നല്‍കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയും.
5th Thursday
മര്‍ക്കോ 10,35-45
ഏറ്റവും നല്ല പങ്ക് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സെബദിപുത്രന്‍മാരാണ് ഇന്നത്തെ വിചിന്തന വിഷയം. ക്രിസ്തു പഠപ്പിക്കുന്നു, ഇത് 'റെക്കമന്റേഷന്‍' കൊണ്ട് സ്വന്തമാക്കേണ്ട ഒന്നല്ല. പകരം, വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനായിരിക്കുക... ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കുക... ചുരുക്കത്തില്‍, ദൈവരാജ്യം എളിമയുളളവരുടെതാണ്.
5th Friday
മത്താ 10,16-25
'വിവേക'ത്തിന്റെ സുവിശേഷമാണ് ഇന്നത്തെ വിചിന്തന വിഷയം. സര്‍പ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷകളങ്കരുമായിരിക്കുന്നവര്‍ക്കു മാത്രമെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സ്ാധിക്കു. ഈ ലോകത്തില്‍ പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്. വിവേകത്തോടെ പ്രലോഭനങ്ങളെ അതിജീവിക്കുമ്പോള്‍ മാത്രമാണ് ദൈവരാജ്യത്തിന്റെ സന്തോഷം എന്നില്‍ പൂര്‍ണ്ണമാകുന്നത്.
5th Saturday
മര്‍ക്കോ 13,3-13
സഹനങ്ങളില്‍ നഷ്ടധൈര്യരാകാതെ സഹിച്ചു നില്‍ക്കാനുളള ആഹ്വാനമാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു ഉറപ്പ് തരുന്നു, 'നിങ്ങള്‍ സഹിക്കുമ്പോള്‍ നിങ്ങളെ ശക്തരാക്കാന്‍ എന്റെ സഹായകനായ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്ക് ഞാന്‍ തരും.' സഹനങ്ങളെ എപ്രകാരമാണ് നാം സ്വീകരിക്കുന്നത്. ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു, ''അവസാനം വരെ സഹിച്ച് നില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കുമെന്ന്.''
6th Monday
ലൂക്കാ 6,43-45
ഫല-വൃക്ഷ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഞാനും എന്റെ ചെയ്തികളും തമ്മിലുളള ബന്ധത്തെ ആത്മശോദന ചെയ്യാനാണ് ഇന്നത്തെ വചനഭാഗം ആവശ്യപ്പെടുന്നത്. നല്ല വൃക്ഷം നല്ല ഫലങ്ങള്‍ മാത്രമാണ് കായ്ക്കുന്നതെങ്കില്‍ എന്റെ ജീവിത ഫലത്തില്‍ നിന്ന് എന്നെ തിരിച്ചറിയാമെന്ന്. ചുരുക്കത്തില്‍ ഞാന്‍ നല്ലവനാണ് എന്ന് പറഞ്ഞ് നടക്കുന്നതിന് പകരം നല്ല ഫങ്ങള്‍ സമ്മാനിച്ചാല്‍ മതി ദൈവരാജ്യം സ്വന്തമാക്കാന്‍.
6th Tuesday
മത്താ 9,18-26
സൗഖ്യം സ്വന്തമാക്കന്‍ ഞാന്‍ എന്തു ചെയ്യണം എന്നതാണ് ഇന്നത്തെ വചനഭാഗത്തിന്റെ കാതലായ ധ്യാനചിന്ത. സൗഖ്യത്തന് വേണ്ടി ക്രിസ്തു എന്നെ സ്പര്‍ശിച്ചാല്‍ മതി. പക്ഷെ, എന്റെ സൗഖ്യത്തിന് വേണ്ടി ക്രിസ്തു എന്നെ സ്പര്‍ശിക്കാന്‍ മറന്ന് പോയാലും ഞാന്‍ ക്രിസ്തുവിനെ സ്പര്‍ശിച്ചാലും എനിക്ക് സൗഖ്യം ലഭിക്കും എന്നതാണ് രക്തശ്രാവക്കാരി എന്നെ ഓര്‍മ്മപ്പെടുത്തുന്നത്. ഞാന്‍ ക്രിസ്തുവിനെ സ്പര്‍ശിക്കാന്‍ തയ്യാറാണോ?
6th Wednesday
മത്താ 24,37-44
'ജാഗ്രത'യുടെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനചിന്ത. ജാഗ്രത = ഉറക്കത്തിലും ഉണര്‍വ്വ് കാത്തുസൂക്ഷിക്കുക. പ്രതീക്ഷിക്കാത്ത മണിക്കൂറില്‍ മനുഷ്യപുത്രന്‍ ആഗതനാകുമ്പോള്‍ ഉണര്‍വ്വ് കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ മാത്രമെ ദൈവരാജ്യത്തിന്റെ തീന്‍മേശയില്‍ വിരുന്നിനണയാന്‍ സാധിക്കു.
6th Thursday
മത്താ 12,46-50
പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റുന്നവര്‍ ആരൊക്കെയാണ് എന്ന് കാണിച്ചു തരുന്ന വചനഭാഗമാണ് ഇന്നത്തെ വിചിന്തന വിഷയം. ക്രിസ്തുവിന്റെ സഹോദരനും സഹോദരിയും അമ്മയും ആകാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട രണ്ട് കാര്യങ്ങള്‍; 1. പിതാവായ ദൈവത്തിന്റെ ഹിതം തിരിച്ചറിയുക. 2. തിരച്ചറിഞ്ഞ ഹിതത്തിനനുസരിച്ച് ജീവിത്തെ ക്രമപ്പെടുത്തുക.
6th Friday
യോഹ 15,18-25
ആത്മീയലോകത്തിന്റെയും ഭൗതീകലോകത്തന്റെയും സവിശേഷ സ്വഭാവം വ്യക്തമാക്കുന്ന വചനഭാഗമാണ് ഇന്നത്തെ വിചിന്തന വിഷയം. ഭൗതീകലോകം ഈ ലോകത്തിലുളളവയെ സ്‌നേഹിക്കുന്നു, ആത്മീയ ചിന്തകളെ വെറുക്കുന്നു. ഈ ലോകം നശ്വരമാണ്; ആത്മീയ ലോകമാകട്ടെ എന്നും നില നില്‍ക്കുന്നതും നിത്യജീവന്റെ സന്തോഷം സമ്മാനിക്കുന്നതും.
6th Saturday
ലൂക്കാ 21,5-6,20-24
യുഗാന്ത്യചിന്തയാണ് ഇന്നത്തെ വിചിന്തനവിഷയം. കാലത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞ് ജീവിതത്തെ ക്രമപ്പെടുത്തുന്നവര്‍ക്ക് മാത്രമെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കു. സ്വന്തമെന്ന് കരുതിയിരുന്നവ കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെടുമ്പോള്‍ പരിഭ്രമിക്കാതെ, പരിഭവിക്കാതെ തമ്പുരാനില്‍ ആശ്രയം വയ്ക്കുക. സഹനങ്ങളുടെ നെരിപ്പോടിലാണ് ദൈവത്തിന് ഇഷ്ടമുളളവരെ വിശുദ്ധീകരിക്കുന്നത്.