EPIPHANY (Denhakalam)

1st Monday
യോഹ 14, 1-6
നമ്മള്‍ യാത്രക്കാരാണ്. പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രയിലാണ് നാം. ക്രിസ്തു നമുക്കായി വാസസ്ഥലങ്ങള്‍ ഒരുക്കുന്നു. ആ വാസസ്ഥലത്തേക്കുള്ള വഴിയും അവന്‍ തന്നെ.
1st Tuesday
ലൂക്ക 13, 23-30
നിങ്ങള്‍ അവനൊപ്പം പാനം ചെയ്തിട്ടുണ്ടാവാം. അവന്റെ പന്തികളില്‍ ഇരുന്നിട്ടുണ്ടാകാം... അവന്‍ ഓതിയ പാഠങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തിയില്‍ അനീതിയാണെങ്കില്‍ അകന്ന് പോകാനാണ് അവന്‍ പറയുന്നത്.
1st Wednesday
യോഹ 2, 13-17
ലാഭം സ്വന്തമാക്കുക എന്നത് മാത്രമാണ് കച്ചവടസ്ഥലത്തെ മൂലപ്രമാണം. അവിടെയാണ് അവന്റെ ചാട്ടവാറടികള്‍ മുഴങ്ങിയത്. അത് ദേവാലയത്തിലാണെങ്കിലോ?... ശരീരം ദേവാലയം എന്നാണ് വി. പൗലോസ് പറയുന്നത്.
1st Thursday
ലൂക്ക 7, 11-17
ഒരമ്മയുടെ കണ്ണീര്‍ മരിച്ച മകന് ജീവനിലേക്കുള്ള വഴി തുറന്നു. മാതാപിതാക്കന്മാരുടെ കണ്ണീര്‍ മക്കളെ മരണവഴികളില്‍ നിന്നും ജീവന്റെ വഴികളിലേക്ക് മാറ്റി നടത്തും.
1st Friday
മര്‍ക്കോ 6, 14-29
ആഘോഷത്തിന്റെ ലഹരിയില്‍ മതിമറന്ന രാജാവ് നീതിയുടെ ശബ്ദത്തിന്റെ തലയറുത്തു. ഇന്നും അതിരുവിട്ട ആഘോഷങ്ങളുടെ അവസാനത്തില്‍ എത്ര പ്രവാചകശബ്ദങ്ങളാണ് ഇല്ലാതാകുന്നത്.
1st Saturday
യോഹ 10, 31-39
കല്ലെറിയാനാണ് മനുഷ്യന് എന്നും തിടുക്കം, കാര്യമറിയാനല്ല. പലരും പറയുന്ന പലതും കേട്ട് അവര്‍ക്കൊപ്പം ആവോളം നമ്മളും എറിയും... സൂക്ഷിച്ച് നോക്കണം നമ്മുടെ ഏറ് ചെന്ന് വീഴുന്നത് ദൈവപുത്രന്റെ മേലാണ്.
2nd Monday
യോഹ 17, 20-26
ശിഷ്യര്‍ക്ക് വേണ്ടിയുള്ള ഗുരുവിന്റെ പ്രാര്‍ത്ഥന അവര്‍ എന്നും ഒന്നായിരിക്കാന്‍ വേണ്ടിയാണ് എന്നാല്‍ ശിഷ്യന്റെ ആഗ്രഹം ഒന്നായിരുന്നില്ലെങ്കിലും സ്വന്തം കാര്യം നന്നായിരിക്കണം എന്ന് മാത്രമാണെങ്കിലോ?
2nd Tuesday
യോഹ 15, 1-10
തായ്തണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശാഖകളാണ് ഫലം ചൂടുന്നത് മുറിച്ച് മാറ്റപ്പെട്ടവയ്ക്ക് ഫലമേകാനാവില്ല. തമ്പുരാനോട് ചേര്‍ന്ന് നില്‍ക്കാത്തവന്റെയും അവസ്ഥ ഇതുതന്നെയാണ്. പുറത്തെറിയപ്പെട്ടാല്‍ കരിയും എന്നത് ഉറപ്പ്. കാരണം കാലമതാണ്.
