അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 24
ആദിമാതാപിതാക്കളായ ആദവും ഹവ്വയും

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. പിന്നീട് വെളിച്ചത്തെ സൃഷ്ടിച്ചു. പകലിനെയും രാത്രിയെയും വേര്‍തിരിച്ചു. കരയും കടലും സൃഷ്ടിച്ചു. ഇങ്ങനെ സകല സൃഷ്ടികള്‍ക്കുമൊടു വില്‍ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. അങ്ങനെ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായിരുന്നു ആദം. മണ്ണ് എന്നര്‍ഥമുള്ള 'അദമാ' എന്ന ഹീബ്രുപദത്തില്‍ നിന്നാണ് ആദം എന്ന പേരുണ്ടായത്. 'മണ്ണില്‍ നിന്നെടുത്തവന്‍, 'മണ്ണു കൊണ്ടു നിര്‍മിക്കപ്പെ ട്ടവന്‍' എന്നിങ്ങനെയൊക്കെ ഈ പേരിനു അര്‍ഥം കൊടുക്കാം. കര്‍ത്താവായ ദൈവം, ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായി തീര്‍ന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ടാണ് ദൈവം സ്ത്രീയെ സൃഷ്ടിക്കുന്നത്. ആദമിന്റെ ഒരു വാരിയെല്ലെടുത്ത് ദൈവം ഹവ്വയെ സൃഷ്ടിച്ചു. എല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയുമുള്ള ഏദന്‍തോട്ടത്തില്‍ അവര്‍ ജീവിച്ചു. തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ നിന്നുമാത്രം ഫലം ഭക്ഷിക്കരുതെന്നു ദൈവം അവരോടു കല്പിച്ചു. എന്നാല്‍, സാത്താന്റെ പ്രലോഭനത്തിനു വഴങ്ങി അവര്‍ ഫലം ഭക്ഷിച്ചു. ഇതിന്റെ ശിക്ഷയായി ദൈവം ഇരുവരെയും ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി. സ്വര്‍ഗ വാതില്‍ അവര്‍ക്കെതിരായി അടച്ചു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. അങ്ങനെ അവരുടെ ഭൂമിയിലെ ജീവിതം ആരംഭിച്ചു. ദൈവത്തിന്റെ ശാപം തലമുറകള്‍ പിന്നിട്ട് മനുഷ്യവര്‍ഗം മുഴുവന്‍ അനുഭവിക്കുന്നു. ഒരോ മനുഷ്യനും ജനിച്ചുവീഴുന്നത് പാപിയായാ ണെന്നും ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതോടെയേ 'ഉത്ഭവപാപം ഇല്ലാതാകുന്നുള്ളുവെന്നുമാണു ക്രൈസ്തവ വിശ്വാസം. ജീവനുള്ളതിന്റെയെല്ലാം അമ്മയായി ഹവ്വ അറിയപ്പെടുന്നു. നരനില്‍ നിന്ന് എടുക്കപ്പെട്ടതിനാല്‍ നാരി. ഇരുവരുടെയും കഥ ബൈബിളിലെ ആദ്യ പുസ്തകമായ ഉത്പത്തിയുടെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇവരുടെ മക്കളായ കായേലിന്റെയും ആബേലിന്റെയും കഥയും ബൈബിളില്‍ വായിക്കാം. ആദത്തിന്റെയും ഹവ്വയുടെയും ജീവിതത്തിനു ബൈബിളല്ലാതെ മറ്റു തെളിവുകളൊന്നുമില്ല. യഹൂദ, ഇസ്‌ലാമിക വിശ്വാസികളും ക്രൈസ്തവരും ഇവരെ ആദിമാതാപിതാക്കളായി കാണുന്നു.
Curtsy : Manuel George @ Malayala Manorama