അനുദിനവിശുദ്ധര്‍ : ജൂണ്‍ 1
രക്തസാക്ഷിയായ വി. ജസ്റ്റിന്‍ (103-167)

ഒരു സത്യാന്വേഷകനായിരുന്നു ജസ്റ്റിന്‍. പ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പഠിക്കാനായി തന്റെ ജീവിതം മാറ്റിവച്ച ഈ വിശുദ്ധന്‍ ഒടുവില്‍ യേശുവിന്റെ അനുയായി ആയി മാറുകയും യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിക്കെ എന്ന പ്രദേശത്താണ് ജസ്റ്റിന്‍ ജനിച്ചത്. സോക്രട്ടീസ്., പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ചിന്തകരുടെ പുസ്തകങ്ങള്‍ പഠിച്ച് സൃഷ്ടാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കുകയായിരുന്ന ജസ്റ്റിന് പക്ഷേ, അവനെ തൃപ്തിപ്പെടുത്തുന്ന ഉത്തരമൊന്നും ആ ഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം വി.ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. തന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവന് വി.ഗ്രന്ഥത്തില്‍ നിന്നു ലഭിച്ചു. ദൈവത്തിനു വേണ്ടി രക്തസാക്ഷിയായി മാറിയവരുടെ കഥകള്‍ അവനെ ആകര്‍ഷിച്ചു. മുപ്പതാം വയസില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് അവന്‍ ക്രിസ്തുവിന്റെ അനുയായി ആയി മാറി. താന്‍ എന്തുകൊണ്ട് യേശുവിന്റെ മാര്‍ഗത്തിലൂടെ ജീവിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചു. പിന്നീട് പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് ആളുകളെ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. വി.കുര്‍ബാനയില്‍ യേശുവിന്റെ മാംസവും രക്തവുമായി കണക്കാക്കി അപ്പവും വീഞ്ഞും കൊടുക്കുന്നതിനപ്പറ്റി തെറ്റിധരിച്ച് ക്രൈസ്തവരെ കൊലയാളികളാക്കി ചിത്രീകരിക്കാന്‍ അക്കാലത്ത് ചില വിജാതീയര്‍ ശ്രമിച്ചു. ക്രിസ്ത്യാനികള്‍ അവരുടെ രഹസ്യയോഗങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് അതിന്റെ മാംസവും രക്തവും കഴിക്കുകയാണ് എന്നായിരുന്നു അവര്‍ പറഞ്ഞു പ്രചരിപ്പിച്ചത്. ഇത്തരം ആരോപണങ്ങളെയെല്ലാം താത്വികമായി നേരിടാനും ക്രിസ്തീയ ആചാരങ്ങളെ വ്യക്തമായി വിവരിക്കുവാനും ജസ്റ്റിന് ശ്രമിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. എന്നാല്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രവര്‍ത്തി ജസ്റ്റിനെ തടവിലാക്കി. ജസ്റ്റിനെ റോമന്‍ ന്യായാധിപന്‍ വിചാരണ ചെയ്യുന്നത് വായിച്ചിരിക്കുന്നത് നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ന്യായാധിപന്‍ ജസ്റ്റിനോട് റോമന്‍ ദൈവത്തെ ആരാധിക്കുവാനും ചക്രവര്‍ത്തിയെ അനുസരിക്കാനും കല്‍പിച്ചു. ജസ്റ്റിന്‍ പറഞ്ഞു: ''ഞങ്ങളുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുന്നതിന്റെ പേരില്‍ ഞങ്ങളെ തടവിലാക്കാനോ ശിക്ഷിക്കുവാനോ താങ്കള്‍ക്ക് അധികാരമില്ല.'' ന്യായാധിപന്‍: ''എന്താണ് നിങ്ങളുടെ ദൈവം പഠിപ്പിക്കുന്നത്?'' ജസ്റ്റിന്‍: ''ഞാന്‍ എല്ലാ തത്വജ്ഞാനികളുടെ ചിന്തകളും പഠിച്ചിട്ടുള്ളവനാണ്. എന്നാല്‍, സത്യം അവിടെയൊന്നുമല്ല, അത് യേശുവിലാണ് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.'' ന്യായാധിപന്‍: എന്താണ് സത്യമെന്നാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ജസ്റ്റിന്‍: ''ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുക. അവിടുന്നാണ് നാം കാണുന്നതും കാണാത്തതുമായ സര്‍വതും സൃഷ്ടിച്ചത്. മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിലും വിശ്വസിക്കു.'' ന്യായാധിപന്‍: ''നീ ഒരു ക്രിസ്ത്യാനിയാണോ?'' ജസ്റ്റിന്‍: ''തീര്‍ച്ചയായും.'' ന്യായാധിപന്‍: ''നിന്നെ തലയറുത്ത് കൊലപ്പെടുത്തിയാല്‍ നീ സ്വര്‍ഗത്തിലേക്ക് പോകുമെന്ന് നിനക്കു തോന്നുന്നുണ്ടോ?'' ജസ്റ്റന്‍: ''അതൊരു തോന്നലല്ല. സത്യമാണ്. ഞാന്‍ യേശുവിന്റെ നാമത്തില്‍ പീഡകള്‍ സഹിച്ച് കൊല്ലപ്പെട്ടാല്‍ എനിക്കു സ്വര്‍രാജ്യത്തില്‍ പ്രവേശിക്കാനാകുമെന്ന് ഉറപ്പുണ്ട്.'' ജസ്റ്റിനും ന്യായാധിപനുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം ഒരു ഗ്രന്ഥമായി എഴുതപ്പെട്ടിട്ടുണ്ട്. എ.ഡി. 165ലാണ് ജസ്റ്റിനെ റോമന്‍ പടയാളികള്‍ കൊലപ്പെടുത്തിയത്.
Curtsy : Manuel George @ Malayala Manorama