2nd Wednesday
യോഹ 25, 15-19
മൂന്നുപ്രാവശ്യം തള്ളിപറഞ്ഞവനോട് മൂന്നു പ്രാവശ്യം സ്‌നേഹം കൂടുന്ന യേശു. നീ അകലും തോറും നിന്നോട് അടുക്കാന്‍ ആഗ്രഹിക്കുന്ന ദൈവസ്‌നേഹത്തിന് ഇതിലും കൂടുതല്‍ തെളിവ് എന്തിന്?
2nd Thursday
മര്‍ക്കോ 4, 35-41
ചില കൊടുങ്കാറ്റുകള്‍ നല്ലതിനാണ്. നമ്മിലെ ഉറക്കത്തിലാഴ്ന്ന ദൈവസാന്നിധ്യത്തെ ഉണര്‍ത്താന്‍ അത് ഉപകരിക്കും. പതിവിന് വിപരീതമായി പരീക്ഷാകാലത്ത് കൂടുതല്‍ പ്രാര്‍ത്ഥനക്ക് സമയം കണ്ടെത്തുന്ന വിദ്യാര്‍ത്ഥി അതിന് ഉദാഹരണം.
2nd Friday
മത്താ 6, 13-19
ആളുകള്‍ പലതും പറയും കാരണം അവര്‍ക്ക് യേശുവിനെ അറിയില്ല. എന്നാല്‍ നീ അവന്റെ കൂടെ നടക്കുന്നവനാണ് നിനക്ക് അവന്‍ ആരാണ് എന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണ്.
2nd Saturday
മര്‍ക്കോ 1, 21-28
അവന്റെ വാക്കുകള്‍ ആധികാരികമായിരുന്നു. അത് യഹൂദരെ അത്ഭുതപ്പെടുത്തി കാരണം പറയുക മാത്രമല്ല പ്രവര്‍ത്തിക്കുക കൂടി അവന്‍ ചെയ്തു. എന്റേതോ?
3rd Monday
ലൂക്ക 12, 4-12
ഭയം നമ്മുടെ സാക്ഷ്യത്തെ വികലമാക്കരുത്. മനുഷ്യപ്രീതിയല്ല ദൈവതിരുമുമ്പിലെ വിലയാണ് നമുക്ക് പ്രധാനം. കുരുവികളേക്കാള്‍ നമുക്ക് വിലയുണ്ടെന്നും നമ്മുടെ തലമുടിയിഴകളുടെ എണ്ണം അവന്റെ കയ്യിലുണ്ട് എന്നും പറയുമ്പോള്‍ പിന്നെ നാം എന്തിന് ഭയപ്പെടണം.
3rd Tuesday
യോഹ 17, 6-11
ലോകത്തിലായിരിക്കുന്ന ശിഷ്യര്‍ക്ക് വേണ്ടി ക്രിസ്തു പ്രാര്‍ത്ഥിക്കുന്നത് അവര്‍ ഒന്നായിരിക്കണം എന്നാണ്. കാരണം പരസ്പരസ്‌നേഹമാണ് ക്രൈസ്തവന്റെ തിരിച്ചറിവടയാളം. നമുക്ക് ഒന്നായിരിക്കാം ക്രിസ്തുവിനെപ്രതി.
3rd Wednesday
യോഹ 12, 27-33
മരണനേരത്തെക്കുറിച്ച് പറയുമ്പോള്‍ ക്രിസ്തു ആനന്ദിച്ചിരുന്നത് പിതാവില്‍ ശരണം വച്ചുകൊണ്ടാണ്. ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും ദൈവപിതാവുമായുള്ള ബന്ധത്തില്‍ വീഴ്ച വരുത്താതെ തുടരാന്‍ ഈ തിരുവചനം നമ്മെ പ്രേരിപ്പിക്കുന്നു.
3rd Thursday
മര്‍ക്കോ 10, 17-22
കൈയ്യില്‍ ഉള്ളത് ഒന്നും നഷ്ടപ്പെടുത്താതെ സ്വര്‍ഗ്ഗരാജ്യം നേടാന്‍ വന്ന ചെറുപ്പക്കാരനാണ് ഇന്നത്തെ സുവിശേഷഭാഗത്തുള്ളത്. സമ്പാദിച്ച് സമ്പന്നരാകാതെ മറ്റുള്ളവര്‍ക്ക് സമ്മാനിച്ച് സമ്പന്നനാകാന്‍ ഇപ്പോഴും അവനെ പഠിപ്പിക്കുന്നു.
3rd Friday
മത്താ 10, 1-5
ശിഷ്യരെ ദൗത്യം ഏല്‍പ്പിക്കുന്ന ഈശോ. ഒരു ക്രിസ്തു ശിഷ്യന്‍ എന്ന നിലയില്‍ ഈ ഭൂമിയില്‍ നമുക്കും ചില ദൗത്യങ്ങള്‍ ഉണ്ട്. തിരിച്ചറിഞ്ഞ് നിറവേറ്റുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
3rd Saturday
മത്താ 15, 21-28
സ്ഥിരതയാര്‍ന്ന വിശ്വാസത്തിന്റെ മാതൃകയാണ് കാനാന്‍കാരി സ്ത്രീ. അനുകൂലമല്ലാത്ത നിലപാടുകള്‍ ഗുരുവില്‍ നിന്നുണ്ടായപ്പോഴും അവള്‍ ആ ഗുരുവിലുള്ള പ്രതീക്ഷ കൈവിട്ടില്ല. നമ്മുടെ വിശ്വാസത്തിനുള്ള ഉരക്കല്ലാണ് കാനാന്‍കാരി.
4th Monday
ലൂക്ക 5, 12-16
നമുക്ക് ശുദ്ധി നല്‍കാന്‍ ക്രിസ്തുവിന് താത്പര്യമുണ്ട്. എന്നാല്‍ അത് സ്വന്തമാക്കാന്‍ അവന്റെ മുമ്പില്‍ മുട്ടിന്‍ മേല്‍ നിന്ന് കരയാന്‍ നമുക്ക് താത്പര്യമില്ല എന്നതാണ് തടസം.
4th Tuesday
ലൂക്ക 4, 22-30
സെറപ്തായിലെ വിധവ തന്റെ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പ്രവാചകന് നല്‍കി നാമാന്‍ തന്റെ സകല പ്രതാപങ്ങളും വിട്ട് പ്രവാചകന്റെ മുമ്പില്‍ കരംകൂപ്പി...അപ്പോള്‍ ദൈവം ഇടപെട്ടു. നമ്മള്‍ വെട്ടിപിടിച്ചതും കെട്ടിപിടിക്കുന്നതും നമുക്ക് തന്നെ തടസമാകരുത് എന്ന് സാരം.
4th Wednesday
യോഹ 10, 1-6
ഇടയന്റെ സ്വരം ശ്രവിക്കുന്ന ആടുകളാണ് ഇടയന്റെ കൂടെ നടക്കുന്നത്. ഇടയന്റെ ശബ്ദം കേള്‍ക്കാനാകാത്തവിധം നമ്മുടെ കാത് അടഞ്ഞുവോ? മറ്റ് ശബ്ദങ്ങളില്‍ ഇടയന്റെ ശബ്ദം പതിഞ്ഞ് പോയോ എന്ന് ചിന്തിക്കാം.
4th Thursday
യോഹ 1, 35-42
വന്ന് കാണുക എന്ന് ധൈര്യത്തോടെ പറയാന്‍ ക്രിസ്തുവിന് കഴിഞ്ഞത് അവന്റെ ജീവിതം അത്ര സുതാര്യമായതിനാലാണ്. അത് കണ്ടവര്‍ അവന്റെ പ്രവര്‍ത്തികള്‍ക്ക് ഒപ്പം കൂടി. വന്ന് കാണുക എന്ന് നമുക്കും പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
4th Friday
മത്താ 23, 34-39
ചരിത്രം മുഴുവന്‍ ക്രിസ്തുസന്ദേശത്തിന് സാക്ഷ്യം വഹിച്ചവര്‍ അനുഭവിക്കേണ്ടി വന്ന വലിയ പീഢനനങ്ങളുടെ നീണ്ട കഥയുണ്ട്. പീഢനങ്ങള്‍ തിമിര്‍ത്താടിയിടങ്ങളില്‍ സഭ തഴച്ചുവളര്‍ന്നു എന്നതാണ് ചരിത്രം. വിശ്വാസത്തിനായ് ഏല്‍ക്കുന്ന പീഢനങ്ങള്‍ ക്രിസ്തുശിഷ്യന്റെ അലങ്കാരമാണെന്ന് മറക്കാതിരിക്കാം.
4th Saturday
യോഹ 8, 39-47
പൂര്‍വ്വീകരുടെ പാരമ്പര്യത്തിലും വിശ്വാസപൈതൃകത്തിലും ഊറ്റം കൊള്ളാന്‍ നമുക്ക് താത്പര്യമാണ് യഹൂദരെപ്പോലെ എന്നാല്‍ വരും തലമുറക്ക് നമ്മില്‍ നിന്നും എന്ത് മാതൃക എന്ന് ചിന്തിച്ചാല്‍ ഉത്തരമില്ല.
5th Monday
യോഹ 5, 41-47
മനുഷ്യരില്‍ നിന്ന് മഹത്വം സ്വീകരിക്കാത്ത കര്‍ത്താവ് കാരണം അതിലെ അധരസേവയുടെ അപകടം അവന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നമ്മളുടേതോ? തന്നെതന്നെ ഉയര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് നാം.
5th Tuesday
മര്‍ക്കോ 3, 7-12
ആരാധക വൃന്ദത്തിന്റെ ആവേശത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ ഒരു വള്ളത്തില്‍ കടലിലോട്ടിറങ്ങി. ആരാധകവൃന്ദത്തിന്റെ ആവേശത്തില്‍ മുഴുകാന്‍ നമ്മള്‍ വള്ളത്തില്‍ നിന്ന് ചാടാനും തയ്യാറാണ്.
5th Wednesday
മത്താ 12, 15-21
പ്രചാരണങ്ങള്‍ ആവശ്യമില്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ കടന്നുപോയി. ഇന്ന് അവന്റെ മുഖചിത്രത്തോടൊപ്പം നമ്മുടെ ചിത്രവും പതിച്ച് ഉയര്‍ത്താനാണ് നമുക്ക് താത്പര്യം.
5th Thursday
മര്‍ക്കോ 9, 33-37
വലിയവരാകാനും അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാനുമുള്ള തിടുക്കത്തിലാണ് നമ്മള്‍. നമ്മുടെ മുമ്പിലും അവന്‍ ഒരു കുഞ്ഞിനെ പിടിച്ച് നിര്‍ത്തുന്നുണ്ട് ഇതുപോലെ ആകാന്‍ പറഞ്ഞുകൊണ്ട്.
5th Friday
മത്താ 5, 1-12
ലോകം വിലകെട്ടത് എന്ന് കരുതുന്ന പലതും ക്രിസ്തുവിന്റെ വീക്ഷണത്തില്‍ അമൂല്യമായി തീരുന്നതാണ് മലയിലെ പ്രസംഗത്തില്‍ നാം കാണുന്നത്. കാരണം അവയെല്ലാം ക്രിസ്തുവിനെ പ്രതി ആയിരുന്നു.
5th Saturday
ലൂക്ക 11, 14-23
ക്രിസ്തു ചെയ്ത പ്രവര്‍ത്തികളില്‍ ഒന്നിലും നന്മകാണാതെ അതിലെ തിന്മ കണ്ടുപിടിക്കാനാണ് യഹൂദര്‍ പരിശ്രമിച്ചത്. നമ്മുടെ സ്വഭാവവും ചിലപ്പോള്‍ അങ്ങനെയാണ്.
6th Monday
മര്‍ക്കോ 3, 13-19
ഗുരു ഇഷ്ടപ്പെട്ട് വിളിച്ച് കൂടെ നടത്തിയവര്‍ക്കെല്ലാം കഷ്ടപ്പാടായിരുന്നു. ജീവിതകാലം മുഴുവന്‍. നമ്മുടെ കഷ്ടപ്പാടുകള്‍ അവന്റെ ഇഷ്ടപെടലിന്റെ തെളിവാണെങ്കിലോ?
6th Tuesday
യോഹ 9, 35-39
കാഴ്ച തന്നവനെ തിരിച്ചറിയാതെ പോകുന്ന കുരുടന്റെ കഥ. നമ്മുടെ പകര്‍പ്പാണ് അനുഗ്രഹങ്ങള്‍ ആവോളം അനുഭവിച്ചിട്ടും അവനെ തിരിച്ചറിയാതിരിക്കുന്ന നമ്മള്‍.
6th Wednesday
യോഹ 8, 31-38
പാപം ചെയ്തവന്‍ പാപത്തിന്റെ അടിമയാണ്. അത് നമ്മുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു. സത്യത്തിന് മാത്രമേ സ്വാതന്ത്ര്യം നല്‍കാനാകൂ. അത് ക്രിസ്തുവാണ്.
6th Thursday
ലൂക്ക 13, 10-17
നിയമത്തിന്റെ നൂലാമാലകളില്‍ സമൂഹത്തെയും, കുടുംബത്തേയും വ്യക്തിജീവിതത്തെയും കുരുക്കിയെടുക്കാന്‍ നമുക്ക് താത്പര്യമാണ് അതിനിടയില്‍ തളര്‍ന്ന് വീഴുന്ന നന്മയെ നമ്മള്‍ കാണാതിരിക്കുന്നു.
6th Friday
മത്താ 16, 24-28
ചുറ്റുമുള്ളത് മുഴുവന്‍ വെട്ടിപിടിക്കാനുള്ള കഠിനപരിശ്രമത്തിലാണ് മനുഷ്യന്‍. അതിനിടയില്‍ വിലപെട്ട പലതും നഷ്ടമാകുന്നു. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ പിന്നെ എന്ത് ഫലം?
6th Saturday
മത്താ 23, 1-12
അര്‍ഹതയില്ലാത്ത അംഗീകാരത്തേയും കവര്‍ന്നെടുക്കാനാണ് നമുക്ക് താത്പര്യം എന്നാല്‍ യേശു പഠിപ്പിക്കുന്നത് എളിമയുടെ പാഠമാണ്.
7th Monday
മാര്‍ക്കോ 13, 32-37
ജാഗരൂകരായിരിക്കുക. നാം വിധിയുടെ വാക്ക് കേള്‍ക്കാന്‍ അവന്റെ മുമ്പില്‍ നില്‍ക്കേണ്ട സമയം എപ്പോഴാണെന്ന് നമുക്ക് അറിയില്ല. അതിനാല്‍ ഒരുക്കമുള്ളവരാകാം.
7th Tuesday
ലൂക്ക 14, 25-35
വലിയ വിലയുള്ളതാണ് ശിഷ്യത്വം. അതിനാല്‍ അവന്റെ ശിഷ്യനാകാന്‍ വില കൊടുക്കേണ്ടതായിട്ടുണ്ട്. നേടിയാല്‍ മാത്രംപോരാ. അത് ഉറകെടാതെ സൂക്ഷിക്കുക കൂടി വേണം.
7th Wednesday
മര്‍ക്കോ 10, 35-45
ശുപാര്‍ശകൊണ്ട് ഇടംവലം സ്ഥാനം നേടാമെന്നാണ് സെബദീപുത്രര്‍ കരുതി, എന്നാല്‍ അത് പ്രവര്‍ത്തിയാല്‍ നേടേണ്ടതാണ് എന്ന് തമ്പുരാന്‍ തിരുത്തി.
7th Thursday
ലൂക്ക 5, 33-39
ആത്മീയതയുടെ അനുഷ്ഠാനങ്ങളെ അളവുകോലുകൊണ്ട് അളക്കരുത്. യേശുവിന്റെ ആഴവും പരപ്പും ഓരോരുത്തരും ഉള്‍ക്കൊള്ളുന്നത് പല അളവുകളിലാണ്. അവിടെ താരതമ്യത്തിന് പ്രസക്തിയില്ല.
7th Friday
മര്‍ക്കോ 34-38
സാക്ഷ്യം നല്‍കാന്‍ ലജ്ജിക്കാതിരിക്കാം. നമ്മുടെ കടമ അതാണല്ലോ. അപ്പോള്‍ നമ്മെ രൂപപ്പെടുത്തിയതിനെ ഓര്‍ത്ത് അവനും ലജ്ജിക്കാന്‍ ഇടവരില്ല.
7th Saturday
മത്താ 11, 20-24
അപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കിയ വ്യക്തികള്‍ മാനസാന്തരപെടാത്തതില്‍ അവയെ ശാസിക്കാന്‍ തുടങ്ങി...അത് നമ്മെക്കുറിച്ചാണ്.
8th Monday
മത്താ 9, 18-26
ക്രിസ്തുവിനെ സ്പര്‍ശിച്ച രക്തസ്രാവക്കാരിയും ക്രിസ്തു സ്പര്‍ശിച്ച ബാലികയും സൗഖ്യം നേടി. അവനോട് സ്പര്‍ശനത്തില്‍ ആയിരിക്കുക എന്നുള്ളതാണ് അവന്റെ കൃപ നമ്മിലേക്ക് ഒഴുകാനുള്ള വഴി.
8th Tuesday
മത്താ 24, 37-44
അപ്രതീക്ഷിതമായ മണിക്കൂറിലാണ് അവന്‍ വരുക. ഏത് സമയവും അവന്റെ മുഖം ദര്‍ശിക്കാന്‍ ഒരുക്കമുള്ളവരായിരിക്കുക. ഇന്നലെ കണ്ട ചിലരെ ഇന്ന് കാണുന്നില്ല എന്ന സത്യം കൂടെ ആകുമ്പോള്‍ ചിത്രം പൂര്‍ണം. ജാഗരൂകരായിരിക്കുവിന്‍.
8th Wednesday
യോഹ 4, 27-38
അയച്ചവന്റെ ഇഷ്ടം നിവര്‍ത്തിക്കുകയാണ് എന്റെ ഭക്ഷണം. പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടവനാണ് താന്‍ എന്ന് ആദ്യം വെളിപ്പെടുത്തിയവന്‍ തന്നെയാണ് ഇത്. തമ്പുരാന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാകാം നമുക്ക്.
8th Thursday
ലൂക്കാ 6, 37-42
പരിശീലിക്കാത്തതിനെ പഠിപ്പിക്കാനും പ്രവര്‍ത്തിക്കാത്തതിനെ പ്രഖ്യാപിക്കാനുമാണ് എല്ലാവര്‍ക്കും തിടുക്കം. തടികഷ്ണം സൂക്ഷിച്ച് മരത്തരി മാറ്റാം എന്ന് പറയുന്നവനെപ്പോലെ. ആദ്യം നമുക്ക് തടിക്കഷ്ണം മാറ്റാം നമ്മുടെ കണ്ണില്‍ നിന്നും കാഴ്ച കിട്ടാന്‍.
8th Friday
മത്താ 25, 14-23
നിരവധി താലന്തുകളാല്‍ അനുഗ്രഹീതരാണ് നമ്മള്‍ എന്നാല്‍ അവ ഉപയോഗപ്പെടുത്താതെ കുഴിച്ച് മൂടാനാണ് നമുക്ക് താത്പര്യം. കണക്ക് കൊടുക്കേണ്ടിവരുമ്പോള്‍ ഒഴിഞ്ഞ കൈയ്യോടെ അവന്റെ മുമ്പില്‍ നില്‍ക്കുക എന്നത് ദുസഹമാണ്.
8th Saturday
മത്താ. 15, 29-31
യേശുവിന്റെ പ്രവര്‍ത്തികള്‍ കണ്‍മുമ്പില്‍ അത്ഭുതമായി വിരിഞ്ഞപ്പോള്‍ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി. അനുദിനം ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെട്ട് അത്ഭുതങ്ങള്‍ സമ്മാനിച്ചിട്ടും നമ്മള്‍ അത് കാണുന്നില്ല...മനസിലാക്കുന്നില്ല.